സുകൃതത്തിന് ഫണ്ടില്ല; നിര്‍ധനരുടെ ചികില്‍സ അനിശ്ചിതത്വത്തില്‍

പി എം അഹ്മദ്
കോട്ടയം: കോടികള്‍ ചെലവഴിച്ച് സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാംവാര്‍ഷികം കെങ്കേമമായി ആഘോഷിക്കുമ്പോഴും സുകൃതം പദ്ധതി പ്രകാരമുള്ള ഫണ്ട് അനുവദിക്കാത്തതിനാല്‍ നിര്‍ധനരായ കാന്‍സര്‍ രോഗികളുടെ ചികില്‍സ അനിശ്ചിതത്വത്തില്‍.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള കേരള കാന്‍സര്‍ സൊസൈറ്റി നിയന്ത്രിക്കുന്ന സുകൃതം പദ്ധതിപ്രകാരം സംസ്ഥാന സര്‍ക്കാര്‍ കോടിക്കണക്കിനു രൂപയാണ് വിവിധ ഫാര്‍മസികള്‍ക്കു കുടിശ്ശികയിനത്തില്‍ നല്‍കാനുള്ളത്. ഇതോടെ സംസ്ഥാനത്തെ നിര്‍ധനരായ കാന്‍സര്‍ രോഗികളുടെ ചികില്‍സയ്ക്കായി സുകൃതം പദ്ധതിപ്രകാരം ലഭ്യമാക്കിയിരുന്ന മരുന്നുകള്‍ യാതൊരു മുന്നറിയിപ്പും കൂടാതെ വിതരണം ചെയ്യുന്നത് ഫാര്‍മസികള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.
തിരുവനന്തപുരം റീജ്യനല്‍ കാന്‍സര്‍ സെന്റര്‍, മലബാര്‍ കാന്‍സര്‍ സെന്റര്‍, തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രികള്‍, എറണാകുളം ജനറല്‍ ആശുപത്രി എന്നിവ വഴിയാണ് സുകൃതം പദ്ധതിപ്രകാരം ചികില്‍സ ലഭ്യമാക്കുന്നത്. ഇതില്‍ പല ആശുപത്രികളിലും രണ്ടുവര്‍ഷത്തിലധികമായി തുക കുടിശ്ശികയാണ്. കാരുണ്യ ഫാര്‍മസി വഴിയും ആശുപത്രികളിലെ ഫാര്‍മസി വഴിയുമായിരുന്നു മരുന്നുകള്‍ അനുവദിച്ചിരുന്നത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി കോംപൗണ്ടിലെ കാരുണ്യ ഫാര്‍മസിയില്‍ ഒരുവര്‍ഷത്തിലധികമായി തുക നല്‍കിയിട്ട്.
രണ്ടുകോടിയിലധികം രൂപയാണ് ഇവിടെ മാത്രം കുടിശ്ശിക. ഇവിടെ ഒരുമാസം മുമ്പു തന്നെ കാരുണ്യ ഫാര്‍മസിയില്‍ സുകൃതം പദ്ധതി ഗുണഭോക്താക്കള്‍ക്ക് മരുന്നു നല്‍കിയിരുന്നില്ല. മെയ് 14 മുതല്‍ കോട്ടയം മെഡിക്കല്‍ കോളജ് ഫാര്‍മസിയിലും മരുന്നുകള്‍ നല്‍കുന്നില്ല. കോട്ടയം മെഡിക്കല്‍ കോളജില്‍ നാലുകോടിയിലധികം രൂപയാണ് സുകൃതം പദ്ധതിപ്രകാരം മരുന്നു നല്‍കിയ ഇനത്തില്‍ ഫാര്‍മസികള്‍ക്കു ലഭിക്കാനുള്ളത്. കോട്ടയം മെഡിക്കല്‍ കോളജ്
ആഴ്ചയിലൊരിക്കല്‍, രണ്ടാഴ്ച കൂടുമ്പോള്‍, മൂന്നാഴ്ച കൂടുമ്പോള്‍, ഒരുമാസം എന്നിങ്ങനെ വിവിധ തരത്തിലാണ് രോഗികള്‍ ഇവിടെ ചികില്‍സയ്‌ക്കെത്തുന്നത്. ഓരോ തവണയും 45,000 മുതല്‍ 65,000 രൂപ വരെ വിലയുള്ള മരുന്നുകളാണ് രോഗികള്‍ക്ക് ആവശ്യമായി വരുന്നത്. അപ്രതീക്ഷിതമായി സുകൃതം പദ്ധതി ആനുകുല്യം ലഭിക്കാതെ വന്നതുമൂലം കഴിഞ്ഞ 10 ദിവസമായി പലരുടെയും ചികില്‍സ മുടങ്ങിയിരിക്കുകയാണ്.
എറണാകുളം, ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ നിന്ന് ദീര്‍ഘദൂരം യാത്ര ചെയ്ത് ആശുപത്രിയിലെത്തി മണിക്കൂറുകള്‍ ക്യൂവില്‍ നിന്ന് ഡോക്ടറുടെ അടുത്തെത്തുമ്പോഴാണ് സൗജന്യ മരുന്നു ലഭിക്കില്ലെന്ന് രോഗികള്‍ അറിയുന്നത്.
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പൂര്‍ത്തീകരിച്ച കോടികളുടെ പദ്ധതികള്‍ 27ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുകയാണ്. ഈ സമയത്താണ് നിര്‍ധന കാന്‍സര്‍ രോഗികളും കുടുംബങ്ങളും ജീവന്‍ നിലനിര്‍ത്താന്‍ നെട്ടോട്ടമോടുന്നത്. 2004 ഒക്ടോബറില്‍ അന്നത്തെ യുഡിഎഫ് സര്‍ക്കാരാണ് സുകൃതം പദ്ധതി സംസ്ഥാനത്ത് നടപ്പാക്കിയത്. സംസ്ഥാനത്തെ 30 ലക്ഷത്തോളം കാന്‍സര്‍ രോഗികള്‍ക്ക് പദ്ധതി ഗുണകരമാവുമെന്നായിരുന്നു  പറഞ്ഞിരുന്നത്.
Next Story

RELATED STORIES

Share it