Districts

'സീസറുടെ ഭാര്യ സംശയത്തിന് അതീതയായിരിക്കണം'

കൊച്ചി: സീസറുടെ ഭാര്യ സംശയത്തിന് അതീതയായിരിക്കണമെന്ന ഷേക്‌സ്പിയറിന്റെ വാക്കുകളാണ് ബാര്‍ കോഴക്കേസില്‍ മന്ത്രി മാണിയെ വിമര്‍ശിക്കാന്‍ കോടതി ഉപയോഗിച്ചത്.
നീതി നടപ്പാക്കിയതു കൊണ്ടായില്ല, അതു നടപ്പാക്കിയെന്ന തോന്നല്‍കൂടി ഉണ്ടാവണമെന്നാണ് സാമാന്യ തത്വം. ജുഡീഷ്യറി മാത്രമല്ല എക്‌സിക്യൂട്ടീവും ലജിസ്‌ലേച്ചറും നീതി നടപ്പാക്കണം. ഇത്തരമൊരു സാഹചര്യത്തില്‍ മന്ത്രിക്കെതിരായ അന്വേഷണം സത്യസന്ധമാവില്ലെന്ന് ജനം കരുതുന്നതു സ്വാഭാവികമാണ്. പ്രതിയായ മന്ത്രി തല്‍സ്ഥാനത്തു തുടരുമ്പോള്‍ ശരിയായ അന്വേഷണം നടക്കില്ലെന്ന് സാധാരണ ജനങ്ങള്‍ കരുതുന്നു. ബാര്‍ കോഴ കേസില്‍ അഡ്വ. ജനറലിനെ പോലും മറികടന്ന് പുറത്തുനിന്നുള്ള അഭിഭാഷകരുടെ നിയമോപദേശം വിജിലന്‍സ് ഡയറക്ടര്‍ക്ക് തേടേണ്ടിവന്നു. നിയമമന്ത്രി പ്രതിയായതിനാലാണ് അഡ്വക്കറ്റ് ജനറല്‍ അടക്കമുള്ള ഉദ്യോഗസ്ഥരില്‍നിന്നു നിയമോപദേശം തേടാതിരുന്നതെന്നും മറ്റു വിദഗ്ധരില്‍നിന്ന് ഉപദേശം തേടിയതെന്നും വിജിലന്‍സ് തന്നെ സമ്മതിക്കുന്നു.
പുറത്തുനിന്ന് അഭിഭാഷകരുടെ ഉപദേശം തേടാന്‍ എ ജി ഉപദേശിച്ചിരുന്നതിനാല്‍ നിയമോപദേശം തേടുന്നതില്‍ അപാകതയില്ല. എന്നാല്‍, പ്രതിയെ വിചാരണ ചെയ്യാമോ എന്നതിലല്ല നിയമോപദേശം തേടേണ്ടിയിരുന്നത്. പുറത്തുനിന്നു നിയമോപദേശം തേടിയതിന് സാധാരണക്കാരുടെ നികുതിപ്പണം ചെലവഴിക്കേണ്ടതുണ്ടോയെന്നു ചോദിച്ച കോടതി കൂടുതല്‍ പരാമര്‍ശങ്ങള്‍ക്കു മുതിരുന്നില്ലെന്നും പറഞ്ഞു. ഇക്കാര്യങ്ങളെല്ലാം പ്രതിയുടെ മനസ്സാക്ഷിക്കു വിടുന്നുവെന്നും ജ. ബി കെമാല്‍ പാഷ പറഞ്ഞു.
സാക്ഷിമൊഴികളും മറ്റ് തെളിവുകളും വിശദമായി പരിശോധിച്ചാണ് വിജിലന്‍സ് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടത്. കേസിലെ കുറ്റാരോപണങ്ങള്‍ നിലനില്‍ക്കുമോ എന്നതു സംബന്ധിച്ച് സംശയമുള്ളതിനാല്‍ നിയമോപദേശം തേടിയ ഡയറക്ടര്‍ക്ക് ആ ഘട്ടത്തിലെങ്കിലും സ്വതന്ത്രമായി തീരുമാനമെടുക്കാമായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്റെ അന്തിമറിപോര്‍ട്ട് പരിശോധിക്കാതെയാണ് ഡയറക്ടര്‍ സൂക്ഷ്മപരിശോധനാ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്തിമറിപോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചതെന്നും കോടതി വ്യക്തമാക്കി. കോടതിക്കു പോലും തെളിവുകള്‍ വിലയിരുത്താന്‍ ഈ ഘട്ടത്തില്‍ കഴിയില്ല. സംശയത്തിന്റെ ഒരു കണികപോലും ഉണ്ടെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥന് കുറ്റപത്രം സമര്‍പ്പിക്കാവുന്നതാണെന്നും കോടതി പറഞ്ഞു.
Next Story

RELATED STORIES

Share it