സീറ്റ് വിഭജനത്തില്‍ അതൃപ്തി; മാണി യുഡിഎഫ് യോഗത്തിനെത്തിയില്ല

തിരുവനന്തപുരം: യുഡിഎഫില്‍ സീറ്റ് വിഭജനം പൂര്‍ത്തിയായെങ്കിലും ഘടകകക്ഷികളിലെ അതൃപ്തി തുടരുന്നു. സീറ്റ് വിഭജനത്തിലെ അതൃപ്തി വ്യക്തമാക്കി കേരളാ കോണ്‍ഗ്രസ്(എം) ചെയര്‍മാന്‍ കെ എം മാണി യുഡിഎഫ് യോഗത്തില്‍ നിന്നു വിട്ടുനിന്നു. അധിക സീറ്റ് വേണമെന്ന ആവശ്യം അംഗീകരിക്കാത്തതിലും ടെലിഫോണിലൂടെ സീറ്റ് ചര്‍ച്ച നടത്തിയ കോണ്‍ഗ്രസ് നിലപാടില്‍ പ്രതിഷേധിച്ചുമാണ് മാണി യോഗത്തില്‍ നിന്നു വിട്ടുനിന്നത്.
പാര്‍ട്ടിയുടെ പ്രതിഷേധം മാണി ഗ്രൂപ്പ് പ്രതിനിധി ജോയി എബ്രഹാം യോഗത്തില്‍ അറിയിച്ചു. പാര്‍ട്ടിക്ക് അര്‍ഹമായ വിഹിതം ലഭിച്ചില്ലെന്നും സീറ്റ് സംബന്ധിച്ചു തങ്ങളുടെ അവകാശവാദം അതേപടി നിലനില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പൂഞ്ഞാര്‍ സീറ്റ് വിട്ടുകിട്ടാത്തതിന്റെ പേരില്‍ കോട്ടയം ഡിസിസി പ്രസിഡന്റ് ടോമി കല്ലാനിയുടെ പരസ്യപ്രസ്താവനകളിലെ അതൃപ്തിയും ജോയി എബ്രഹാം പങ്കുവച്ചു. എന്നാല്‍, മാണി യോഗത്തില്‍ പങ്കെടുക്കാതിരുന്നതിനു പിന്നില്‍ അതൃപ്തിയാണെന്ന് അറിവില്ലെന്ന് കണ്‍വീനര്‍ പി പി തങ്കച്ചന്‍ വ്യക്തമാക്കി. സീറ്റ് വിഭജനത്തിലും ഫോണ്‍ ചര്‍ച്ചയിലുമുള്ള യാതൊരു അതൃപ്തിയും കേരളാ കോണ്‍ഗ്രസ് യോഗത്തില്‍ പറഞ്ഞിട്ടില്ല. ടോമി കല്ലാനിയുടെ പ്രസ്താവനകളിലെ അതൃപ്തി മാണി വിഭാഗം അറിയിച്ചതായും തങ്കച്ചന്‍ വ്യക്തമാക്കി.
കേരളാ കോണ്‍ഗ്രസ് (ജേക്കബ്) ചെയര്‍മാനായിരുന്ന ജോണി നെല്ലൂരിനു മല്‍സരിക്കാന്‍ വിജയസാധ്യതയുള്ള സീറ്റ് നല്‍കാതിരുന്ന കോണ്‍ഗ്രസ് നടപടിയില്‍ യോഗത്തില്‍ പ്രതിഷേധമുയര്‍ന്നു. ജേക്കബ് വിഭാഗത്തെ പ്രതിനിധീകരിച്ചെത്തിയ സി മോഹനന്‍പിള്ളയാണു പ്രതിഷേധം അറിയിച്ചത്. അദ്ദേഹം ചെയര്‍മാന്‍സ്ഥാനം രാജിവച്ചതിനു കാരണം പാര്‍ട്ടിയിലെ പ്രശ്‌നങ്ങളല്ല. യുഡിഎഫ് അവഗണനമൂലമാണ്. അദ്ദേഹത്തെ മുന്നണിയിലേക്കു മടക്കിക്കൊണ്ടുവരാന്‍ കൂട്ടായ ശ്രമംവേണമെന്നും മോഹനന്‍പിള്ള ആവശ്യപ്പെട്ടു. ഇതിനോട് അനുകൂല സമീപനമാണ് യോഗത്തിലുണ്ടായത്. ഇക്കാര്യത്തില്‍ താന്‍ മുന്‍കൈയെടുക്കുമെന്നു മന്ത്രി കുഞ്ഞാലിക്കുട്ടി യോഗത്തിന് ഉറപ്പുനല്‍കി. വാര്‍ത്താസമ്മേളനത്തില്‍ കണ്‍വീനര്‍ പി പി തങ്കച്ചനും നെല്ലൂരിന് അനുകൂലമായി പ്രതികരിച്ചു.
അതേസമയം, ജോണി നെല്ലൂരിനെ അനുനയിപ്പിക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. യുഡിഎഫ് വിടാനുള്ള തീരുമാനം പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവര്‍ അദ്ദേഹത്തെ ഫോണില്‍ വിളിച്ചു.
Next Story

RELATED STORIES

Share it