സീറ്റ് വിഭജനത്തര്‍ക്കം:ജെ.ഡി.യു. ഇടയുന്നു

കെ അരുണ്‍ലാല്‍

കോഴിക്കോട്:  ജനതാദള്‍ യുവിന്റെ മുന്നണിമാറ്റം കേരള രാഷ്ട്രീയത്തില്‍ വീണ്ടും ചര്‍ച്ചയാവുന്നു. യു.ഡി.എഫിലെ സീറ്റ് വിഭജനത്തില്‍ ജെ.ഡി.യു. അസംതൃപ്തരാണ്. സംസ്ഥാനത്ത് മുഴുവനും തങ്ങളെ തഴഞ്ഞെന്നാണ് ജില്ലാ നേതൃത്വങ്ങള്‍ സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുള്ളത്. ജയസാധ്യതയുള്ള സീറ്റുകള്‍ നല്‍കാതെ സി.പി.എമ്മിന്റെ ശക്തികേന്ദ്രങ്ങളില്‍ മാത്രം സീറ്റ് നല്‍കിയെന്നാണ് നേതൃത്വത്തിന്റെ പരാതി. തദ്ദേശ തിരഞ്ഞെടുപ്പില്‍ ജനതാദള്‍ യുവിന് കൂടുതല്‍ പരിഗണന വേണമെന്ന് ജനതാദള്‍ യു സംസ്ഥാന അധ്യക്ഷന്‍ എം പി വീരേന്ദ്രകുമാര്‍ യു.ഡി.എഫ്. നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് വേരോട്ടമുള്ള കോഴിക്കോട്, വയനാട് ജില്ലകളില്‍പ്പോലും പ്രതീക്ഷിച്ച സീറ്റ് കിട്ടാത്തതില്‍ ജനതാദള്‍ യു അസംതൃപ്തിയിലാണ്.

മുമ്പ് തദ്ദേശ തിരെഞ്ഞെടുപ്പില്‍ എല്‍.ഡി.എഫില്‍ ലഭിച്ചതിന്റെ മൂന്നിലൊന്നു പരിഗണനപോലും ഇപ്പോള്‍ ലഭിക്കുന്നില്ലെന്ന് ഇവര്‍ക്ക് പരാതിയുണ്ട്. വീരേന്ദ്രകുമാര്‍ പാലക്കാട് പരാജയപ്പെട്ടത് അന്വേഷിച്ച കമ്മിറ്റി റിപോര്‍ട്ട് പോലും പുറത്തുവിടാതെ കോണ്‍ഗ്രസ് തങ്ങളെ തുടര്‍ച്ചയായി അവഗണിക്കുകയാണെന്നാണ് ജെ.ഡി.യുവിലെ പ്രബല വിഭാഗം പറയുന്നത്. ഇക്കണക്കിന് പോയാല്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റുകളുടെ എണ്ണത്തില്‍ യാതൊരു വര്‍ധനവും പ്രതീക്ഷിക്കേണ്ടതില്ലെന്നും ഇവര്‍ പറയുന്നു. അടുത്ത തവണ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റിലേക്ക് എം പി വീരേന്ദ്രകുമാറിനെ പരിഗണിക്കാമെന്നുള്ള യു.ഡി.എഫ്. നേതൃത്വത്തിന്റെ വാക്കിന് അധികം വില കല്‍പ്പിക്കേണ്ടതില്ലെന്നും സീറ്റിന് അര്‍ഹതയുള്ള മുസ്‌ലിം ലീഗ് വിട്ടുവീഴ്ച ചെയ്യുമെന്ന് കരുതുന്നില്ലെന്നും ജെ.ഡി.യു. നേതാക്കള്‍ വിശ്വസിക്കുന്നു.

അതേസമയം തങ്ങള്‍ക്ക് അര്‍ഹതപ്പെട്ട സീറ്റ് ലഭിച്ചില്ലെങ്കില്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടിയിലെ പ്രബല വിഭാഗം എല്‍.ഡി.എഫിലേക്ക് പോകുമെന്നാണ് ഒരു മുതിര്‍ന്ന നേതാവ് തേജസിനോട് പറഞ്ഞത്. ജനതാദള്‍ യുവിന്റെ നിരന്തര ആവശ്യപ്രകാരമാണ് കോഴിക്കോട് ജില്ലയില്‍ യു.ഡി.എഫ്. കണ്‍വീനര്‍ പദവി നല്‍കാന്‍ യു.ഡി.എഫ്. സംസ്ഥാന നേതൃത്വം തീരുമാനിച്ചതെങ്കിലും മുസ്‌ലിം ലീഗിന്റെ കടുത്ത എതിര്‍പ്പുകാരണം ഇക്കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. യു.ഡി.എഫില്‍ തങ്ങള്‍ക്ക് അര്‍ഹതപ്പെട്ട സ്ഥാനം നല്‍കാന്‍ നേതൃത്വം തയ്യാറാകാത്തതില്‍ ജെ.ഡി.യുവിന് കടുത്ത അസംതൃപ്തിയാണുള്ളത്. പാര്‍ട്ടി യു.ഡി.എഫിനുള്ളില്‍ നിരന്തരം അവഹേളിക്കപ്പെടുന്നതിനെ തുടര്‍ന്നാണ് ഒരു വിഭാഗം എല്‍.ഡി.എഫിലേക്കുള്ള സാധ്യത തുറന്നിടുന്നത്. മാസങ്ങള്‍ക്ക് മുമ്പ് ജനതാദള്‍ യു അധ്യക്ഷന്‍ എം പി വീരേന്ദ്രകുമാര്‍ സി.പി.എമ്മുമായി വേദി പങ്കിട്ടത് മഞ്ഞുരുകുന്നതിനുള്ള സൂചനയായാണ് നേതാക്കള്‍ കരുതുന്നത്. അതേസമയം നിയമസഭാ തിരെഞ്ഞെടുപ്പിന് മുമ്പ് യു.ഡി.എഫില്‍ നിന്ന് ആര്‍.എസ്.പി, ജനതാദള്‍, ജോസഫ് വിഭാഗത്തെ അടര്‍ത്തിയെടുക്കാനുള്ള നീക്കം സി.പി.എം. നേതൃത്വം ആരംഭിച്ചു കഴിഞ്ഞു.
Next Story

RELATED STORIES

Share it