സീറ്റ് വിഭജനം: രണ്ടാംഘട്ട ഉഭയകക്ഷി ചര്‍ച്ച ഇന്നാരംഭിക്കും

തിരുവനന്തപുരം: യുഡിഎഫിലെ ഘടകകക്ഷികളുമായുള്ള രണ്ടാംഘട്ട സീറ്റ് ചര്‍ച്ചകള്‍ ഇന്ന് കോണ്‍ഗ്രസ് ആരംഭിക്കും. ഇന്നും നാളെയുമായി ചര്‍ച്ച പൂര്‍ത്തിയാക്കാനാണ് തീരുമാനം. അതേസമയം, രാജ്യസഭയിലേക്കു മല്‍സരിക്കുന്ന എ കെ ആന്റണിയും എം പി വീരേന്ദ്രകുമാറും ഇന്നു നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. രാവിലെ ഒമ്പതിനു ചേരുന്ന യുഡിഎഫ് യോഗത്തിനു ശേഷമാവും പത്രിക സമര്‍പ്പിക്കുക.
ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായി ഘടകകക്ഷി നേതാക്കളെല്ലാം തലസ്ഥാനത്തുള്ള സാഹചര്യത്തില്‍ രാജ്യസഭാ സ്ഥാനാര്‍ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുന്നതിനാണ് യുഡിഎഫ് യോഗം ചേരുന്നത്. യോഗത്തില്‍ എ കെ ആന്റണിയേയും വീരേന്ദ്രകുമാറിനെയും അനുമോദിക്കും. തിരഞ്ഞെടുപ്പിനു മുന്നോടിയായി ഇന്നലെ കെപിസിസി ആസ്ഥാനത്ത് കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം ചേര്‍ന്നു. നാമനിര്‍ദേശപത്രികാ സമര്‍പ്പണം പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ഉച്ചകഴിഞ്ഞ് ഉഭയകക്ഷി ചര്‍ച്ചകള്‍ ആരംഭിക്കും.
ജെഡിയു, കേരളാ കോണ്‍ഗ്രസ്(എം), കേരളാ കോണ്‍ഗ്രസ്(ജേക്കബ്) എന്നിവരുമായാണ് ഇന്നത്തെ ചര്‍ച്ച. ജോസഫ് വിഭാഗത്തിലെ നല്ലൊരു വിഭാഗം പാര്‍ട്ടി വിട്ടുപോയ സാഹചര്യത്തില്‍ കഴിഞ്ഞ തവണ അനുവദിച്ച 15 സീറ്റ് കേരളാകോണ്‍ഗ്രസ്സിനു നല്‍കാന്‍ കഴിയില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. പി സി ജോര്‍ജിന് നല്‍കിയ പൂഞ്ഞാറും ഡോ. കെ സി ജോസഫിന് നല്‍കിയ കുട്ടനാടും ഇവര്‍ രണ്ടുപേരും പാര്‍ട്ടിവിട്ട സാഹചര്യത്തില്‍ തിരിച്ചെടുക്കണമെന്നാണ് കോണ്‍ഗ്രസ്സിലെ അഭിപ്രായം.
എന്നാല്‍, മൂന്നു സീറ്റ് അധികം വേണമെന്ന ആവശ്യത്തിലാണ് മാണി വിഭാഗം. പുനലൂര്‍ ലഭിച്ചാല്‍ കുട്ടനാട് വിട്ടുനല്‍കാന്‍ മാണി വിഭാഗം തയ്യാറാവും. പൂഞ്ഞാറിന്റെ കാര്യത്തിലാണ് തര്‍ക്കമുള്ളത്. ഡിസിസി പ്രസിഡന്റ് ടോമി കല്ലാനിക്കു വേണ്ടിയാണ് കോണ്‍ഗ്രസ് പൂഞ്ഞാര്‍ ആവശ്യപ്പെടുന്നത്.
ജെഡിയുവുമായുള്ള ചര്‍ച്ചയും സുഗമമാവില്ല. കഴിഞ്ഞ തവണ മല്‍സരിച്ച മട്ടന്നൂര്‍, ഏലത്തുര്‍, നേമം എന്നിവയും നെന്മാറയും ഇത്തവണ വേണ്ടെന്നാണ് ജെഡിയുവിന്റെ നിലപാട്. കൂത്തുപറമ്പ്, വടകര, കല്‍പ്പറ്റ മണ്ഡലങ്ങള്‍ക്കു പുറമേ തിരുവനന്തപുരത്ത് വാമനപുരം അല്ലെങ്കില്‍ കോവളം, എറണാകുളത്ത് ഒരു മണ്ഡലം, കായംകുളം, പൂഞ്ഞാര്‍, കുന്നമംഗലം എന്നീ മണ്ഡലങ്ങളാണ് ഇവര്‍ ആവശ്യപ്പെടുന്നത്.
രാജ്യസഭാ സീറ്റ് നല്‍കിയ സാഹചര്യത്തില്‍ കഴിഞ്ഞതവണ നല്‍കിയ ആറു സീറ്റുകള്‍ മാത്രമേ വിട്ടുകൊടുക്കാനാവൂ എന്നാണ് കോണ്‍ഗ്രസ്സിന്റെ നിലപാട്. ഈമാസം അവസാനത്തോടെ മാത്രമേ യുഡിഎഫിലെ സീറ്റ് വിഭജനവും സ്ഥാനാര്‍ഥി നിര്‍ണയവും പൂര്‍ത്തിയാവൂ. തിരഞ്ഞെടുപ്പ് നീണ്ടുപോയ സാഹചര്യത്തില്‍ പ്രകടനപത്രിക പുറത്തിറക്കുന്നതും വൈകും. ഈ മാസം 15ന് പത്രിക പുറത്തിറക്കാനാണ് നേരത്തേ തീരുമാനിച്ചിരുന്നത്.
Next Story

RELATED STORIES

Share it