സീറ്റ് വിഭജനം; യുഡിഎഫില്‍ സമവായം നീളുന്നു

തിരുവനന്തപുരം: യുഡിഎഫിലെ സീറ്റ് വിഭജനത്തിലുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ വീണ്ടും തീരുമാനമാവാതെ പിരിഞ്ഞു. കേരള കോണ്‍ഗ്രസ്(എം), ജേക്കബ് വിഭാഗം, ജെഡിയു, ആര്‍എസ്പി എന്നിവരുമായുള്ള ചര്‍ച്ചകളാണു സമവായമാവാതെ പിരിഞ്ഞത്.
സീറ്റ് ധാരണ വൈകിയതിലുള്ള അതൃപ്തി ഘടകകക്ഷികള്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഘടകക്ഷികളെ സമ്മര്‍ദ്ദത്തിലാക്കാന്‍ സീറ്റ് വിഭജനം വൈകിപ്പിക്കുകയാണെന്നും ഇവര്‍ പറയുന്നു. അതേസമയം, സീറ്റ് വിഭജന ചര്‍ച്ചകള്‍ 28ന് മുമ്പ് പൂര്‍ത്തിയാക്കുമെന്ന് കണ്‍വീനര്‍ പി പി തങ്കച്ചന്‍ പറഞ്ഞു.
കേരള കോണ്‍ഗ്രസ് (എം) വിഭാഗവുമായുള്ള ചര്‍ച്ച സീറ്റുകളുടെ എണ്ണത്തില്‍ തട്ടിയാണു തടസ്സപ്പെട്ടത്. കഴിഞ്ഞതവണ 15 സീറ്റില്‍ മല്‍സരിച്ച മാണിയുടെ ആവശ്യം 18 സീറ്റായിരുന്നു. എന്നാല്‍, ഇന്നലത്തെ ചര്‍ച്ചയില്‍ അവര്‍ ഇത് 16 ആയി കുറച്ചെന്ന് തങ്കച്ചന്‍ പറഞ്ഞു. എന്നാല്‍ ഒരു സീറ്റുപോലും അധികം നല്‍കാനാവില്ലെന്ന നിലപാടാണ് കോണ്‍ഗ്രസ് കൈക്കൊണ്ടത്. കുട്ടനാട്, പൂഞ്ഞാര്‍ സീറ്റുകള്‍ തിരികെക്കിട്ടണമെന്ന ആവശ്യവും കോണ്‍ഗ്രസ് ആവര്‍ത്തിച്ചു. ഒരു സീറ്റ് അധികം ലഭിച്ചാല്‍ വച്ചുമാറലിന് മാണി ഗ്രൂപ്പ് തയ്യാറായേക്കുമെന്നാണു സൂചന. നാളെയാണ് ഇവരുമായി വീണ്ടും ചര്‍ച്ച നിശ്ചയിച്ചിട്ടുള്ളത്. എന്നാല്‍ ഈസ്റ്റര്‍ കഴിഞ്ഞ ശേഷമേ ഇനി ചര്‍ച്ചയ്ക്കു സാധ്യതയുള്ളൂ.
ആര്‍എസ്പിയുമായുള്ള ചര്‍ച്ചയിലും സീറ്റുകളുടെ കാര്യത്തില്‍ സമവായമായില്ല. ആറെങ്കിലും കിട്ടണമെന്ന ആവശ്യത്തില്‍ ആര്‍എസ്പി ഉറച്ചുനില്‍ക്കുന്നു. കൊല്ലത്തെ മൂന്നിനു പുറമേ ഒരു പുതിയ സീറ്റും തിരുവനന്തപുരത്തും മലബാറിലും ഓരോ സീറ്റുമാണ് ആവശ്യം. എന്നാല്‍ കൊല്ലത്തെ നിലവിലെ സീറ്റുകള്‍ക്കു പുറമേ ആറ്റിങ്ങലും മലബാറില്‍ ഒരു സീറ്റും നല്‍കാമെന്നു കോണ്‍ഗ്രസ് പറയുന്നു. ആറ്റിങ്ങലിനു പകരം ചിറയിന്‍കീഴ് വേണമെന്നാണ് ആര്‍എസ്പി നിലപാട്.
ജെഡിയുവിന്റെ കാര്യത്തില്‍ ഏകദേശ ധാരണയായെന്ന സൂചനകള്‍ ഉണ്ടായിരുന്നെങ്കിലും കാര്യങ്ങള്‍ കീഴ്‌മേല്‍മറിഞ്ഞു. കായംകുളം അല്ലെങ്കില്‍ കരുനാഗപ്പള്ളി, നേമത്തിനു പകരം കോവളം എന്ന അവരുടെ ആവശ്യം അംഗീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല. നാളെ വീണ്ടും ചര്‍ച്ച നടക്കും. അങ്കമാലിയെച്ചൊല്ലി ജേക്കബ് വിഭാഗവുമായുള്ള ചര്‍ച്ചയും വഴിമുട്ടി. അങ്കമാലി നല്‍കാനാവില്ലെന്നുതന്നെയാണ് കോണ്‍ഗ്രസ് നിലപാട്.
മന്ത്രി അനൂപ് ജേക്കബും അങ്കമാലിക്കായി ശക്തമായി വാദിച്ചെങ്കിലും ഫലമുണ്ടായില്ല. ജേക്കബ് ഗ്രൂപ്പുമായി ഇന്നു വൈകീട്ടു വീണ്ടും ചര്‍ച്ച നടത്തും.
Next Story

RELATED STORIES

Share it