സീറ്റ് വിഭജനം; എല്‍ഡിഎഫില്‍ ധാരണയായില്ല

തിരുവനന്തപുരം: ഇടതുമുന്നണിയില്‍ സീറ്റ് വിഭജനം സംബന്ധിച്ചു ധാരണയായില്ല. ഇന്നലെ ചേര്‍ന്ന എല്‍ഡിഎഫ് യോഗം കാര്യമായ ചര്‍ച്ചകളോ തീരുമാനങ്ങളോ ഇല്ലാതെ പിരിഞ്ഞു. എന്നാല്‍, ഉഭയകക്ഷി ചര്‍ച്ചകള്‍ തുടരും. ഏപ്രില്‍ അഞ്ചിനു ചേരുന്ന തുടര്‍യോഗത്തില്‍ പ്രകടനപത്രിക പ്രഖ്യാപിക്കും. സീറ്റ് വിഭജനത്തില്‍ പാര്‍ട്ടികള്‍ സഹകരിക്കണമെന്ന് എല്‍ഡിഎഫ് യോഗത്തില്‍ പൊതുകാര്യങ്ങള്‍ വിശദീകരിക്കവെ കണ്‍വീനര്‍ വൈക്കം വിശ്വന്‍ ആവശ്യപ്പെട്ടു.
പുതുതായി പല കക്ഷികളും മുന്നണിയിലേക്കു വന്നതിനാല്‍ അവര്‍ക്കായി എട്ട് സീറ്റ് കണ്ടെത്തേണ്ടിവരും. ഇപ്പോള്‍ ആര്‍എസ്പി മുന്നണി വിട്ടതിലൂടെ ഒഴിവു വന്ന നാല് സീറ്റാണുള്ളത്. ഇതില്‍ അരുവിക്കര സിപിഎം ഏറ്റെടുത്തു. ശേഷിക്കുന്ന അഞ്ച് സീറ്റുകള്‍ക്കായി മറ്റു പാര്‍ട്ടികള്‍ സഹകരിക്കണമെന്നും കണ്‍വീനര്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഇതുസംബന്ധിച്ച് ചര്‍ച്ചകളൊന്നും നടന്നില്ല. അതേസമയം, സീറ്റ് വിഭജനം സംബന്ധിച്ച് ഉഭയകക്ഷി ചര്‍ച്ച നടത്തി തീരുമാനമെടുക്കുമെന്നും ഏതെങ്കിലും കക്ഷികള്‍ക്ക് അസംതൃപ്തിയുള്ളതായി അറിയില്ലെന്നും വൈക്കം വിശ്വന്‍ പറഞ്ഞു.
മുന്നണിയുമായി സഹകരിക്കുന്ന കക്ഷികളെയെല്ലാം തിരഞ്ഞെടുപ്പില്‍ പങ്കാളിയാക്കാനാണു ശ്രമിക്കുന്നത്. ഏതെങ്കിലുമൊരു കക്ഷിയുമായി ധാരണയുണ്ടാക്കുകയല്ല, മറിച്ച് എല്ലാവരുമായും ചര്‍ച്ചചെയ്ത് തീരുമാനമെടുക്കും. മുന്നണിയുടെ സ്ഥാനാര്‍ഥിപ്പട്ടിക ഒരുമിച്ച് പ്രസിദ്ധീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്നും വൈക്കം വിശ്വന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇന്നലത്തെ യോഗത്തില്‍ പ്രകടനപത്രികയുടെ കരട് മാത്രമാണ് പ്രധാനമായും ചര്‍ച്ചചെയ്തത്. പ്രകടനപത്രികയുമായി ബന്ധപ്പെട്ട സബ് കമ്മിറ്റി ഇന്നു ചേരാനും തീരുമാനിച്ചു. എല്ലാ കക്ഷികളുടെയും അഭിപ്രായം ക്രോഡീകരിച്ചശേഷം അഞ്ചിനു ചേരുന്ന മുന്നണിയോഗം അന്തിമാംഗീകാരം നല്‍കും. നിലവില്‍ സിപിഎം-സിപിഐ സീറ്റ് വിഭജനമാണ് എല്‍ഡിഎഫില്‍ കീറാമുട്ടിയായി നിലനില്‍ക്കുന്നത്. കഴിഞ്ഞ തവണ 27 സീറ്റില്‍ മല്‍സരിച്ച തങ്ങള്‍ക്ക് ഇത്തവണ രണ്ടു സീറ്റ് അധികമായി വേണമെന്നാണ് സിപിഐയുടെ ആവശ്യം. ഇരവിപുരവും മലപ്പുറത്തെ ഒരു സീറ്റിലുമാണ് സിപിഐ അവകാശവാദമുന്നയിക്കുന്നത്. ആര്‍എസ്പി മുന്നണി വിട്ടതിലൂടെ ഒഴിവുവന്ന അരുവിക്കര സീറ്റ് നേരത്തേ സിപിഎം ഏറ്റെടുത്തത് ചൂണ്ടിക്കാട്ടിയാണ് സിപിഐ അവകാശവാദം. എന്നാല്‍, പുതിയ പാര്‍ട്ടികള്‍ മുന്നണിയിലേക്കു വന്ന സാഹചര്യത്തില്‍ സിപിഐ വിട്ടുവീഴ്ചയ്ക്ക് തയ്യാറാവണമെന്നാണ് സിപിഎമ്മിന്റെ വാദം. മുമ്പ് ഒഴിവുവന്ന സീറ്റുകള്‍ സിപിഎം ഏറ്റെടുത്തതിനാല്‍ അവര്‍ തന്നെ പുതിയ കക്ഷികള്‍ക്ക് സീറ്റ് നല്‍കട്ടേയെന്നാണ് സിപിഐ പറയുന്നത്.
ജനതാദള്‍(എസ്), എന്‍സിപി, കേരളാ കോണ്‍ഗ്രസ്(എസ്), ജനാധിപത്യ കേരളാ കോണ്‍ഗ്രസ് എന്നീ കക്ഷികളുമായും സീറ്റ് വിഭജനത്തില്‍ കൃത്യമായ ധാരണയായില്ല. ജനതാദള്‍(എസ്), എന്‍സിപി കക്ഷികള്‍ ഏഴു സീറ്റാണ് ആവശ്യപ്പെട്ടതെങ്കിലും ഇവര്‍ക്ക് യഥാക്രമം അഞ്ചും നാലും സീറ്റ് നല്‍കാനാണ് ആലോചന. സിപിഐ-സിപിഎം സീറ്റ് വിഭജനത്തില്‍ ധാരണയായാല്‍ മാത്രമേ മറ്റു പാര്‍ട്ടികള്‍ക്കു നല്‍കാനുള്ള സീറ്റിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കാനാവൂ. ഉഭയകക്ഷി ചര്‍ച്ചകള്‍ തിങ്കളാഴ്ച നടക്കും.
Next Story

RELATED STORIES

Share it