Kerala Assembly Election

സീറ്റ് നല്‍കാതെ സിപിഎം വഞ്ചിച്ചു: ഗൗരിയമ്മ

സീറ്റ് നല്‍കാതെ സിപിഎം വഞ്ചിച്ചു: ഗൗരിയമ്മ
X
gouriamma

സ്വന്തം പ്രതിനിധി

ആലപ്പുഴ: വിളിച്ചു വരുത്തി സീറ്റ് നല്‍കാതെ സിപിഎം വഞ്ചിച്ചെന്ന് ജെഎസ്എസ് നേതാവ് കെ ആര്‍ ഗൗരിയമ്മ പറഞ്ഞു. ആലപ്പുഴയിലെ ജെഎസ്എസ് സെന്ററില്‍ നടന്ന പാര്‍ട്ടി യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. ഉറങ്ങിക്കിടക്കുന്നവനെ വിളിച്ചുണര്‍ത്തി ഊണില്ലെന്ന് പറയുന്ന പോലെയാണിത്. ഇടതുപക്ഷമുന്നണി ആരുടെയും കുത്തകയല്ല. എത്രവലിയ പാര്‍ട്ടിയായാലും വഞ്ചന തെറ്റു തന്നെയാണ്. ജെഎസ്എസ് ആരെയും വഞ്ചിച്ചിട്ടില്ല. സിപിഎം കെട്ടിപ്പടുക്കുന്നതില്‍ തന്റെ പങ്ക് ആര്‍ക്കും നിഷേധിക്കാനാവില്ല. പാര്‍ട്ടിയെ അവഗണിച്ചതിലുള്ള പ്രതിഷേധം കോടിയേരി ബാലകൃഷ്ണനെ എഴുതി അറിയിക്കുമെന്നും ഗൗരിയമ്മ പറഞ്ഞു.സ്ഥാനാര്‍ഥികളെ നോക്കി വോട്ട് ചെയ്യാന്‍ ഗൗരിയമ്മ ആഹ്വാനം ചെയ്തു. ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതിനായി ജെഎസ്എസ് സംസ്ഥാന സമിതി ഏപ്രില്‍ ഒമ്പതിന് ചേരും. ബിജെപിയുടെ വര്‍ഗീയതയെയാണ് താന്‍ എതിര്‍ക്കുന്നത്. ബിജെപിയേക്കാള്‍ വലിയ വര്‍ഗീയ പാര്‍ട്ടികള്‍ കേരളത്തിലുണ്ട്. ബിജെപിയുമായുള്ള ബന്ധത്തെക്കുറിച്ച് പിന്നീട് തീരുമാനിക്കുമെന്നും ഗൗരിയമ്മ കൂട്ടിച്ചേര്‍ത്തു. നിയമസഭാ തിരഞ്ഞെടുപ്പില്‍ അരൂര്‍, ചേര്‍ത്തല, കരുനാഗപ്പള്ളി, കായംകുളം എന്നീ നാല് സീറ്റുകള്‍ വേണമെന്നായിരുന്നു ജെഎസ്എസ് ആവശ്യപ്പെട്ടത്. ഇക്കാര്യമാവശ്യപ്പെട്ട് ഗൗരിയമ്മ രണ്ടുവട്ടം എകെജി സെന്ററില്‍ പോയത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍, സിപിഎം അംഗീകരിച്ചില്ല. സിപിഎമ്മില്‍ നിന്ന് പുറത്തുപോയശേഷം 22 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഗൗരിയമ്മ എകെജി സെന്ററില്‍ എത്തിയത്. പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും പലവട്ടം ഗൗരിയമ്മയെ സന്ദര്‍ശിച്ചു. അപ്പോഴെല്ലാം സീറ്റു കാര്യം പറയുകയും തിരഞ്ഞെടുപ്പ് വരുമ്പോള്‍ ആലോചിക്കാമെന്ന ഉറപ്പും നേതാക്കള്‍ നല്‍കിയിരുന്നു. ഇതില്‍ വിശ്വസിച്ചാണ് ഗൗരിയമ്മ ഇടതുപക്ഷ ചേരിയില്‍ അടിയുറച്ചുനിന്നത്. അതേസമയം, എല്‍ഡിഎഫിനെ തഴഞ്ഞതിനു പിന്നാലെ എന്‍ഡിഎയില്‍ ചേരാന്‍ ദൂതുമായി എന്‍ഡിഎ സഖ്യകക്ഷിയായ ജെഎസ്എസ് വിഭാഗം നേതാവ് എ എന്‍ രാജന്‍ ബാബു ഗൗരിയമ്മയെ സമീപിച്ചിരുന്നു. ഗൗരിയമ്മ എന്‍ഡിഎയില്‍ ചേരാന്‍ തയ്യാറാണെങ്കില്‍ തന്റെ നേതൃത്വത്തിലുള്ള ജെഎസ്എസ് വിഭാഗം ഗൗരിയമ്മയുടെ ജെഎസ്എസില്‍ ലയിക്കാന്‍ തയാറാണെന്നും രാജന്‍ ബാബു അറിയിച്ചിട്ടുണ്ട്.  [related]
Next Story

RELATED STORIES

Share it