സീറ്റ് ചോദിച്ച് രാഹുലിന് കത്തെഴുതി; ഗൂഢാലോചനയെന്ന് ടി എന്‍ പ്രതാപന്‍

ന്യൂഡല്‍ഹി/കൊച്ചി: ഇത്തവണ മല്‍സരിക്കാനില്ലെന്നു പ്രഖ്യാപിച്ച ടി എന്‍ പ്രതാപന്‍ കയ്പമംഗലം സീറ്റാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്ക് കത്തയച്ചത് വിവാദത്തില്‍. പ്രതാപന്റെ കത്ത് ഡല്‍ഹിയിലെ സീറ്റ്‌നിര്‍ണയ ചര്‍ച്ചയ്ക്കിടെ രാഹുല്‍ വായിച്ചതോടെയാണു സംഭവം പുറത്തായത്. എന്നാല്‍, കത്തയച്ചെന്ന വാര്‍ത്ത ടി എന്‍ പ്രതാപനും എഐസിസിയും നിഷേധിച്ചു.
പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും വനിതകള്‍ക്കും അവസരം നല്‍കാനായി ഇക്കുറി മല്‍സരരംഗത്തുനിന്നു മാറിനില്‍ക്കാന്‍ ആഗ്രഹിക്കുന്നതായി ചൂണ്ടിക്കാട്ടി ടി എന്‍ പ്രതാപന്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരന് നേരത്തെ കത്തെഴുതിയിരുന്നു. മൂന്നുതവണ പാര്‍ട്ടി തനിക്ക് സ്ഥാനാര്‍ഥിത്വം നല്‍കിയെന്നും ഇതുപോലെ മറ്റുള്ളവര്‍ക്കും അവസരം ലഭിക്കാന്‍ മാറിനില്‍ക്കുന്നുവെന്നുമായിരുന്നു കത്തിലെ ഉള്ളടക്കം.
ഇതോടൊപ്പംതന്നെ കയ്പമംഗലത്ത് സ്ഥാനാര്‍ഥിയാക്കണം എന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിക്ക് രഹസ്യമായി കത്തെഴുതി. കഴിഞ്ഞദിവസം ഡല്‍ഹിയില്‍ രാഹുലുമായി പ്രതാപന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. സംഘടനാപ്രവര്‍ത്തനത്തില്‍ മുഴുകാനാണ് ആഗ്രഹമെന്നറിയിച്ചെങ്കിലും മല്‍സരിക്കാന്‍ രാഹുല്‍ നിര്‍ബന്ധിച്ചെന്നായിരുന്നു പ്രതാപന്റെ വാദം.
അതേസമയം, തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ലെന്നു രാഹുല്‍ഗാന്ധിയെ അറിയിച്ചതായി ടി എന്‍ പ്രതാപന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പറഞ്ഞു. സ്ഥാനാര്‍ഥിയാവാന്‍ താന്‍ രാഹുല്‍ ഗാന്ധിക്ക് കത്തയച്ചെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. ഇതില്‍ ഗൂഢാലോചനയുണ്ട്.
കയ്പമംഗലത്ത് ശോഭാ സുബിന്റെ പേര് നിര്‍ദേശിച്ചത് താനാണ്. താന്‍ നിയമസഭയില്‍ വരുന്നത് ഇഷ്ടപ്പെടാത്തവര്‍ പാര്‍ട്ടിയിലും പുറത്തുമുണ്ട്. ഇതുകൊണ്ടൊന്നും വി എം സുധീരന്റെ ആദര്‍ശത്തെയോ തിന്‍മകള്‍ക്കെതിരേ അദ്ദേഹം നടത്തുന്ന പോരാട്ടത്തെയോ പിന്തിരിപ്പിക്കാന്‍ കഴിയില്ലെന്നും പ്രതാപന്‍ തുറന്നടിച്ചു.
Next Story

RELATED STORIES

Share it