kasaragod local

സീറ്റ് ഒഴിഞ്ഞുകൊടുക്കുന്നതിനെ ചൊല്ലി തര്‍ക്കം; വിദ്യാര്‍ഥികള്‍ ബസ് കണ്ടക്ടറെ മര്‍ദ്ദിച്ചതായി പരാതി

രാജപുരം: സീറ്റ് ഒഴിഞ്ഞുകൊടുക്കാത്തതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ കോളജ് വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ബസ് കണ്ടക്ടറെ മര്‍ദ്ദിച്ചതായി പരാതി. ഇതേ തുടര്‍ന്ന് കാഞ്ഞങ്ങാട് -പാണത്തൂര്‍ റൂട്ടില്‍ ബസോട്ടം നിലച്ചു. ഈ റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസ് കണ്ടക്ടര്‍ നിതീഷിനാണ് (19) മര്‍ദ്ദനമേറ്റത്. ഇയാളെ പനത്തടി കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് 4.30 ഓടെ മുണ്ടോട്ടുവച്ചാണ് സംഭവം. ബുധനാഴ്ച്ച വൈകീട്ട് മുണ്ടോട്ടു നിന്നു ബസ്സില്‍ കയറിയ വിദ്യാര്‍ഥികള്‍ സീറ്റില്‍ ഇരുന്നു.

പ്രായമായ ആള്‍ കയറിയപ്പോള്‍ സീറ്റ് ഒഴിഞ്ഞു കൊടുക്കാന്‍ കണ്ടക്ടര്‍ ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് കണ്ടക്ടറും വിദ്യാര്‍ഥിയും തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളും നടന്നിരുന്നു. ഇതിന് പ്രതികാരമായി ഇന്നലെ വൈകീട്ട്് ബസ് മുണ്ടോട്ട് എത്തിയപ്പോള്‍ അഞ്ചോളം വിദ്യാര്‍ഥികള്‍ ചേര്‍ന്ന്  മര്‍ദ്ദിക്കുകയായിരുന്നുവെന്ന്  നിതീഷ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് കാഞ്ഞങ്ങാട്-പാണത്തൂര്‍ റൂട്ടില്‍ ബസ് സര്‍വീസ് മുടങ്ങി. ഒടുവില്‍ രാജപുരം പോലിസ് എത്തിയ ശേഷമാണ് ബസ് സര്‍വീസ് പുനരാരംഭിച്ചത്.
Next Story

RELATED STORIES

Share it