kasaragod local

സീറ്റിനു വേണ്ടി കോണ്‍ഗ്രസ്സില്‍ തമ്മിലടി; വെള്ളരിക്കുണ്ടില്‍ പ്രതിഷേധ പ്രകടനം

നീലേശ്വരം: കോണ്‍ഗ്രസ് മല്‍സരിക്കുന്ന കാഞ്ഞങ്ങാട് സീറ്റിന് വേണ്ടി പ്രവര്‍ത്തകര്‍ തമ്മില്‍ വടംവലി. ഈ സീറ്റിലേക്ക് കോണ്‍ഗ്രസ് സാംസ്‌കാരിക പ്രവര്‍ത്തകനായ വേണുഗോപാലന്‍ നമ്പ്യാരെയാണ് പരിഗണിച്ചതെങ്കിലും ഇദ്ദേഹം പിന്‍മാറിയതോടെ ഡിസിസി സെക്രട്ടറി ഹരീഷ് പി നായരെയാണ് പരിഗണിക്കുന്നത്. ഇതിനെതിരേ ബളാല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജുകട്ടക്കയത്തിനെ അനുകൂലിക്കുന്നവര്‍ പരസ്യമായി തെരുവിലിറങ്ങി.
ബളാല്‍ പഞ്ചായത്ത് പ്രസിഡന്റ് പി പി രാധാമണി, ബ്ലോക്ക് പഞ്ചായത്ത് അംഗം മിനി മാത്യു, പഞ്ചായത്ത് അംഗങ്ങളായ എ വി മാത്യു, സത്യന്‍ പാടിയില്‍, റോസമ്മ ജോസ്, കൃഷ്ണന്‍, പി വി സുമതി, ജയന്തി ബാലകൃഷ്ണന്‍, ബിന്ദു സാബു, കോണ്‍ഗ്രസ് ബളാല്‍ മണ്ഡലം വൈസ് പ്രസിഡന്റ് എം വി ജോസഫ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ വെള്ളരിക്കുണ്ടില്‍ പ്രതിഷേധ പ്രകടനം നടത്തി.
വെള്ളരിക്കുണ്ട് ടൗണില്‍ നിന്ന് ആരംഭിച്ച പ്രകടനത്തില്‍ പനത്തടി, കള്ളാര്‍, കിനാനൂര്‍-കരിന്തളം, ബളാല്‍ പഞ്ചായത്തുകളിലെ കോണ്‍ഗ്രസ് കമ്മിറ്റികളാണ് അണിനിരന്നത്. ഹരീഷ് പി നായരെ സ്ഥാനാര്‍ഥിയാക്കിയാല്‍ ഈസ്റ്റ് എളേരി മോഡലില്‍ കോണ്‍ഗ്രസിലെ വിമത വിഭാഗം രാജു കട്ടക്കയത്തെ സ്ഥാനാര്‍ഥിയാക്കി മല്‍സരിപ്പിക്കാനാണ് നീക്കം നടത്തുന്നത്.
ഡിസിസി ജനറല്‍ സെക്രട്ടറി എം അസൈനാര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജു കട്ടക്കയം, ഐഎന്‍ടിയുസി നേതാവ് പി ജി ദേവ് എന്നിവരെ വെട്ടിനിരത്തിയാണ് ഹരിഷ് പി നായര്‍ അന്തിമ സ്ഥാനാര്‍ഥി പട്ടികയില്‍ ഒന്നാമനായത്.
മുതിര്‍ന്ന നേതാവ് ബളാലിലെ എ വി മാത്യുവിന്റെ നാമനിര്‍ദേശ പത്രിക തള്ളിയതുകൊണ്ടാണ് കഴിഞ്ഞ തവണ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഡമ്മി സ്ഥാനാര്‍ഥിയായിരുന്ന ഹരീഷ് ജില്ലാ പഞ്ചായത്തിലക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
പിന്നീടാണ് സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സജീവമായത്. ഡിസിസി പുനഃസംഘടനയില്‍ സീനിയര്‍ നേതാവ് രാജു കട്ടക്കയത്തെ മറികടന്നാണ് സെക്രട്ടറിയായതെന്ന് പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ജില്ലയിലെത്തുന്ന പത്തിന് കാഞ്ഞങ്ങാട്ട് സമാന്തര സമ്മേളനം വിളിക്കാനും പുതിയ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാനുമാണ് വിഭാഗത്തിന്റെ നീക്കം.
Next Story

RELATED STORIES

Share it