kozhikode local

സീറോ വേസ്റ്റ് കോഴിക്കോട് ജില്ലാതല ഉദ്ഘാടനം

കോഴിക്കോട്: ജില്ലയെ മാലിന്യമുക്തമാക്കാന്‍ വിവിധ സര്‍ക്കാര്‍, സര്‍ക്കാരിതര സംഘടനകളുടെ സഹായത്തോടെ ജില്ലാഭരണകൂടം നടപ്പാക്കുന്ന ' സീറോ വേസ്റ്റ് കോഴിക്കോട്' പദ്ധതി സേവിന്റെ നേതൃത്വത്തില്‍ ജില്ലയിലെ സ്‌കൂളുകളില്‍ വ്യാപിപ്പിക്കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം മാനാഞ്ചിറ മോഡല്‍ ഹൈസ്‌കൂളില്‍ നടന്നു.
കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ 150 ഓളം വിദ്യാലയങ്ങളിലെ പരിസ്ഥിതി ക്ലബ് കോഓര്‍ഡിനേറ്റര്‍മാരായ അധ്യാപകര്‍ക്കുള്ള ശില്‍പശാലയില്‍ വച്ചാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ശില്‍പ്പശാലയില്‍ പങ്കെടുത്ത ഓരോ അധ്യാപകരും തങ്ങളുടെ സ്‌കൂളുകളിലെ ഓരോ ക്ലാസില്‍നിന്നും പരിസ്ഥിതി വിഷയത്തില്‍ താല്‍പര്യമുള്ള ഓരോ വിദ്യാര്‍ഥിയെ തിരഞ്ഞെടുത്ത് ശുചിത്വ സാക്ഷരത പരിശീലനം നല്‍കും. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക്് സര്‍ട്ടിഫിക്കറ്റ് നല്‍കും. പരിശീലനത്തിനൊടുവില്‍ നടക്കുന്ന മൂല്യനിര്‍ണയത്തില്‍ മികച്ച ഗ്രേഡ് ലഭിക്കുന്ന വിദ്യാര്‍ഥികളെ ഹരിത അംബാസിഡര്‍മാരായി പ്രഖ്യാപിക്കും.
പാഴ്‌വസ്തുക്കള്‍ വലിച്ചെറിയുന്നത് നിരുത്സാഹപ്പെടുത്തുക, ജൈവവസ്തുക്കള്‍ സ്‌കൂള്‍ കോമ്പൗണ്ടില്‍ സംസ്‌കരിക്കുന്നതിന് സ്‌കൂള്‍ ഒരുക്കുന്ന സംവിധാനത്തിലേക്ക് മാറ്റുക, അജൈവ വസ്തുക്കള്‍ തരംതിരിച്ച് വൃത്തിയാക്കി ക്ലാസില്‍ സൂക്ഷിച്ച് സ്‌കൂളില്‍ ഒരുക്കുന്ന മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റി സെന്റിലേക്ക് മാറ്റുക എന്നി പ്രവര്‍ത്തനങ്ങള്‍ക്ക് ക്ലാസിലെ മുഴുവന്‍ വിദ്യാര്‍ഥികളെയും സജ്ജരാക്കുക ഇവരുടെ ചുമതലയാണ്. ജില്ലാതല ഉദ്ഘാടനം കലക്ടര്‍ യു വി ജോസ് ഐഎഎസാണ് നിര്‍വഹിച്ചത്്്്്്്്്. വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഇ കെ സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. പ്രൊഫ. ശോഭീന്ദ്രന്‍ ഹരിത സന്ദേശം നല്‍കി. സേവ് ജില്ലാ കോഓര്‍ഡിനേറ്റര്‍ വടയക്കണ്ടി നാരായണന്‍ പദ്ധതി വിശദീകരിച്ചു. ശുചിത്വമിഷന്‍ അസിസ്റ്റന്റ് കോഓര്‍ഡിനേറ്റര്‍ കെ കുഞ്ഞിരാമന്‍, കെ കെ ഗൗരി, അബ്ദുള്ള സല്‍മാന്‍, ഏകനാഥന്‍, ഷൗക്കത്തലി എരോത്ത്, ഇ എം രാജന്‍, വി ഷീജ, പ്രമോദ് മന്നാടത്ത് സംസാരിച്ചു.
ബിആര്‍സി ട്രെയിനര്‍ എന്‍ കെ റോബിന്‍ ശില്പശാലയ്ക്ക് നേതൃത്വം നല്‍കി. വടകര വിദ്യാഭ്യാസ ജില്ലയില്‍ 23 ന് ഡയറ്റിലും താമരശ്ശേരി വിദ്യാഭ്യാസ ജില്ലയില്‍ 25ന് താമരശ്ശേരി ജിവിഎച്ച് എസ്എസിലും അധ്യാപക ശില്‍പശാല നടക്കും. പരിശീലനം നേടിയ അധ്യാപകര്‍ രണ്ട് പ്രവര്‍ത്തി ദിവസത്തിനകം ക്ലാസ് തല ഗ്രീന്‍ അംബാസിഡര്‍മാര്‍ക്കുള്ള പരിശീലനം പൂര്‍ത്തിയാക്കണം. നവംബര്‍ 2 നകം ഓരോ സ്‌കൂളിലും ഗ്രീന്‍ അംബാസിഡര്‍മാരുടെ പ്രഖ്യാപനം നടത്തണം. ജില്ലാതല പ്രഖ്യാപനം നവംബര്‍ മൂന്നിന് നടക്കും.

Next Story

RELATED STORIES

Share it