kozhikode local

സീറോ വേസ്റ്റ് കോഴിക്കോട് : സൂപ്പര്‍ എംആര്‍എഫ് മെഷീനുകള്‍ക്കുള്ള ധാരണാപത്രം ഒപ്പുവച്ചു



കോഴിക്കോട്: ജില്ലയിലെ സീറോ വേസ്റ്റ് പദ്ധതി നടത്തിപ്പിനായി സൂപ്പര്‍ എംആര്‍എഫുകള്‍ക്കാവശ്യമായ മെഷീനുകള്‍ എത്തിക്കുന്നതിനു ക്ലീന്‍ കേരള കമ്പനി ലിമിറ്റഡ് ബ്ലോക്ക് വികസന ഓഫിസര്‍മാര്‍ക്ക് ധാരണാപത്രം കൈമാറി. 12 ബ്ലോക്കുകളിലായി ആരംഭിക്കുന്ന സൂപ്പര്‍ എംആര്‍എഫുകളിലേക്കാവശ്യമായ ഷ്രെഡിങ് മെഷീന്‍, ബെയ്‌ലിങ് മെഷീന്‍, ബ്ലേഡ് ഗ്രൈന്‍ഡേഴ്‌സ്, വെയിങ് മെഷീന്‍ എന്നിവയാണ് ക്ലീന്‍ കേരള കമ്പനി ലിമിറ്റഡ് നല്‍കുക. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ യു വി ജോസ്, ക്ലീന്‍ കേരള കമ്പനി മാനേജിങ് ഡയറക്ടര്‍ കബീര്‍ ബി ഹാറൂണ്‍ എന്നിവര്‍ ചേര്‍ന്ന് ധാരണാപത്രം ബ്ലോക്ക് വികസന ഓഫിസര്‍മാര്‍ക്ക് കൈമാറി. 9,92,000 രൂപയാണ് ഓരോ ബ്ലോക്കിലേയും സൂപ്പര്‍ എംആ ര്‍എഫുകളുടെ മെഷീനിനായി ചെലവാക്കുക. ഒരു മാസത്തിനുള്ളില്‍ മെഷീനുകള്‍ അതാത് കേന്ദ്രങ്ങളില്‍ എത്തിക്കും. മെഷീനുകള്‍ സ്ഥാപിക്കാനായി ഓരോ കേന്ദ്രങ്ങളിലും ത്രീ ഫേസ് വൈദ്യുതി കണക്ഷനും മറ്റു സജ്ജീകരണങ്ങളും ഒരുക്കും. ബ്ലോക്ക് കേന്ദ്രങ്ങളിലെ സര്‍വീസ് പ്രൊവൈഡര്‍മാര്‍ക്ക് ക്ലീന്‍ കേരള കമ്പനി അധികൃതര്‍ മെഷീന്‍ ഉപയോഗിക്കാനുള്ള ട്രെയിനിങ് നല്‍കും. ഒരു വര്‍ഷത്തിനുള്ളില്‍ മെഷീനുകള്‍ക്ക് സംഭവിക്കുന്ന കേടുപാടുകള്‍ സൗജന്യമായി പരിഹരിച്ച് നല്‍കുമെന്ന് ക്ലീന്‍ കേരള കമ്പനി മാനേജിങ ഡയറക്ടര്‍ അറിയിച്ചു. സൂപ്പര്‍ എംആര്‍എഫ് കേന്ദ്രങ്ങളില്‍ നിന്ന് അതാത് ബ്ലോക്കുകളിലെ റോഡ് നവീകരണത്തിനായി പ്ലാസ്റ്റിക് ശേഖരിക്കും. മിച്ചമുള്ളവ ഒരു കിലോയ്ക്ക് 15 രൂപ നിരക്കില്‍ ക്ലീന്‍ കേരള കമ്പനി ഏറ്റെടുത്ത് ആവശ്യമുള്ള സ്ഥലങ്ങളിലേക്ക് എത്തിക്കും. 15 എച്ച്പി മെഷീനുകളാണ് സൂപ്പര്‍ എംആര്‍എഫുകളില്‍ സ്ഥാപിക്കുക. ശുചിത്വമിഷന്‍ ജില്ലാ കോഡിനേറ്റര്‍ സി കബനി, ബ്ലോക്ക് വികസന ഓഫിസര്‍മാര്‍ യോഗത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it