സീറോ ലാന്‍ഡ്‌ലെസ് പദ്ധതിയില്‍പ്പെടുത്തി നല്‍കിയ പട്ടയം നിയമക്കുരുക്കില്‍; അവകാശവാദവുമായി സ്വകാര്യവ്യക്തി

തൊടുപുഴ: സീറോ ലാന്‍ഡ്‌ലെസ് പദ്ധതിയില്‍പ്പെടുത്തി കട്ടപ്പനയില്‍ നടന്ന മെഗാപട്ടയ മേളയില്‍ മുഖ്യമന്ത്രി വിതരണം ചെയ്ത ആറ് പട്ടയങ്ങള്‍ക്ക് അവകാശമുന്നയിച്ച് സ്വകാര്യവ്യക്തി കേസു കൊടുത്തു. ഇതോടെ ഭൂമി ലഭിച്ച ആറ് കുടുംബങ്ങള്‍ പെരുവഴിയിലുമായി.
ഇതില്‍ ഒരു കുടുംബത്തിലെ അംഗം കാന്‍സര്‍ രോഗിയാണ്. 2015 ആഗസ്ത് 22നു നടന്ന മെഗാ പട്ടയമേളയിലാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സീറോ ലാന്‍ഡ് പദ്ധതിയില്‍പ്പെടുത്തി ആറു പേര്‍ക്ക് പട്ടയം നല്‍കിയത്. ഇവര്‍ക്ക് വീടു വയ്ക്കുന്നതിനായി മൂന്നു സെന്റ് സ്ഥലം വീതം പതിച്ചുനല്‍കുകയും ചെയ്തു. അഞ്ചിരി സ്വദേശിനികളായ സിനി ബാലന്‍, സുനിത നിശാന്ത്, ആലക്കോട് സ്വദേശിനികളായ നിസ ഷാഫി, ബിന്‍സി ബാബു, കലയന്താനി സ്വദേശിനി ചന്ദ്രിക സോമന്‍, അഞ്ചിരി സ്വദേശിനിയായ വീട്ടമ്മ എന്നിവര്‍ക്കാണ് വെട്ടിമറ്റം പഞ്ചായത്ത് സ്‌കൂളിനു സമീപം 27 സെന്റ് സ്ഥലം നല്‍കിയത്.
ഈ ഭൂമിയില്‍ വീടു നിര്‍മിക്കുന്നതിനായി ഇവര്‍ അവിടെ നിന്ന റബറും പാഴ്മരങ്ങളും വെട്ടിമാറ്റിയിരുന്നു. ഇതിനിടെ ഭൂമിയില്‍ അവകാശവാദവുമായി തൊടുപുഴ കാഞ്ഞിരമറ്റം സ്വദേശി ജോസ് വി മാവറ രംഗത്തുവന്നു. ഭൂമിയില്‍ കയറാന്‍ പാടില്ലെന്നും തല്‍സ്ഥിതി തുടരണണമെന്നും കാട്ടി കോടതി ഉത്തരവ് ലഭിച്ചതായി കാണിച്ച് ഇദ്ദേഹം സിഐക്ക് പരാതിയും നല്‍കി. അനധികൃതമായി ഭൂമിയില്‍ പ്രവേശിച്ചതിനും ഈ ഭൂമി സീറോ ലാന്‍ഡ്‌ലെസ് പദ്ധതിയില്‍പ്പെടുത്തിയതിനും തൊടുപുഴ തഹസില്‍ദാരെയും ഗുണഭോക്താക്കള്‍ക്കൊപ്പം പ്രതിചേര്‍ത്താണ് ജോസ് വി മാവറ കേസ് നല്‍കിയത്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് തൊടുപുഴ പോലിസ് ഭൂമി ലഭിച്ച ആറു സ്ത്രീകളെയും കാന്‍സര്‍ രോഗിയുള്‍പ്പെടെയുള്ള കുടുംബാംഗങ്ങളെയും ഇന്നലെ ഉച്ചയോടെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി.
മുഖ്യമന്ത്രി നല്‍കിയ പട്ടയമുള്‍പ്പെടെയുള്ള രേഖകളുമായാണ് ഇവര്‍ സ്റ്റേഷനില്‍ എത്തിയത്. പരാതി നല്‍കിയ വ്യക്തിയോട് കോടതി നല്‍കിയ ഉത്തരവ് ഹാജരാക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അതു നല്‍കിയില്ല. കോടതി ഉത്തരവ് അടുത്ത ദിവസം ഹാജരാക്കുമെന്ന് ഇദ്ദേഹം പറഞ്ഞു. തുടര്‍ന്ന് വിളിച്ചുവരുത്തിയവരെ പോലിസ് പറഞ്ഞയച്ചു. കയറിക്കിടക്കാനൊരു കൂര വയ്ക്കാന്‍ വര്‍ഷങ്ങള്‍ കാത്തിരുന്നു ലഭിച്ച ഭൂമി കേസില്‍പ്പെട്ടതിന്റെ നിരാശയിലാണ് വീട്ടുകാര്‍. എന്തുവന്നാലും സര്‍ക്കാര്‍ അനുവദിച്ച സ്ഥലത്തു താമസിക്കാന്‍ തന്നെയാണ് ഈ ആറു കുടുംബങ്ങളുടെയും തീരുമാനം.
Next Story

RELATED STORIES

Share it