Flash News

സീതാറാം യെച്ചൂരിക്ക് മൂന്നാമുഴം അനുവദിക്കണം : ബംഗാള്‍ ഘടകം



ന്യൂഡല്‍ഹി: രണ്ടു ദിവസത്തെ സിപിഎം പോളിറ്റ്ബ്യൂറോ യോഗത്തിന് ഡല്‍ഹിയില്‍ തുടക്കമായി. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് രാജ്യസഭയില്‍ മൂന്നാമൂഴം അനുവദിക്കണമെന്ന ബംഗാള്‍ ഘടകത്തിന്റെ ആവശ്യമാണ് യോഗത്തില്‍ ഇന്നലെ പ്രധാനമായും ചര്‍ച്ചയായത്. ഇന്നലെ രാവിലെ യോഗം തുടങ്ങിയപ്പോള്‍ തന്നെ ബംഗാ ള്‍ ഘടകം കത്ത് യോഗത്തില്‍ വച്ചു. പാര്‍ലമെന്റില്‍ പ്രതിപക്ഷനിരയെ ശക്തമാക്കുന്നതിന് യെച്ചൂരിയുടെ സാന്നിധ്യം ആവശ്യമാണെന്ന നിലപാടാണ് ബംഗാള്‍ ഘടകം സ്വീകരിച്ചത്. യെച്ചൂരിക്ക് പിന്നാലെ ബംഗാളില്‍നിന്നുള്ള മറ്റു രണ്ട് സിപിഎം രാജ്യസഭാംഗങ്ങളുടെയും കാലാവധി അവസാനിക്കും. ഈയൊരു സാഹചര്യത്തില്‍ യെച്ചൂരി രാജ്യസഭയിലെത്തിയില്ലെങ്കില്‍ വലിയ നഷ്ടമാവുമെന്നു ബംഗാള്‍ ഘടകം വാദിച്ചു. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ ബംഗാളില്‍ നിന്ന് യെച്ചൂരി വീണ്ടും തിരഞ്ഞെടുക്കപ്പെടണമെങ്കില്‍ കോണ്‍ഗ്രസ് പിന്തുണ കൂടിയേ തീരൂ. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പിന്തുണ സ്വീകരിക്കുന്നത് വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ തീരുമാനത്തിന് എതിരാണെന്നാണ് കാരാട്ട് പക്ഷം വാദിച്ചത്. കേരള ഘടകത്തിന്റെ നിലപാടും ഇതുതന്നെയായിരുന്നു. ഇതോടെ പോളിറ്റ്ബ്യൂറോയില്‍ വാദം മുറുകി. ജനറല്‍ സെക്രട്ടറിയായിരിക്കെ പാര്‍ലമെന്ററിരംഗത്തും ഇടപെടുന്നത് പാര്‍ട്ടി നയങ്ങള്‍ക്കും കീഴ്‌വഴക്കങ്ങള്‍ക്കും എതിരാണെന്നും കാരാട്ട് പക്ഷം ചൂണ്ടിക്കാട്ടി. എന്നാല്‍, ഇത്രയും കാലം രണ്ടു പദവികളും ഒരുപോലെ കൊണ്ടുപോയതുപോലെ യെച്ചൂരിക്ക് തുടര്‍ന്നും സാധിക്കുമെന്നായിരുന്നു ബംഗാള്‍ ഘടകത്തിന്റെ നിലപാട്.     യെച്ചൂരിക്ക് മല്‍സരിക്കാന്‍ പോളിറ്റ്ബ്യൂറോ യോഗം അനുമതി നല്‍കിയാല്‍ തന്നെ അതിന് കേന്ദ്രകമ്മിറ്റി യോഗത്തിന്റെ അംഗീകാരം നേടേണ്ടതുണ്ട്. അസാധാരണ സാഹചര്യത്തില്‍ ഉടന്‍ തന്നെ കേന്ദ്രകമ്മിറ്റി യോഗം വിളിച്ചുചേര്‍ത്ത് ഇക്കാര്യം ചര്‍ച്ചചെയ്യേണ്ടിയും വരും. രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട തര്‍ക്കവും വിവാദവും കൊഴുക്കുമ്പോഴും യെച്ചൂരി തീരുമാനം വ്യക്തമാക്കിയിരുന്നില്ല. വിവാദത്തിന്റെ തുടക്കത്തില്‍ മല്‍സരിക്കാനില്ലെന്ന് നിലപാടറിയിച്ചിരുന്ന യെച്ചൂരി പിന്നീട് ബംഗാള്‍ ഘടകം പിന്തുണയുമായി രംഗത്തുവന്നതോടെ നിലപാട് മാറ്റി പാര്‍ട്ടി തീരുമാനിക്കട്ടെയെന്ന നിലപാടിലേക്ക് എത്തുകയായിരുന്നു.
Next Story

RELATED STORIES

Share it