kozhikode local

സീതാറാം യെച്ചൂരിക്കെതിരായ കൈയേറ്റ ശ്രമത്തെ കൗണ്‍സില്‍ യോഗം അപലപിച്ചു



കോഴിക്കോട്: പാര്‍ട്ടി ആസ്ഥാനമായ ഡല്‍ഹിയിലെ എകെജി സെന്ററില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ കോഴിക്കോട് കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗം അപലപിച്ചു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്റെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന യോഗത്തിലാണ്  സ്ഥിരംസമിതി ചെയര്‍മാന്‍ എം സി അനില്‍കുമാര്‍ വിഷയം അടിയന്തിര പ്രമേയമായി അവതരിപ്പിച്ചത്. സീതാറാം യെച്ചൂരിയെ പോലുള്ള മുതിര്‍ന്ന നേതാവിനെതിരെ നടന്ന കൈയേറ്റ ശ്രമം രാജ്യത്തിന്റെ മതനിരപേക്ഷതയ്‌ക്കേറ്റ മുറിവാണെന്ന് എം സി അനില്‍കുമാര്‍ പറഞ്ഞു. ഒരു പ്രശ്‌നം ഒരിടത്ത് ഉണ്ടാക്കുകയും ഒപ്പം തള്ളി പറയുന്നവരുമാണ് സംഘപരിവാരമെന്ന് അഡ്വ. പി എം സുരേഷ് ബാബു പറഞ്ഞു.  കൗണ്‍സിലര്‍മാരായ അഡ്വ. പി എം നിയാസ്, പി കിഷന്‍ചന്ദ്, കെ വി ബാബുരാജ്, എം രാധാകൃഷ്ണന്‍ മാസ്റ്റര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. എംസി അനില്‍കുമാറിന്റെ അടിയന്തിര പ്രമേയത്തെ വി ടി സത്യന്‍ പിന്താങ്ങി. എല്‍ഡിഎഫ്,യുഡിഎഫ് കൗണ്‍സിലര്‍മാര്‍ പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ ബിജെപി കൗണ്‍സിലര്‍മാര്‍ എതിര്‍ത്തു. തുടര്‍ന്ന് ഏഴിനെതിരെ 60 വോട്ടിന് അടിയന്തിര പ്രമേയം പാസാക്കി. റോഡ് നാമകരണ ബോര്‍ഡ് വയ്ക്കണമെന്നാവശ്യപ്പെട്ട് എന്‍ പി പത്മനാഭനും സ്‌കൂളുകളില്‍ ഡിസ്‌പോസിബിള്‍ ഗ്ലാസും പ്ലേറ്റും ഉപയോഗിക്കുന്നത് നിരോധിക്കണമെന്നാവശ്യപ്പെട്ട് അഡ്വ. സി കെ സീനത്തും തെരുവു വിളക്ക് കത്തുന്നില്ലെന്ന് പരാതിയില്‍ പി കിഷന്‍ചന്ദും എരഞ്ഞിപ്പാലം ഇഎസ്‌ഐ കെട്ടിടത്തിന്റെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി ടി സി ബിജുരാജും പി എം എ വൈ പദ്ധതിയിലെ അപേക്ഷ തിരിച്ചയ്ക്കുന്നതായി പരാതി പ്പെട്ട് കെ കെ റഫീഖും കൗണ്‍സിലിന്റെ ശ്രദ്ധക്ഷണിച്ചു.
Next Story

RELATED STORIES

Share it