malappuram local

സി സോണ്‍ കലോല്‍സവം ഇന്ന് സമാപിക്കും : യൂനിവേഴ്‌സിറ്റി കാംപസും പിഎസ്എംഒ കോളജും മുന്നില്‍



മലപ്പുറം: മാപ്പിളപ്പാട്ടിന്റെ ഈരടികളും നാടോടിനൃത്തത്തിന്റെ നടനചാരുതയും നിറഞ്ഞാടിയ സി സോണ്‍ കലോല്‍സവത്തിന് ഇന്ന് സമാപനം. മലപ്പുറം ഗവ. കോളജിലെ നാലുവേദികളിലായാണ് മല്‍സരം നടക്കുന്നത്. നാടോടിനൃത്തം ഗ്രൂപ്പ്, വ്യക്തിഗത ഇനങ്ങള്‍ അരങ്ങേറിയ വേദി ഒന്നിനെ നിറഞ്ഞ കൈയടിയോടെയാണ് വിദ്യാര്‍ഥികള്‍ എതിരേറ്റത്. വേദി രണ്ടില്‍( മുഹമ്മദ് അഖ്‌ലാഖ്) ലളിതഗാനം,  സെമിക്ലാസിക്കല്‍ സംഗീതം, സംഘഗാനം, നാടോടി സംഗീതം എന്നിവ അരങ്ങേറിയപ്പോള്‍ ജനപ്രിയ ഇനങ്ങളായ മലയാള നാടകം, മോണോആക്ട്്, കാഥാപ്രസംഗം എന്നീ മല്‍സരങ്ങളാണ് വേദി മൂന്നില്‍ (എം എം കല്‍ബുര്‍ഗി) അരങ്ങേറിയത്. വേദി നാലില്‍ (നജീബ് അഹമ്മദ്) കവിതാ പാരായണ മല്‍സരം നടന്നു. ആദ്യ ദിവസത്തെ അപേക്ഷിച്ച് വന്‍ ജനപങ്കാളിത്തമായിരുന്നു ഇന്നലെ മുഴുവന്‍ വേദികളിലും. മല്‍സരാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അനുകമിച്ചെത്തിയവര്‍ക്കും പുറമേ നാട്ടുകാരും ജില്ലയുടെ വിവിധ കോളജില്‍ നിന്നെത്തിയവരും ഒന്നിച്ചിരുന്നപ്പോള്‍ സി സോണ്‍ വേദി ഉല്‍സവലഹരിയിലായി. ഏപ്രില്‍ 28നാണ് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സി സോണ്‍ കലോല്‍സവം ആരംഭിച്ചത്. 43 ഇനങ്ങളിലായി നടന്ന ഓഫ് സ്റ്റേജ് മല്‍സരങ്ങളില്‍ 70 പോയിന്റ് നേടി തിരൂരങ്ങാടി പിഎസ്എംഒ കോളജ്, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി കാംപസ് എന്നിവര്‍ ഒന്നാമതെത്തി. 45 പോയിന്റ് നേടിയ മമ്പാട് കോളജ് രണ്ടാമതും 33 പോയിന്റോടെ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ടീച്ചേഴ്‌സ് എജ്യുക്കേഷന്‍ സെന്റര്‍ മൂന്നാമതുമാണ്. 30 പോയിന്റ് നേടിയ മലപ്പുറം ഗവ. കോളജാണ് നാലാമത്. തിങ്കളാഴ്ച തുടങ്ങിയ സ്‌റ്റേജ് മല്‍സരങ്ങള്‍ ആദ്യദിനത്തില്‍ രാത്രി ഒന്നരയോടെയാണ് സമാപിച്ചത്. ജനപ്രിയ ഇനമായ വട്ടപ്പാട്ട് മല്‍സരമാണ് രാത്രി ഒന്നര വരെ നീണ്ടത്.  നിയുക്ത എംപി പികെ കുഞ്ഞാലിക്കുട്ടിയാണ് തിങ്കളാഴ്ച പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. കല സംരക്ഷിക്കപ്പെടേണ്ടത് പുതിയകാലത്തിന്റെ അനിവാര്യതയാണെന്നു അദ്ദേഹം പറഞ്ഞു. കലകള്‍ക്ക് പ്രത്യേക ജാതിയോ, മതമോ ഇല്ല, നഷ്ടമായ ജനാധിപത്യവും മതേതരത്വവും പൂര്‍ണാര്‍ത്ഥത്തില്‍ തിരിച്ചുകൊണ്ടുവരാന്‍ കലകള്‍ക്കേ സാധിക്കുവെന്നും അദ്ദേഹം പറഞ്ഞു. വേദികള്‍ക്ക് ഫാഷിസ്റ്റ് ഇരകളുടെ പേര് നല്‍കിയ സംഘാടക സമിതിയെ അനുമോദിച്ച കുഞ്ഞാലിക്കുട്ടി ചെറുപ്പത്തില്‍ തന്നെ ഫാഷിസ്റ്റ് വിരുദ്ധ ചിന്തയുണ്ടാക്കാന്‍ ഇത്തരം നീക്കങ്ങള്‍ സഹായകമാവുമെന്നും പറഞ്ഞു. പി ഉബൈദുള്ള എംഎല്‍എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍, വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, സി എച്ച് ജമീല, കെ എന്‍ എ ഖാദര്‍, യൂസുഫ് വല്ലാഞ്ചിറ, രാജന്‍ നമ്പ്യൂര്‍, സൈനുല്‍ ആബിദ് കോട്ട, ഗീത നമ്പ്യാര്‍, ടി പി ഹാരിസ്, വി പി അഹമ്മദ് സഹീര്‍, നിശാജ് എടപ്പറ്റ, നിശാദ് ക സലീം, ശരത് പ്രസാദ്, പി സജിത, കെ എം ഇസ്മാഈല്‍, ഇബ്രാഹീം ബാദുഷ, ഫസീല തുടങ്ങിയവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it