kozhikode local

സി മോയിന്‍കുട്ടി എംഎല്‍എയ്‌ക്കെതിരേ കൊടിയത്തൂരില്‍ ഫ്‌ളക്‌സ് ബോര്‍ഡ്

മുക്കം: തിരുവമ്പാടി എംഎല്‍എ സി മോയിന്‍കുട്ടിക്കെതിരേ കൊടിയത്തൂര്‍ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍.— ഊതിവീര്‍പ്പിച്ച വികസന നായകന്‍ മുങ്ങിയോ എന്ന തലക്കെട്ടില്‍ പന്നിക്കോട്, കാരാളിപറമ്പ്, എരഞ്ഞിമാവ് എന്നിവിടങ്ങളിലാണ് ബോര്‍ഡുകള്‍ പ്രത്യക്ഷപെട്ടത്.
മണ്ഡലത്തില്‍ വന്‍ വികസനം നടന്നതായി അവകാശവാദം ഉയരുമ്പോള്‍ കൊടിയത്തൂരിന് എന്ത് കിട്ടി, മുന്‍ എംഎല്‍എ ജോര്‍ജ് എം തോമസ് അനുവദിച്ച പദ്ധതികളായ തെയ്യത്തുംകടവ് പാലം, പന്നിക്കോട് കെഎസ്ഇബി ഓഫിസ്, എയര്‍ പോര്‍ട്ട് റോഡ് എന്നിവ മാത്രമാണ് കൊടിയത്തൂരിലെത്തിയതെന്നും പുതിയ ഒരു പദ്ധതി പോലും കൊണ്ടുവരാന്‍ എംഎല്‍എക്കായിട്ടില്ലന്നും ബോര്‍ഡില്‍ കുറ്റപ്പെടുത്തുന്നു.—
കോടികള്‍ ഫണ്ടുണ്ടായിട്ടും പ്രദേശത്തെ പൊതു റോഡുകള്‍ ഇപ്പോഴും അവഗണയിലാണ്. വിപണിയില്‍ തുഛമായ വിലക്ക് ലഭിക്കുന്ന ചൈനീസ് എല്‍ഇഡി ബള്‍ബുകളോണോ വികസനം. അതിന് ഗ്യാരണ്ടിയുമില്ല എന്നും ഹൈമാസ്റ്റ് ലൈറ്റുകളെ പരിഹസിച്ച് ഫ്‌ളെക്‌സില്‍ എഴുതിയിട്ടുണ്ട്. എടച്ചില്‍ ഗ്രൂപ്പ് എന്ന പേരിലാണ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പഞ്ചായത്തിലെ പ്രമുഖ യുഡിഎഫ് സ്ഥാനാര്‍ഥികളുടെ പരാജയത്തിന് പിന്നില്‍ എംഎല്‍എ പക്ഷമാണന്ന ആരോപണം ഉയര്‍ന്നിരുന്നു.
ഇവര്‍ക്കെതിരെ യാതൊരു നടപടിയും പാര്‍ട്ടി സ്വീകരിച്ചിരുന്നില്ല. മോയിന്‍കുട്ടി വീണ്ടും സ്ഥാനാര്‍ഥിയാവുന്നതിനെതിരേയും ഇവര്‍ സംസ്ഥാന നേതൃത്വത്തെ സമീപിച്ചിരുന്നു. അതിനിടെ പന്നിക്കോട് അങ്ങാടിയില്‍ സ്ഥാപിച്ച ഫ്‌ളെക്‌സ് ബോര്‍ഡ് ഒരു വിഭാഗം അഴിച്ചു മാറ്റിയത് നേരിയ സംഘര്‍ഷത്തിനും കാരണമായി.
Next Story

RELATED STORIES

Share it