Flash News

സി.പി.എമ്മിലെ വൈരുദ്ധ്യാത്മക ഐക്യം

സി.പി.എമ്മിലെ വൈരുദ്ധ്യാത്മക ഐക്യം
X
IMTHIHAN-SLUG-352x300

ടതു മുന്നണി നയിക്കുന്ന സി.പി.എമ്മില്‍ ഇത്രേം ഐക്യ ബോധം ഇതിനു മുമ്പാരും കണ്ടിരിക്കാനിടയില്ല. ഒരേ വേദിയില്‍ അടുത്തടുത്ത് ഇരുന്നാല്‍ പോലും പലപ്പോഴും പരസ്പരം സംസാരിക്കാതിരുന്നിരുന്ന വി.എസും പിണറായിയും പാര്‍ട്ടിയുടെ വിജയത്തിനു വേണ്ടി ഇഞ്ചോടിഞ്ച് തോളോട് തോള്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നു. പിണറായിയുടെ മണ്ഡലത്തില്‍ പ്രചാരണത്തിനു വി.എസ് എത്തുന്നു. വി.എസിന്റെ സൈറ്റ് ഉദ്ഘാടനത്തിനു പാര്‍ട്ടി സെക്രട്ടറി കോടിയേരി സഖാവ് നേരിട്ടെത്തുന്നു.

ഇരുമ്പുലക്ക പോലത്തെ ഉറച്ച ഈ ഐക്യം കണ്ടവരാരും അതിനിത്രേം ഉറപ്പുണ്ടാകുമെന്നു നിനച്ചിരിക്കില്ല.
ഇന്ത്യാ മഹാരാജ്യത്തെ ത്രിപുര എന്ന കൊച്ചു സംസ്ഥാനത്തിനപ്പുറത്ത് മറ്റൊരിടത്തും അധികാരത്തിലില്ലാത്ത പാര്‍ട്ടിക്ക് പിന്നെ കൊടി പിടിക്കാനാളുളളത് ബംഗാളിലും കേരളത്തിലും മാത്രമാണ്. പുലിയിറങ്ങിയ നാട്ടില്‍ ഒറ്റക്കു നടക്കാന്‍ ബുദ്ധിസ്ഥിരതയുളളവരാരും ധൈര്യപ്പെടാറില്ലാത്തതു പോലെ മമതാബാനര്‍ജിയെന്ന പെണ്‍പുലിയെ പേടിച്ച് കോണ്‍ഗ്രസുകാരെ മുറുക്കി പിടിച്ചാണ് ബംഗാളില്‍ സഖാക്കളുടെ യാത്ര. അതു കൊണ്ടു തന്നെ ഇടതു മുന്നണിയുടെ ബാനറില്‍ സര്‍ക്കാറുണ്ടാക്കാന്‍ ഇനിയുളള ഏക പ്രതീക്ഷ കേരളമാണ്.
കേരളത്തിലാണെങ്കില്‍ ഇപ്പോഴത്തെ പരിതസ്ഥിതിയില്‍  ദൈവം സഹായിച്ച്  പ്രത്യേകിച്ച് വിയര്‍പ്പൊഴുക്കേണ്ട കാര്യമൊന്നുമില്ലെന്നാണ് സഖാക്കളുടെ കണക്കുകൂട്ടല്‍. ദിനംപ്രതി പുറത്തു വരുന്ന കുഞ്ഞൂഞ്ഞിന്റെ ലീലാവിലാസങ്ങള്‍ കാരണം സര്‍ക്കാരിനെ താഴെയിറക്കുന്ന കാര്യം ജനങ്ങള്‍ ഏറ്റുകൊളളുമെന്നും  തങ്ങളായിട്ട് കാര്യങ്ങള്‍ കുളമാക്കാതിരുന്നാല്‍ മതിയെന്നും യെച്ചൂരി സഖാവ് പിണറായിയോടും വി.എസിനോടും ഉണര്‍ത്തിയതാണ്.
പിണറായിയുടെ കാര്യത്തില്‍ പേടിക്കാനില്ല. പാര്‍ട്ടി ലൈന്‍ വിട്ട് അണുകിട കളിക്കില്ല. അച്ചു മാമനെയാണ് കരുതേണ്ടത്. നവതി കഴിഞ്ഞിട്ടും പിളളേരു കളി മാറിയിട്ടില്ല. അതു കൊണ്ട് ഡല്‍ഹിയില്‍ വെച്ച് പറഞ്ഞു പഠിപ്പിച്ചതിനു പിറകെ ഇല്ലാത്ത കാശ് ചിലവഴിച്ച വിമാന ടിക്കറ്റെടുത്ത് കേരളത്തിലെത്തി എ.കെ.ജി സെന്ററിലിരുത്തിയും പറഞ്ഞു പഠിപ്പിച്ചിട്ടുണ്ട്. ഇനി നല്ല കുട്ടികളായിരിക്കാമെന്ന് രണ്ടു പേരും വാക്കും തന്നിട്ടുണ്ട്. വി.എസും പിണറായിയും ഒരേ മനസ്സോടെ മുന്നണിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നതും പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലേറുന്നതും സ്വപ്‌നം കണ്ട് മനംനിറഞ്ഞാണ് വിമാനം കയറിയതും.
പക്ഷേ ബൂര്‍ഷാ പാര്‍ട്ടികളെപ്പോലെ താല്‍ക്കാലിക വിജയത്തിനു വേണ്ടി പാര്‍ട്ടി നിലപാടുകളെ തളളിപറയാന്‍ പിണറായി വിജയനെപ്പോലെ പരിണതപ്രജ്ഞനായ ഒരു കമ്മ്യൂണിസ്റ്റിനു സാധിക്കില്ലല്ലോ.
വി.എസ് പാര്‍ട്ടി വിരുദ്ധ മാനസികാവസ്ഥയിലാണ് എന്ന പാര്‍ട്ടി പ്രമേയത്തെക്കുറിച്ച് പിണറായിയോട് പത്രക്കാര്‍ ചോദിച്ചാല്‍ പാര്‍ട്ടി പ്രമേയത്തെ തളളിപ്പറയാന്‍ പിണറായിക്കാവില്ലല്ലോ. പ്രമേയം  പാസാക്കിയിട്ടുണ്ടെങ്കില്‍ അതു തിരഞ്ഞെടുപ്പിനു തലേദിവസവും പിണറായി ആവര്‍ത്തിക്കും. അത് പിണറായിക്കു മുഖ്യമന്ത്രിയാവാനാണ് എന്നു വായിക്കുന്നത് ഈ പാര്‍ട്ടിയെക്കുറിച്ച് ഒരു ചുക്കും അറിയാത്തതു കൊണ്ടാണ്.

പാര്‍ട്ടി വിരുദ്ധ മാനസികാവസ്ഥയിലുളള ഒരു വ്യക്തി പാര്‍ട്ടി ടിക്കറ്റില്‍ മല്‍സരിക്കുന്നതും തിരഞ്ഞെടുപ്പിലെ മുഖ്യ പ്രചാരകരിലൊരാളാവുന്നതും എങ്ങനെ എന്നു ചോദിച്ചാല്‍ അതാണു കൂട്ടരേ  വൈരുദ്ധ്യാത്മക ഭൗതിക വാദം എന്നു ബേബി സഖാവ് വിശദീകരിച്ചു തരും.
Next Story

RELATED STORIES

Share it