Flash News

സി കെ വിനീതിനെ ജോലിയില്‍ നിന്ന് പുറത്താക്കി : സര്‍ക്കാരിന്റെ ഇടപെടല്‍ ഫലം കണ്ടില്ല



തിരുവനന്തപുരം: രാജ്യാന്തര ഫുട്‌ബോള്‍ താരം സി കെ വിനീതിനെ ഏജീസ് ഓഫിസില്‍ നിന്നു പിരിച്ചുവിട്ടു. ജോലിയി ല്‍ സ്ഥിരമായി ഹാജരാവാത്തതിനെത്തുടര്‍ന്നാണു നടപടി. സ്‌പോര്‍ട്‌സ് ക്വാട്ടയിലാണു വിനീതിനു ജോലി ലഭിച്ചത്. വിനീതിനെ പുറത്താക്കാന്‍ ഏജീസ് നടപടി സ്വീകരിക്കുന്നതായി നേരത്തേ റിപോര്‍ട്ടുണ്ടായിരുന്നു. ഇതേത്തുടര്‍ന്നു തീരുമാനം പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി എ സി മൊയ്തീന്‍ കംട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ ശശികാന്ത് ശര്‍മയ്ക്കും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രിന്‍സിപ്പല്‍ അക്കൗണ്ടന്റ് ജനറല്‍ സി ഗോപിനാഥനും കത്തയച്ചിരുന്നു. സ്‌പോര്‍ട്‌സ് ക്വാട്ടയിലൂടെയാണു വിനീതിനു ജോലി ലഭിച്ചതെന്നും ഇത്തരത്തിലുള്ള നിലപാട് അദ്ദേഹത്തിന്റെ പ്രതിഭയെ തളര്‍ത്തുമെന്നും ഇരുവരും ഓര്‍മപ്പെടുത്തിയിരുന്നു. എന്നാല്‍, സര്‍ക്കാരിന്റെ ഇടപെടല്‍ ഫലംകണ്ടില്ല.2012ല്‍ ദേശീയ ടീമില്‍ ഇടം നേടിയതിനെത്തുടര്‍ന്നാണു വിനീതിന് ഏജീസ് ഓഫിസി ല്‍ സര്‍ക്കാര്‍ ജോലി നല്‍കിയത്. 2013ലായിരുന്നു ഓഡിറ്റര്‍ റാങ്കില്‍ നിയമനം. ഐ ലീഗില്‍ ബംഗളൂരു എഫ്‌സിയുടെയും ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെയും കളിക്കാരനാണ് വിനീത്. ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ യോഗ്യതാ മല്‍സരത്തിനുള്ള ഇന്ത്യന്‍ ടീമില്‍ അംഗമായ വിനീത് ഇപ്പോള്‍ ഫെഡറേഷന്‍സ് കപ്പിനായി കട്ടക്കിലാണ്. ഇതിനിടയിലാണ് ജോലിയില്‍ നിന്നു പിരിച്ചുവിട്ടുകൊണ്ടുള്ള ഡെപ്യൂട്ടി അഡ്വക്കറ്റ് ജനറലിന്റെ അറിയിപ്പ് ഉണ്ടായത്. ദേശീയ ടീമിലെയും ഐഎസ്എല്‍ ഉള്‍പ്പെടെയുള്ള ലീഗുകളിലെയും കളിത്തിരക്കുകള്‍മൂലം വിനീതിന് ജോലിക്ക് ഹാജരാവാനായിരുന്നില്ല. അതേ സമയം, ജോലിയില്‍ നിന്നു പുറത്താക്കിയതായി ഔദ്യോഗികമായി വിവരം ലഭിച്ചിട്ടില്ലെന്ന് സി കെ വിനീത് ഒരു ചാനലിനോട് പ്രതികരിച്ചു. ഇതിനെതിരേ മറ്റു നടപടികള്‍ക്കില്ലെന്നും കളിയിലാണു തന്റെ ശ്രദ്ധയെന്നും താരം വ്യക്തമാക്കി. അതിനിടെ തൊഴിലില്‍ നിന്നു പിരിച്ചുവിട്ട നടപടി പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന യുവജന കമ്മീഷന്‍ കേന്ദ്ര യുവജനകാര്യ മന്ത്രാലയത്തിനു കത്തയച്ചു.
Next Story

RELATED STORIES

Share it