സി കെ ജാനു ആദിവാസിക്ഷേമ ബോര്‍ഡ് അംഗമാവും; ബോര്‍ഡ് പദവികള്‍ക്ക് സമ്മര്‍ദ്ദവുമായി ബിഡിജെഎസ് 

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ വിവിധ ബോര്‍ഡുകളില്‍ പദവികള്‍ ലഭിക്കുന്നതിനായി ബിഡിജെഎസ് സമ്മര്‍ദ്ദം തുടങ്ങി. ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്താനായി ഡല്‍ഹിയിലെത്തിയ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്ക് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായെ കാണാന്‍ സാധിച്ചില്ല. ഇതേക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ബന്ധപ്പെട്ടപ്പോള്‍ താനിപ്പോള്‍ മുംബൈയിലാണെന്ന് തുഷാര്‍ മറുപടി നല്‍കി. ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗവുമായി ബന്ധപ്പെട്ട് അമിത്ഷാ അലഹബാദിലായതിനാലാണ് കൂടിക്കാഴ്ച നടക്കാതിരുന്നതെന്നാണു സൂചന. ബിജെപിയുടെ പ്രധാന നേതാക്കളാരും ഡല്‍ഹിയില്‍ ഇല്ലെന്ന വിവരം ലഭിച്ചതോടെ തുഷാര്‍ മുംബൈയിലേക്കു പോവുകയായിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിഡിജെഎസ് സഖ്യം ഗുണം ചെയ്‌തെന്ന ബിജെപി ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തലിനു പിന്നാലെയാണ് ബോര്‍ഡ്, കോര്‍പറേഷന്‍ പദവികള്‍ ആവശ്യപ്പെട്ട് ബിഡിജെഎസ് സമ്മര്‍ദ്ദം തുടങ്ങിയത്. പ്രധാന ബോര്‍ഡുകളിലെ ചെയര്‍മാന്‍ സ്ഥാനവും മറ്റ് കേന്ദ്ര സര്‍ക്കാര്‍ സമിതികളിലെ അംഗത്വവുമാണ് പാര്‍ട്ടി ആവശ്യപ്പെടുന്നത്. സ്‌പൈസസ് ബോര്‍ഡ്, നാളികേരള വികസന ബോര്‍ഡ് എന്നീ സുപ്രധാന ബോര്‍ഡുകളുടെ ചെയര്‍മാന്‍ സ്ഥാനമാണ് ബിഡിജെഎസിന്റെ ആവശ്യം. എന്നാല്‍, ഇക്കാര്യത്തില്‍ ബിജെപി സംസ്ഥാന ഘടകത്തിന് അഭിപ്രായ വ്യത്യാസമുണ്ട്. നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തിനായി കണ്ണുവച്ച ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ എതിര്‍പ്പുമായി രംഗത്തുണ്ട്.
കേന്ദ്രത്തില്‍ ബിജെപി അധികാരമേറ്റിട്ട് വര്‍ഷം രണ്ട് തികഞ്ഞെങ്കിലും സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ക്ക് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനങ്ങളോ മറ്റ് സമിതികളില്‍ അംഗത്വമോ നല്‍കിയിട്ടില്ല.
ഇക്കാര്യത്തില്‍ കേരളത്തിലെ ബിജെപി നേതാക്കള്‍ക്ക് എതിര്‍പ്പ് നിലനില്‍ക്കുമ്പോള്‍ തന്നെയാണ് സുപ്രധാന ബോര്‍ഡുകളുടെ ചെയര്‍മാന്‍ സ്ഥാനം ലക്ഷ്യമിട്ട് ബിഡിജെഎസ് സമ്മര്‍ദ്ദം ശക്തമാക്കുന്നത്. ബിഡിജെഎസുമായുള്ള കൂട്ടുകെട്ട് ഗുണം ചെയ്തില്ലെന്ന വാദവുമായി ബിജെപിയിലെ ഒരു വിഭാഗം നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. ബോര്‍ഡ്, കോര്‍പറേഷന്‍ സ്ഥാനങ്ങള്‍ വീതം വയ്ക്കുമ്പോള്‍ ബിഡിജെഎസിന്റെ സമ്മര്‍ദ്ദം കുറയ്ക്കാനുള്ള തന്ത്രംകൂടിയായിരുന്നു ഇതിനു പിന്നില്‍.
തങ്ങള്‍ക്കുള്ള പങ്കുകൂടി സഖ്യകക്ഷി തട്ടിയെടുക്കുമോയെന്ന ആശങ്കയാണ് മിക്ക ബിജെപി നേതാക്കള്‍ക്കുമുള്ളത്. അതേസമയം, എന്തു വിട്ടുവീഴ്ചചെയ്തും ബിഡിജെഎസിനെ കൂടെ നിര്‍ത്തണമെന്ന നിലപാടാണ് കേന്ദ്ര നേതൃത്വത്തിനുള്ളത്. എന്നാല്‍, സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് എന്‍ഡിഎ സ്ഥാനാര്‍ഥിയായി മല്‍സരിച്ച സി കെ ജാനു ആദിവാസിക്ഷേമ ബോര്‍ഡ് അംഗമാവുമെന്ന് ഉറപ്പായിട്ടുണ്ട്.
Next Story

RELATED STORIES

Share it