Fortnightly

ജി.എന്‍. സായിബാബ- യുദ്ധതടവുകാരനായ പ്രൊഫസര്‍

ജി.എന്‍. സായിബാബ- യുദ്ധതടവുകാരനായ പ്രൊഫസര്‍
X


അരുന്ധതി റോയി
ഡല്‍ഹി സര്‍വകലാശാലയിലെ ഇംഗ്ലീഷ് ലക്ചറര്‍ ഡോ ജിഎന്‍ സായിബാബയെ അജ്ഞാതര്‍ തട്ടിക്കൊണ്ട് പോയിട്ട് 2015 മെയ് ഒമ്പതിന് ഒരു വര്‍ഷം തികഞ്ഞു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്നു അദ്ദേഹം. ഭര്‍ത്താവിനെ കാണാതായി, അദ്ദേഹത്തിന്റെ ഫോണ്‍ പ്രതികരിക്കാ തിരുന്നപ്പോള്‍ സായിബാബയുടെ ഭാര്യ  വസന്ത പ്രാദേശിക പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. തുടര്‍ന്ന് തട്ടിക്കൊണ്ട് പോയവര്‍ മഹാരാഷ്ട്രാ പോലിസാണെന്ന് സ്വയം വെളിപ്പെടുത്തി. തട്ടിക്കൊണ്ടുപോകല്‍ അറസ്റ്റായി വിശദീകരിക്കപ്പെട്ടു.
അഞ്ചാംവയസ്സില്‍ അരയ്ക്ക് താഴെ തളര്‍ന്നുപോയ, ചക്രക്കസേരയില്‍ സഞ്ചരിക്കുന്ന ഈ പ്രഫസറെ മുറപ്രകാരം എളുപ്പത്തില്‍ അറസ്റ്റ് ചെയ്യാമെന്നിരിക്കെ എന്തുകൊണ്ട് തട്ടിക്കൊണ്ട് പോയി? അതിന് രണ്ട് കാരണങ്ങളുണ്ടായിരുന്നു. ഒന്ന് ഡല്‍ഹി സര്‍വകലാശാല വളപ്പിലെ വസതിയില്‍ നിന്ന് സായിബാബയെ അറസ്റ്റ് ചെയ്യുന്നുവെങ്കില്‍ രോഷാകുലരായ ജനക്കൂട്ടത്തെ നേരിടേണ്ടിവരുമെന്ന് മുന്‍സന്ദര്‍ശനങ്ങളില്‍ നിന്നു അവര്‍ മനസ്സിലാക്കിയിരുന്നു. സമര്‍പ്പിതനായ അധ്യാപകന്‍ എന്ന നിലയില്‍ മാത്രമല്ല, ഭയരഹിതമായ രാഷ്ട്രീയ ലോകകാഴ്ചപ്പാട് പുലര്‍ത്തുന്ന ആളെന്ന നിലയിലും സായിബാബയെ പ്രഫസര്‍മാരും വിദ്യാര്‍ത്ഥികളും സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്തിരുന്നു. തങ്ങളുടെ ബുദ്ധിശക്തിയും ധീരതയും കൊണ്ട് മാത്രമാണ് ആപല്‍ക്കാരിയായ ഒരു ഭീകരവാദിയെ saibaba-blurb
പിടിക്കാനായതെന്ന് വരുത്തുകയാണ് രണ്ടാമത്തെ കാരണം.
എന്നാല്‍ സത്യം കൂടുതല്‍ മുഷിപ്പുണ്ടാക്കുന്നതാണ്. പ്രഫസര്‍ സായിബാബയെ അറസ്റ്റ് ചെയ്‌തേക്കാനിടയുണ്ടെന്ന് വളരെ മുമ്പേ ഞങ്ങളില്‍ പലരും മനസ്സിലാക്കിയിരുന്നു. മാസങ്ങളായി അത് പരസ്യമായ ചര്‍ച്ചാവിഷയമായിരുന്നു. യഥാര്‍ഥത്തില്‍ ഈ കാലഘട്ടത്തില്‍ അദ്ദേഹം കൂടുതല്‍ സമയം ചിലവഴിച്ചത് 'ഇന്ത്യന്‍ ഇംഗ്ലീഷ് സാഹിത്യത്തിന്റെ രാഷ്ട്രീയ അച്ചടക്കം' എന്ന വിഷയത്തില്‍ പി.എച്ച്. ഡി പൂര്‍ത്തിയാക്കാനായിരുന്നു. അദ്ദേഹം അറസ്റ്റ്‌ചെയ്യപ്പെടുമെന്ന് ഞങ്ങള്‍ എന്തുകൊണ്ട് കരുതി? എന്തായിരുന്നു അദ്ദേഹം ചെയ്ത കുറ്റം?
2009 സപ്തംബറില്‍ അന്നത്തെ ആഭ്യന്തരമന്ത്രി പി ചിദംബരം ഇന്ത്യയുടെ ചുവന്ന ഇടനാഴിയില്‍ ഹരിതവേട്ട എന്നുവിളിക്കുന്ന ഒരു യുദ്ധം പ്രഖ്യാപിക്കുകയുണ്ടായി. മധ്യേന്ത്യന്‍ കാടുകളിലെ മാവോവാദികള്‍ക്കെതിരായ കേന്ദ്രസേനകളുടെ സൈനിക നടപടിയായി അത് വിളംബരം ചെയ്യപ്പെട്ടു. യഥാര്‍ത്ഥത്തില്‍ സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ അതുവരെ നടത്തിയ ആ സായുധ സംഘങ്ങളുടെ (ബസ്തറില്‍ സാല്‍വജൂദ് എന്ന പേരിലും മറ്റ് സംസ്ഥാനങ്ങളില്‍ പേരില്ലാതെയും പ്രവര്‍ത്തിക്കുന്ന സായുധ സേനകള്‍) ഔദ്യോഗിക നാമമായിരുന്നു ഹരിതവേട്ട. തടഞ്ഞുവയ്ക്കപ്പെട്ട പദ്ധതി കളുമായി മുന്നോട്ട് പോകാന്‍ സ്വകാര്യ ഖനന കമ്പനികള്‍ക്ക് സാധിക്കുന്നതിന്, കുഴപ്പക്കാരെ വനങ്ങളില്‍ നിന്ന് ഒഴിപ്പിക്കുകയായിരുന്നു സൈനിക നടപടിയുടെ ലക്ഷ്യം. ആദിവാസി വനഭൂമി സ്വകാര്യ കമ്പനികള്‍ക്ക് അനധികൃതമായും ഭരണഘടനാ വിരുദ്ധമായും തീറെഴുതികൊടുത്തത് അന്നത്തെ യുപിഎ സര്‍ക്കാറിനെ അലട്ടിയിരുന്നില്ല. (ഇപ്പോഴത്തെ സര്‍ക്കാറിന്റെ പുതിയ ഭൂമി ഏറ്റെടുക്കല്‍ നിയമം നിയമവിരുദ്ധമായതിനെ നിയമമാക്കി ഉയര്‍ത്താന്‍ വിഭാവനം ചെയ്യുന്നതാണ്).
ആയിരക്കണക്കിന് അര്‍ദ്ധ സൈനികര്‍ അനധികൃത സായുധ സംഘങ്ങളുടെ അകമ്പടിയോടെ വനങ്ങള്‍ കീഴടക്കി. ഗ്രാമങ്ങള്‍ കത്തിച്ചു, ഗ്രാമിണരെ കൊലപ്പെടുത്തി, സ്ത്രീകളെ ബലാത്സംഗം ചെയ്തു. പതിനായിരക്കണക്കിന് ആദിമനിവാസികള്‍ സ്വന്തം വീടുകളില്‍ നിന്ന് പലായനം ചെയ്തു. മാസങ്ങളോളം അവര്‍ വനങ്ങളില്‍ തുറന്ന ആകാശത്തിനു കീഴില്‍ ഒളിച്ചു കഴിഞ്ഞു. ഈ മൃഗീയതക്കെതിരായ തിരിച്ചടിയായി നൂറ് കണക്കിന് ആളുകള്‍ സി.പി.ഐ (മാവോയിസ്റ്റുകളുടെ) ആഭിമുഖ്യത്തിലുള്ള ജനകീയ വിമോചന ഗറില്ല സേനയില്‍ ചേര്‍ന്നു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് മാവോവാദികളെ 'ഏറ്റവും വലിയ സുരക്ഷാഭീഷണി' എന്നാണ് വിശേഷിപ്പിച്ചത്. ഇപ്പോഴും ആഭ്യന്തരയുദ്ധം എന്ന് വിളിക്കപ്പെടുക വഴി മുഴുവന്‍ മേഖലയും ഇളക്കിമറിക്കുകയാണ്.
വലിച്ചുനീട്ടുന്ന ഏത് ദീര്‍ഘകാല യുദ്ധത്തിന്റെ കാര്യത്തിലുമെ ന്നപോലെ സ്ഥിതിഗതികള്‍ ആരംഭദശയില്‍ നീണ്ടുപോയി. ചിലരുടെ പോരാട്ടങ്ങള്‍ നല്ലതായി തുടരുമ്പോള്‍ തന്നെ മറ്റ് ചിലര്‍ അവസരവാദികളും ഭീഷണിപ്പെടുത്തി പണം പിടുങ്ങുന്നവരും സാധാരണ ക്രിമിനലുകളായി മാറി. ഒരുഗ്രൂപ്പ് മറ്റൊരു ഗ്രൂപ്പിനോട് സംസാരിക്കുക എപ്പോഴും എളുപ്പമല്ല. അത് എല്ലാവരേയും ഒരേ ബ്രഷുക്കൊണ്ട് താറടിക്കുന്നത് എളുപ്പമാക്കി. ഭയാനകമായ അതിക്രമങ്ങള്‍ നടന്നു. ഒരു വിഭാഗം അതിക്രമങ്ങള്‍ ഭീകരവാദമെന്നും മറ്റേത് പുരോഗമനപരമെന്നും വിളിക്കപ്പെട്ടു.
greenhunt-Blurb2010ലും 11ലും ഹരിതവേട്ട അങ്ങേയറ്റം മൃഗീയമായിരുന്നു. എന്നാല്‍ അതിനെതിരായ പ്രചാരണത്തിനും ഊക്ക് കൂടി. നിരവധി നഗരങ്ങളില്‍ പൊതുയോഗങ്ങളും റാലികളും നടന്നു. വനങ്ങളില്‍ എന്താണ് സംഭവിക്കുന്നതെന്ന ശക്തമായ പ്രചാരണം അന്താരാഷ്ട്ര മാധ്യമങ്ങളുടെയും ശ്രദ്ധപിടിച്ചുപറ്റി. ഹരിതവേട്ടക്കെതിരേ ജനങ്ങളെ അണിനിരത്തി, പരസ്യപ്രചാരണം നടത്തിയ പ്രധാനികളില്‍ ഒരാള്‍ ഡോ. സായിബാബയായിരുന്നു. പ്രചാരണം താല്‍ക്കാലികമായെങ്കിലും വിജയമായി. ഹരിതവേട്ട എന്ന ഒന്നില്ലെന്നും അത് മാധ്യമ സൃഷ്ടിയാണെന്നും നടിച്ച സര്‍ക്കാര്‍ നാണം കെട്ടു. തീര്‍ച്ചയായും ആദിമനിവാസി കേന്ദ്രങ്ങളിലെ ആക്രമണങ്ങള്‍ ഇപ്പോള്‍ പുറത്തുവരുന്നില്ല. പേരില്ലാതെയാണ് സൈനിക നടപടി എന്നതാണ് അതിന്റെ കാരണം. മാവോവാദികളാല്‍ കൊല്ലപ്പെട്ട സാല്‍വജൂദ് സ്ഥാപകന്‍ മഹേന്ദ്രകര്‍മ്മയുടെ മകന്‍ ഛവീന്ദ്ര കര്‍മ്മ 2015 മെയ് 5ന് സാല്‍വജൂദ് കക ന്റെ ഉദ്ഘാടനം പ്രഖ്യാപിച്ചു. സാല്‍വജൂദ് നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്നും അത് പിരിച്ചുവിടണമെന്നും സുപ്രിംകോടതി ഉത്തരവിട്ടിരിക്കെയായിരുന്നു ഈ പ്രഖ്യാപനം.
പേരില്ലാത്ത സൈനിക നടപടിയില്‍ സര്‍ക്കാര്‍ നയങ്ങള്‍ നടപ്പാക്കുന്നതിനെ വിമര്‍ശിക്കുകയോ തടസ്സപ്പെടുത്തുകയോ ചെയ്യുന്ന ആരും മാവോവാദിയെന്ന് വിളിക്കപ്പെടുന്നു. ആയിരക്കണക്കിന് ദളിതുകളേയും ആദിവാസികളേയും ഇപ്രകാരം മാവോവാദികളെന്ന് മുദ്രകുത്തി ജയിലില്‍ അടച്ചു. യു.എ.പി.എ അനുസരിച്ച് രാജ്യദ്രോഹം, സര്‍ക്കാറിനെതിരായ യുദ്ധപ്രഖ്യാപനം തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. നിയമസഹായമോ നീതിലഭിക്കുമെന്ന പ്രതീക്ഷയോ ഇല്ലാതെ ഗ്രാമീണര്‍ വര്‍ഷങ്ങളോളം ജയിലില്‍ നരകിച്ച് കൊണ്ടിരിക്കെ സര്‍ക്കാര്‍, നഗരങ്ങളില്‍ പരസ്യപ്രവര്‍ത്തനം നടത്തുന്നവരെന്ന് വിളിക്കപ്പെടുന്നവര്‍ക്കെതിരേ ശ്രദ്ധതിരിച്ചു.
മുന്‍കാല സ്ഥിതിവിശേഷം ആവര്‍ത്തിക്കരുതെന്ന് തീര്‍ച്ചപ്പെടുത്തി. saibaba-family

2013ല്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സര്‍ക്കാറിന്റെ ഉദ്ദേശ്യങ്ങള്‍ വ്യക്തമാക്കുകയുണ്ടായി. സത്യവാങ്മൂലത്തില്‍ ഇപ്രകാരം പറയുന്നു. സര്‍ക്കാറിനെ മോശമായി ചിത്രീകരിക്കാന്‍ നഗരങ്ങളിലും പട്ടണങ്ങളിലും സി.പി.ഐ (മാവോയിസ്റ്റ്) യുടെ സൈദ്ധാന്തികരും അനുഭാവികളും ബോധപൂര്‍വ്വമായ പ്രചാരണം നടത്തുന്നുണ്ട്. മാവോവാദി പ്രസ്ഥാനത്തെ സജീവമാക്കി നിര്‍ത്തുന്ന ഈ സൈദ്ധാന്തികര്‍ ജനകീയ വിമോചന ഗറില്ല സേനയിലെ പ്രവര്‍ത്തകരേക്കാള്‍ പലതരത്തിലും ആപല്‍ക്കാരികളാണ്.

ഡോ. സായിബാബയുടെ
രംഗപ്രവേശം
സായിബാബയെ കുറിച്ച് കൃത്രിമവും അതിശയോക്തിപരവുമായ വാര്‍ത്തകള്‍ പത്രങ്ങളില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയിരുന്നു. അവരുടെ കൈവശം യഥാര്‍ഥ തെളിവില്ലെങ്കില്‍ അടുത്തമാര്‍ഗ്ഗം തങ്ങളുടെ ഇരക്കു ചുറ്റും സംശയത്തിന്റെ  അവസ്ഥ സൃഷ്ടിക്കുകയെന്നതാണ്.
2013 സപ്തംബര്‍ 12ന് 50 സായുധ പോലിസുകാര്‍ അദ്ദേഹത്തിന്റെ വസതിയില്‍ റെയിഡ് ചെയ്തു. മഹാരാഷ്ട്രയിലെ അഹേരി പട്ടണത്തില്‍ ഒരു മജിസ്‌ട്രേറ്റിന്റെ വസ്തു മോഷ്ടിച്ചുവെന്ന പരാതിയില്‍ സര്‍ച്ച് വാറണ്ടിന്റെ അടിസ്ഥാനത്തിലായിരുന്നു തിരച്ചില്‍. എന്നാല്‍ മേപ്പടി സാധനമൊന്നും കണ്ടെത്തിയില്ല. പകരം അദ്ദേഹത്തിന്റെ വസ്തു അവര്‍ എടുത്തു കൊണ്ടു (മോഷ്ടിച്ചു?) പോയി. ലാപ്‌ടോപ്, ഹാര്‍ഡ് ഡിസ്‌ക്കുകള്‍, പെന്‍ഡ്രൈവുകള്‍ എന്നിവയാണ് പോലീസ് കൊണ്ടുപോയത്. രണ്ടാഴ്ചക്കു ശേഷം അന്വേഷണ ഉദ്യോഗസ്ഥന്‍ സായിബാബയെ ഫോണില്‍ വിളിച്ച് ഹാര്‍ഡ് ഡിസ്‌ക്കുകളിലെ ഉള്ളടക്കമറിയാന്‍ പാസ്‌വേര്‍ഡ് ആവശ്യപ്പെട്ടു. അദ്ദേഹം അത് നല്‍കുകയും ചെയ്തു.
Sai-blurb2014 ജനുവരി 9ന് സായിബാബയെ അദ്ദേഹത്തിന്റെ വസതിയില്‍ വെച്ച് പോലിസുകാര്‍ ചോദ്യം ചെയ്തു. മെയ് 9ന് അവര്‍ അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയി. അന്ന് രാത്രിതന്നെ നാഗ്പൂരിലേക്കും അവിടെ നിന്ന് അഹേരിയിലേക്കും കൊണ്ടുപോയി. നാഗ്പൂരിലേക്ക് തിരിച്ചു കൊണ്ടുവന്നത് നൂറുകണക്കിന് പോലിസുകാരുടെയും കുഴിബോംബ് വേധ വാഹനങ്ങളുടെയും അകമ്പടിയോടെ ആയിരുന്നു. നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലിലെ കുപ്രസിദ്ധമായ അണ്ഡജയിലില്‍ അദ്ദേഹം അടയ്ക്കപ്പെട്ടു. രാജ്യത്തെ ജയിലുകളില്‍ അടയ്ക്കപ്പെട്ട ആയിരക്കണക്കിന് വിചാരണ തടവുകാരില്‍ സായിബാബയുടെ പേരും ചേര്‍ക്കപ്പെട്ടു ഈ ബഹളങ്ങള്‍ക്കിടയില്‍ അദ്ദേഹത്തിന്റെ ചക്രകസേര കേടായി. സായിബാബയ്ക്ക് 90 ശതമാനം അംഗവൈകല്യമുണ്ട്. ആരോഗ്യനില കൂടുതല്‍ വഷളാവാതിരിക്കാന്‍ ശ്രദ്ധാപൂര്‍വ്വമായ ശുശ്രൂഷയും ഫിസിയോ തെറാപ്പിയും ആവശ്യമാണ്. എന്നിട്ടും അദ്ദേഹത്തെ സാധാരണ സെല്ലില്‍ അടച്ചു (അദ്ദേഹം ഇപ്പോഴും അവിടെയാണ്) ശൗചാലയം ഉപയോഗിക്കുന്നതിന് പോലും ആരും സഹായിച്ചില്ല. സായിബാബയ്ക്ക് നിലത്ത് ഇഴയേണ്ടിവന്നു. ഇവയൊന്നും പീഢനത്തിന്റെ നിര്‍വചനത്തില്‍ വരില്ല. സായിബാബ തടവുകാര്‍ക്കിടയില്‍ തുല്യനല്ല എന്നതാണ് സര്‍ക്കാറിന്റെ വലിയ നേട്ടം. അദ്ദേഹം ക്രൂരമായി പീഡിപ്പിക്കപ്പെടാം. ഒരു പക്ഷെ കൊല്ലപ്പെടുകപോലും ചെയ്‌തേക്കാം.
മഹാരാഷ്ട്ര പോലീസ് സംഘം തങ്ങളുടെ വിജയസ്മാരകത്തോടൊപ്പം അഭിമാനപൂര്‍വ്വം നില്‍ക്കുന്ന ചിത്രങ്ങളോടെയാണ് നാഗ്പൂരില്‍ പിറ്റെ ദിവസത്തെ പത്രങ്ങളിറങ്ങിയത്. കേടായ ചക്രകസേരയിലിരിക്കുന്ന ഭീകരവാദി, പ്രഫസര്‍ യുദ്ധതടവുകാരന്‍.
നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് സായിബാബക്കെതിരേ കേസെടുത്തിരിക്കുന്നത്. ജെഎന്‍യു വിദ്യാര്‍ത്ഥി ഹേമാ മിശ്രയ്ക്ക് കംപ്യൂട്ടര്‍ ചിപ്പ് നല്‍കിയ കേസിലും പ്രതിയാണ്. ഹേമാ മിശ്ര 2013 ആഗസ്തില്‍ ബല്ലാര്‍ഷാ റെയില്‍വേ സ്റ്റേഷനില്‍ വച്ച് അറസ്റ്റിലായി. സായിബാബയ്‌ക്കൊപ്പം അദ്ദേഹം നാഗ്പൂര്‍ ജയിലിലാണ്. ഈ കേസിലെ മറ്റ് മൂന്നു പ്രതികള്‍ ജാമ്യത്തിലിറങ്ങി.
greenhuntമാവോവാദി അനുകൂല സംഘടനയെന്ന് സംശയിക്കപ്പെടുന്ന വിപ്ലവ ജനാധിപത്യ മുന്നണി (ആര്‍.ഡി.എഫ്)യുടെ ജോയിന്റ് സെക്രട്ടറിയാണ് സായിബാബ എന്നാണ് കുറ്റപത്രത്തിലെ മറ്റൊരു ഗുരുതരമായ ആരോപണം. ഒഡീഷയിലും ആന്ധ്രാപ്രദേശിലും ഈ സംഘടനയെ നിരോധിച്ചിട്ടുണ്ട്. എന്നാല്‍ ഡല്‍ഹിയിലോ മഹാരാഷ്ട്രയിലോ നിരോധനമില്ലതാനും. ഹൈദരാബാദില്‍ കഴിയുന്ന പ്രമുഖ കവി വര വര റാവുവാണു ആര്‍ എഡി എഫിന്റെ പ്രസിഡണ്ട്.
ഡോ. സായിബാബയുടെ വിചാരണ തുടങ്ങിയിട്ടില്ല. അതിന് വര്‍ഷങ്ങളല്ലെങ്കില്‍ മാസങ്ങളെങ്കിലുമെടുക്കും. അത്രയും കാലം ദുസ്സഹമായ ജയിലവസ്ഥയില്‍ 90 ശതമാനം അംഗപരിമിതിയുള്ള ഒരാള്‍ക്ക് അതിജീവിക്കാനാവുമോ എന്നാണ് ചോദ്യം.
ജയിലില്‍ അടച്ച വര്‍ഷം ആരോഗ്യനില ഭീതിജനകമാം വിധം വഷളായിരുന്നു അടിക്കടി കടുത്ത വേദന അനുഭവപ്പെട്ടു (പോളിയോ ഇരകളില്‍ ഇത് സ്വാഭാവികമാണെന്ന് ജയില്‍ അധികൃതര്‍) സുഷ്മ്‌നാകാണ്ഡം പരിതാപകരമായ അവസ്ഥയിലായി. അത് വിട്ടുപോയി ശ്വാസകോശത്തിന്റെ നേര്‍ക്ക് തള്ളി. ഇടതു കൈയുടെ പ്രവര്‍ത്തനം നിലച്ചു. അടിയന്തിരമായി ആഞ്ചിയോപ്ലാസ്റ്റി ചെയ്യണമെന്നാണ് അദ്ദേഹത്തെ പരിശോധിച്ച ഹൃദ്രോഗ വിദഗ്ധന്‍ ജയിലധികൃതരോട് ആവശ്യപ്പെട്ടത്. ആഞ്ചിയോപ്ലാസ്റ്റിക് ശേഷമുള്ള ജയില്‍വാസം ഭയാനകമായിരിക്കും. അതുചെയ്യാതെ ജയിലില്‍ കഴിയുന്നതും ഭയാനകമായിരിക്കും. ആരോഗ്യത്തിന് മാത്രമല്ല, അതിജീവനത്തിനും ആവശ്യമായ ചികിത്സ ജയില്‍ അധികൃതര്‍ ആവര്‍ത്തിച്ച് നിഷേധിച്ചു. മരുന്ന് നല്‍കാന്‍ അനുവദിച്ചപ്പോള്‍ അതിന്റെ കൂടെ നല്‍കേണ്ട പ്രത്യേക ഭക്ഷണം നിഷേധിക്കപ്പെട്ടു.
അംഗപരിമിതരുടെ അവകാശങ്ങള്‍ സംബന്ധിച്ച അന്തരാഷ്ട്ര പ്രമാണങ്ങളില്‍ ഇന്ത്യ കക്ഷിയാണ്. അംഗപരിമിതനായ വിചാരണ തടവുകാരനെ ദീര്‍ഘകാലം തടവിലിടുന്നത് ഇന്ത്യന്‍ നിയമം വിലക്കുന്നുണ്ട്. എന്നിട്ടും സെഷന്‍സ് കോടതി രണ്ടു തവണ സായിബാബയ്ക്ക്  ജാമ്യം നിഷേധിച്ചു. സായിബാബയുടെ അവസ്ഥയ്ക്ക് ആവശ്യമായ പ്രത്യേക പരിഗണന നല്‍കുന്നുണ്ടെന്ന് ജയിലധികൃതര്‍ പറഞ്ഞതിന്റെ  അടിസ്ഥാനത്തിലായിരുന്നു രണ്ടാംതവണ ജാമ്യം നിഷേധിച്ചത് (പുതിയ ചക്രകസേര നല്‍കാന്‍ സായിബാബയുടെ കുടുംബത്തെ അവര്‍ അനുവദിക്കുകയുണ്ടായില്ല) തനിക്ക് ജാമ്യം നിഷേധിച്ച അന്നു തന്നെ പ്രത്യേക പരിഗണന പിന്‍വലിച്ചുവെന്ന് സായിബാബ ജയിലില്‍ നിന്നെഴുതിയ കത്തില്‍ പറഞ്ഞു. തുടര്‍ന്ന് അദ്ദേഹം നിരാഹാര സമരം നടത്തി. ഏതാനും നാളുകള്‍ക്കകം അബോധാവസ്ഥയില്‍ ആശുപത്രിയിലായി എന്നതായിരുന്നു അതിന്റെ ഫലം.
സായിബാബ കുറ്റക്കാരനാണോ അല്ലയോ എന്നത് കോടതിയുടെ തീരുമാനത്തിന് വിടാം. എന്നാല്‍ നമുക്ക് ജാമ്യം എന്ന ഏക പ്രശ്‌നത്തില്‍ ശ്രദ്ധപതിപ്പിക്കാം. അദ്ദേഹത്തെ സംബന്ധിച്ച് ജാമ്യം അക്ഷരാര്‍ത്ഥത്തില്‍ ഒരു ജീവന്മരണ പ്രശ്‌നമാണ്. ആരോപണങ്ങള്‍ അവിടെ നില്‍ക്കട്ടെ, അദ്ദേഹത്തിന് ജാമ്യം ലഭിക്കണമോ? ജാമ്യം ലഭിച്ച അറിയപ്പെടുന്ന പൊതുപ്രവര്‍ത്തകരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായ 2002 നരോപാദ്യ കൂട്ടക്കൊലയില്‍ പങ്കുള്ളതിന് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ബാബു ബജ്‌രംഗിയെ 2015 ഏപ്രില്‍ 23ന് ഗുജറാത്ത് ഹൈക്കോടതി ജാമ്യത്തില്‍ വിട്ടയച്ചു. അടിയന്തരമായി കണ്ണിന് ശസ്ത്രക്രിയനടത്താന്‍ വേണ്ടിയാണ് ജാമ്യം അനുവദിച്ചത്. താന്‍ ചെയ്ത കുറ്റകൃത്യം സംബന്ധിച്ച് ബജ്‌രംഗിയുടെ സ്വന്തം വാക്കുകള്‍ കേള്‍ക്കുക. 'ഒരു മുസ്‌ലിം കടപോലും ബാക്കിവയ്ക്കാതെ എല്ലാം ഞങ്ങള്‍ ചുട്ടെരിച്ചു. ഞങ്ങള്‍ അവരെ കൊന്നും വെട്ടിയും കത്തിച്ചും ഈ തന്തയില്ലാത്തവര്‍ സംസ്‌ക്കരിക്കപ്പെടാന്‍ താല്‍പ്പര്യമില്ലാതിരുന്നതിനാല്‍ ഞങ്ങള്‍ അവരെ ചുട്ടുകൊല്ലുന്നതില്‍ വിശ്വസിച്ചു.' (ആഫ്റ്റര്‍ കില്ലിംഗ് ദം ഐ ഫെല്‍റ്റ് ലൈക്ക് മഹാറാണ പ്രതാപ്- തെഹല്‍ക്ക 2007 സപ്തംബര്‍ ഒന്ന്)
നരോദപാട്യ കൂട്ടക്കൊല ആസൂത്രണം ചെയ്തതിന് 28 കൊല്ലത്തെ തടവിന് ശിക്ഷിക്കപ്പെട്ട ഗുജറാത്തിലെ നരേന്ദ്രമോദി സര്‍ക്കാറില്‍ മന്ത്രിയായിരുന്ന മായാകോഡ് നാനിക്ക് ഹൈക്കോടതി 2014 ജൂലൈ 30ന് ജാമ്യം അനുവദിച്ചു. തനിക്ക് കുടലില്‍ ക്ഷയബാധ, ഹൃദ്രോഗം, തുടങ്ങിയവയാണെന്നാണ് ഡോക്ടറായ കോഡ്‌നാനി കോടതിയെ അറിയിച്ചത്. അവരുടെ ശിക്ഷ കോടതി നിര്‍ത്തിവെച്ചു.vartha
സുഹ്‌റബുദ്ദീന്‍ ഷെയ്ഖ്, ഭാര്യ കൗസര്‍ബി, തുളസീറാം പ്രജാപതി വ്യാജ ഏറ്റുമുട്ടല്‍ കേസുകളിലെ പ്രതിയായ അമിത്ഷായെ 2010 ജൂലൈയില്‍ അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ മോദിസര്‍ക്കാറിലെ മന്ത്രിയായിരുന്നു അദ്ദേഹം. കൊല്ലപ്പെടുന്നതിന് മുമ്പ് ഇരകളെ കസ്റ്റഡിയില്‍ വെച്ച പോലിസ് ഉദ്യോഗസ്ഥരുമായി ഷാ അടിക്കടി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നുവെന്ന് തെളിയിക്കുന്ന ഫോണ്‍ രേഖകള്‍ സി.ബി.ഐ ഹാജരാക്കിയിരുന്നു. അറസ്റ്റിലായി മൂന്നുമാസത്തിനു ശേഷം അദ്ദേഹത്തിന് ജാമ്യം അനുവദിച്ച് (തുടര്‍ന്ന് അസ്വസ്ഥജനകവും ദുരൂഹമായ സംഭവങ്ങള്‍ക്കും ശേഷം ഷായെ കേസില്‍ നിന്നും ഒഴിവാക്കി) അദ്ദേഹം ഇപ്പോള്‍ ബി.ജെ.പിയുടെ അധ്യക്ഷനും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വലം കയ്യുമാണ്.
1987 മെയ് 22ന് ഹാഷിംപുരയില്‍ പ്രൊവിന്‍ഷ്യല്‍ ആംഡ് കോണ്‍സ്റ്റാ ബുലറി (പി.എ. സി)സൈനികര്‍ 42 മുസ്‌ലിംകളെ വെടിവെച്ചുകൊന്നു. മൃതദേഹങ്ങള്‍ കനാലില്‍ തള്ളി, ഈ കേസില്‍ 19 പി.എസി ക്കാര്‍ പ്രതികളായിരുന്നു. അവരെ സര്‍വ്വീസില്‍ തുടരാന്‍ അനുവദിച്ചു. അവര്‍ക്ക് മറ്റുള്ളവരെ പോലെ സ്ഥാനക്കയറ്റവും ബോണസും ലഭിച്ചു. 13 കൊല്ലത്തിനു ശേഷം 2000 ത്തില്‍ അവരില്‍ 16 പേര്‍ കീഴടങ്ങി (മൂന്ന് പ്രതികള്‍ നേരത്തെ മരിച്ചിരുന്നു). അവരെ ഉടന്‍ ജാമ്യത്തില്‍ വിട്ടു. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് 2015 മാര്‍ച്ചില്‍ തെളിവിന്റെ അഭാവത്തില്‍ 16 പേരെ വിട്ടയച്ചു.
ഡല്‍ഹി സര്‍വ്വകലാശാല അധ്യാപകനും സായിബാബയെ മോചിപ്പിക്കുന്നതിനു വേണ്ടിയുള്ള കമ്മിറ്റിയിലെ അംഗവുമായ ഹണിബാബു ഈയിടെ ആശുപത്രിയില്‍ വച്ച് സായിബാബയെ കാണുകയുണ്ടായി. 2015 ഏപ്രില്‍ 23ന് ഹണിബാബു വിളിച്ചു കൂട്ടിയ വാര്‍ത്താസമ്മേളനത്തില്‍ ആസന്ദര്‍ഭത്തെ ഇങ്ങനെ വിശദീകരിക്കുന്നു. ഡോ. സായിബാബയ്ക്ക് ഡ്രിപ്പ് കൊടുത്തു കൊണ്ടിരിക്കുകയായിരുന്നു. കിടക്കയിലിരുന്ന് അദ്ദേഹം സംസാരിച്ചു ഒരു സുരക്ഷാ സൈനികന്‍ അദ്ദേഹത്തിന്റെ തലയ്ക്ക് നേരെ എ.കെ 47 റൈഫിള്‍ ചൂണ്ടിനിന്നു. തളര്‍ന്നു പോയ കാലുകളോടെ തടവുകാരന്‍ ഓടി രക്ഷപ്പെടുന്നില്ലെന്ന് ഉറപ്പ് വരുത്തുക അയാളുടെ ചുമതലയായിരുന്നു.
സായിബാബ നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ജീവനോടെ പുറത്തുവരുമോ? അവര്‍ അങ്ങനെ ആഗ്രഹിക്കുന്നുണ്ടോ? ഇല്ലെന്ന് പറയാന്‍ വളരെയധികം കാരണങ്ങളുണ്ട്.

(അരുന്ധതി റോയിക്കെതിരേ
കോടതിയലക്ഷ്യ നടപടിക്കിടയാക്കിയ ഔട്ട്‌ലുക്ക് ലേഖനം.)

പരിഭാഷ:
കുന്നത്തൂര്‍ രാധാകൃഷ്ണന്‍
Next Story

RELATED STORIES

Share it