Flash News

സിസ്റ്റര്‍ സൂസമ്മയുടെ മരണം; അഭയ കേസുമായി സാമ്യതകളേറെ

കൊല്ലം: പത്തനാപുരം മൗണ്ട് താബോര്‍ കോണ്‍വെന്റിലെ കന്യാസ്ത്രീ സി ഇ സൂസമ്മയുടെ മരണവുമായി ബന്ധപ്പെട്ട് ഉയരുന്ന സംശയങ്ങള്‍ സിസ്റ്റര്‍ അഭയയുടെ ദുരൂഹ മരണത്തെ ഓര്‍മിപ്പിക്കുന്നു. ആത്മഹത്യയാണെന്നു പോലിസ് പ്രാഥമികമായി വിലയിരുത്തുമ്പോഴും അപായപ്പെടുത്തിയതാണോ എന്നതുസംബന്ധിച്ച അന്വേഷണവും തുടരുകയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെയും കോണ്‍വെന്റിലെ അന്തേവാസികളെ ഉള്‍െപ്പടെ പോലിസ് ചോദ്യം ചെയ്തു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഉള്‍െപ്പടെ കാമറയില്‍ പകര്‍ത്തുകയും ചെയ്യുന്നുണ്ട്. സിസ്റ്റര്‍ അഭയയുടെ മരണവും തുടക്കത്തില്‍ ആത്മഹത്യയെന്ന നിലയില്‍ പോലിസ് എഴുതിത്തള്ളിയിരുന്നു. രണ്ടു കാര്യങ്ങളിലാണ് പോലിസിന് ഇപ്പോഴും സംശയം നിലനില്‍ക്കുന്നത്. മരണത്തിനു മുമ്പു കന്യാസ്ത്രീയുടെ മുടി മുറിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇത് ദുരൂഹത സൃഷ്ടിക്കുന്നുണ്ട്. കന്യാസ്ത്രീകള്‍ തലമുടി സ്വയം മുറിക്കുകയാണ് പതിവെന്നു മഠത്തിലുള്ളവര്‍ മൊഴി നല്‍കിയിട്ടുണ്ടെങ്കിലും പോലിസ് ഇതു പൂര്‍ണമായും മുഖവിലയ്‌ക്കെടുത്തിട്ടില്ല. സിസ്റ്റര്‍ താമസിച്ചിരുന്ന മുറിയില്‍ നിന്ന് ഏറെ താഴ്ചയിലാണ് മൃതദേഹം കണ്ടെത്തിയ കിണര്‍. കൈത്തണ്ടകള്‍ മുറിച്ച ശേഷം മണ്‍ത്തിട്ടകളും ചെറിയ കുഴികളുമുള്ള വഴിയിലൂടെ കിണറിനരികില്‍ സിസ്റ്റര്‍ സ്വയം എത്തിയെന്നു വിശ്വസിക്കാനാവില്ലെന്നു നാട്ടുകാര്‍ പറയുന്നു. കൈത്തണ്ടകള്‍ മുറിച്ച ഇവര്‍ ഇത്രയും ദൂരം എത്തിയതിലാണ് സംശയം. ശനിയാഴ്ച രാത്രിയിലോ ഞായറാഴ്ച പുലര്‍ച്ചെയോ സിസ്റ്റര്‍ കിണറ്റില്‍ വീണിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. ഈ സംശയങ്ങളൊക്കെ 25 വര്‍ഷം മുമ്പ് മരിച്ച സിസ്റ്റര്‍ അഭയയുടെ മരണത്തെ ഓര്‍മിപ്പിക്കുകയാണ്. 1992 മാര്‍ച്ച് 27നാണ് ബിസിഎം കോളജ് വിദ്യാര്‍ഥിനിയായിരുന്ന സിസ്റ്റര്‍ അഭയയെ ഹോസ്റ്റല്‍ വളപ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ എന്ന നിലയിലായിരുന്നു ഈ കേസ് ആദ്യം പരിഗണിച്ചിരുന്നത്. തിരുവനന്തപുരത്തെ ചീഫ് കെമിക്കല്‍ എക്‌സാമിനേഷന്‍ ലബോറട്ടറിയില്‍ നടത്തിയ പരിശോധനാ റിപോര്‍ട്ടില്‍ വര്‍ഷങ്ങള്‍ക്കു ശേഷം തിരുത്തല്‍ വരുത്തിയതായി കണ്ടെത്തിയതോടെയാണ് കേസ് മാറിമറിഞ്ഞത്. പിന്നീട് സിബിഐ അന്വേഷണത്തില്‍ വൈദികര്‍ ഉള്‍പ്പെടെ അറസ്റ്റിലാവുകയായിരുന്നു. സിസ്റ്റര്‍ സി ഇ സൂസമ്മയുടെ മരണത്തില്‍ ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നുവരാതിരിക്കാന്‍ കരുതലോടെയുള്ള അന്വേഷണമാണ് പോലിസ് നടത്തുന്നത്.പത്തനാപുരത്ത് തന്നെ നടന്ന വൈദികന്റെ ദുരൂഹ മരണവും ഇതോടൊപ്പം ചര്‍ച്ചയാവുന്നുണ്ട്. 2003ലാണ് പത്തനാപുരം പട്ടാഴി മധുരമലയിലെ ആശ്രമത്തില്‍ ഫാ. എബ്രഹാം മാത്യുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 15 വര്‍ഷത്തിനു ശേഷവും ഈ മരണത്തിന്റെ കാരണം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
Next Story

RELATED STORIES

Share it