സിസോദിയയെയും സത്യേന്ദര്‍ ജെയിനിനെയും ആശുപത്രിയിലേക്കു മാറ്റി

ന്യൂഡല്‍ഹി: ഒരാഴ്ചയായി ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലിന്റെ ഓഫിസില്‍ നിരാഹാര സമരം നടത്തിയ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ എന്നിവരെ ആശുപത്രിയിലേക്കു മാറ്റി. ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് ഇരുവരെയും ഡല്‍ഹി ലോക്‌നായക് ആശുപത്രിയിലേക്കു മാറ്റിയത്. സത്യേന്ദ്ര ജെയിനിനെ ഞായറാഴ്ച രാത്രിയോടെയും സിസോദിയയെ ഇന്നലെ ഉച്ചയോടെയുമാണ് ആശുപത്രിയിലേക്കു മാറ്റിയത്.
അതിനിടെ, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമായി ചര്‍ച്ച നടത്താന്‍ ഐഎഎസ് ഓഫിസര്‍മാര്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ചര്‍ച്ചയ്ക്കുള്ള ക്ഷണം സ്വീകരിക്കുന്നതായി ഓഫിസര്‍മാര്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. ഗവര്‍ണറുടെ വസതിയില്‍ നടക്കുന്ന സമരത്തിനെതിരേ ഹൈക്കോടതി വിമര്‍ശനമുന്നയിച്ച പശ്ചാത്തലത്തില്‍ സമരത്തിലേക്കു നയിച്ച സാഹചര്യങ്ങള്‍ സംബന്ധിച്ച് കെജ്‌രിവാള്‍ വിശദീകരണം നല്‍കിയതിന് പിറകെയാണ് ഐഎഎസ് ഉദ്യോഗസ്ഥരുടെ നടപടി. തങ്ങളുടെ സുരക്ഷയും മാന്യതയും സംരക്ഷിക്കുന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ജോലിക്കെത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷ ഉറപ്പുവരുത്തുമെന്ന് ഉപമുഖ്യമന്ത്രി സിസോദിയ ട്വീറ്റ് ചെയ്തു. ഉദ്യോഗസ്ഥര്‍ ജോലിക്കു ഹാജരായാല്‍ സമരം അവസാനിപ്പിക്കാന്‍ തയ്യാറാണെന്ന് ആം ആദ്മി പാര്‍ട്ടി അറിയിച്ചിരുന്നു. പത്തുലക്ഷം ഒപ്പുകളുമായി ഇന്ന് പ്രധാനമന്ത്രിയുടെ ഓഫിസിലേക്ക് മാര്‍ച്ച് നടത്തുമെന്നും എഎപി നേതാക്കള്‍ പറഞ്ഞു.
അതേസമയം, മന്ത്രിമാരുടെ സമരത്തിന് കൂടുതല്‍ പ്രതിപക്ഷകക്ഷികള്‍ ഇന്നലെ പിന്തുണ അറിയിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച എഎപി മന്ത്രിമാരെ സിപിഐ എംപി ഡി രാജ സന്ദര്‍ശിച്ചു. സമാജ്‌വാദി പാര്‍ട്ടി നേതാക്കളായ അഖിലേഷ് യാദവ്, രാംഗോപാല്‍ യാദവ് എന്നിവരും സമരത്തിനു പിന്തുണ പ്രഖ്യാപിച്ചു.
കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിനൊപ്പം എഎപിയെയും വിമര്‍ശിക്കുന്ന നിലപാടാണ് മുഖ്യ പ്രതിപക്ഷകക്ഷിയായ കോണ്‍ഗ്രസ് തുടരുന്നത്. ഡല്‍ഹിയില്‍ നടക്കുന്നത് അരാജകത്വവും ക്രമരാഹിത്യവുമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
Next Story

RELATED STORIES

Share it