wayanad local

സിസിലി മൈക്കിളിന്റെ മൃതദേഹം ഇന്നെത്തും : സഹോദരന്റെ പരാതിയില്‍ പോലിസ് അന്വേഷണം തുടങ്ങി



കല്‍പ്പറ്റ: ദുരൂഹസാഹചര്യത്തില്‍ സൗദി അറേബ്യയില്‍ മരിച്ച കണിയാമ്പറ്റ പഞ്ചായത്ത് മുന്‍ അംഗം സിസിലി മൈക്കിളിന്റെ മൃതദേഹം ഇന്നെത്തും. മരണത്തില്‍ ദുരൂഹതയുണ്ടെന്ന സഹോദരന്റെ പരാതിയില്‍ കമ്പളക്കാട് പോലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ഇന്നലെ രാത്രിയാണ് മൃതദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ചത്. ഇന്നു കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സ്വദേശമായ പള്ളിക്കുന്നിലെത്തിച്ച് സംസ്‌കരിക്കും. സഹോദരന്‍ മാവുങ്കല്‍ ജോണ്‍സനാണ് ദുരൂഹതയാരോപിച്ച് പോലിസില്‍ പരാതി നല്‍കിയത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി കമ്പളക്കാട് പോലിസ് ഇന്നു രാവിലെ കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തും. മരിക്കുന്നതിനു കുറച്ചുദിവസം മുമ്പ് സിസിലി ഫോണില്‍ വിളിച്ച്് താന്‍ കടുത്ത യാതന അനുഭവിക്കുകയാണെന്നും നാട്ടിലെത്താന്‍ സഹായിക്കണമെന്നും ആവശ്യപ്പെട്ടിരുന്നുവെന്ന് ജോണ്‍സണ്‍ പറഞ്ഞു. ഏജന്റുമാരുടെ ചതിയില്‍പെട്ട് ഇനി മറ്റൊരാള്‍ക്കും ഇങ്ങനെയൊരു ഗതിയുണ്ടാവവരുതെന്നു കരുതിയാണ് പരാതി നല്‍കിയത്. സഹോദരിയുടെ മരണത്തോടെ അവരുടെ മകള്‍ അനാഥയായി. മരണകാരണത്തില്‍ തനിക്ക് വ്യക്തപരമായി സംശയമുണ്ട്. അതു കൃത്യമായി അറിഞ്ഞാലേ സഹോദരിയോടും മകളോടും നീതിപുലര്‍ത്താനാകൂവെന്നും ഉത്തരവാദികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സൗദി അറേബ്യയിലേ ഹൈയിലിലെ കിങ്ഖാലിദ് ആശുപത്രിയില്‍ ഏപ്രില്‍ 24നാണ് സിസിലി മരിച്ചത്. 2017 ജനുവരി ആദ്യത്തിലാണ് നഴ്‌സറി കുട്ടികളെ പരിചരിക്കുന്നതിന് 2,500 റിയാല്‍ ശമ്പളം വാഗ്ദാനം നല്‍കി മീനങ്ങാടി സ്വദേശികളായ സലീം, റഫീഖ്, കല്‍പ്പറ്റയിലെ സഫിയ എന്നിവര്‍ ചേര്‍ന്ന് റോളക്‌സ് ട്രാവല്‍സ് മുഖേനേ പരിസരത്തുള്ള മൂന്നു സ്ത്രീകള്‍ ഉള്‍പ്പെടെ പത്തോളം പേരെ സൗദി അറേബ്യയില്‍ എത്തിച്ചത്. എന്നാല്‍, മാനസിക വെല്ലുവിളി നേരിടുന്ന വീട്ടമ്മയെ പരിചരിക്കുന്ന ജോലിയാണ് സിസിലിക്ക് ലഭിച്ചത്. നേരത്തെ സിസിലിയുടെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ലോക് ജനശക്തി പാര്‍ട്ടി ജില്ലാ പോലിസ് സൂപ്രണ്ടിന് പരാതി നല്‍കിയിരുന്നു.
Next Story

RELATED STORIES

Share it