ernakulam local

സിവില്‍ സ്‌റ്റേഷനില്‍ ഊര്‍ജിത ശുചീകരണം

കാക്കനാട്: ആരോഗ്യ ജാഗ്രത പദ്ധതി പ്രകാരം സിവില്‍ സ്‌റ്റേഷനിലെ എല്ലാ ഓഫിസുകളും വൃത്തിയാക്കുന്നതിനായി സംഘടിപ്പിച്ച ക്ലീന്‍ ഡ്രൈവില്‍ ജീവനക്കാരുടെ സജീവ പങ്കാളിത്തം. ഉച്ചയ്ക്ക് രണ്ടിന് തന്നെ ഓരോ ഓഫിസും ശുചീകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഫയല്‍ക്കെട്ടുകളിലെ പൊടി നീക്കല്‍ മുതല്‍ ഫാനുകള്‍ വരെ ജീവനക്കാര്‍ തുടച്ചു വൃത്തിയാക്കി. ജോലി ചെയ്യുന്ന മേശയും കസേരയും വൃത്തിയാക്കി.
ഓഫിസുകളില്‍ അടിഞ്ഞുകൂടിക്കിടന്നിരുന്ന മാലിന്യങ്ങളും ഭാഗികമായി നീക്കം ചെയ്തു.  ശുചീകരണം ആരംഭിച്ച് അരമണിക്കൂറിനുള്ളില്‍ തന്നെ ജില്ല കലക്ടര്‍ മുഹമ്മദ് വൈ സഫീറുല്ല ഓരോ ഓഫിസിലുമെത്തി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ഒന്നാം നിലയിലെ കലക്ടറേറ്റില്‍ നിന്നു തുടങ്ങി മുകളിലേക്ക് ഓരോ നിലയിലെയും ഓഫിസുകള്‍ പടികള്‍ കയറിയിറങ്ങി ഓരോ മുക്കും മൂലയും കലക്ടര്‍ പരിശോധിച്ചു.
ആത്മാര്‍ഥമായി ശുചീകരണത്തിലേര്‍പ്പെട്ട ജീവനക്കാരെ അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല. പഴയ കെട്ടിടത്തിലെയും പുതിയ കെട്ടിടത്തിലെയും എല്ലാ ഓഫിസുകളിലും പരിശോധന പൂര്‍ത്തിയാക്കിയ കലക്ടര്‍ ശുചീകരണ പ്രക്രിയ തുടരാനും നിര്‍ദേശിച്ചു.
ശുചീകരണത്തിന്റെ തുടര്‍ച്ച ഉറപ്പാക്കുന്നതിനായി രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും ഓഫിസുകളുടെ വൃത്തിയുള്ള അന്തരീക്ഷം വിലയിരുത്താനും അദ്ദേഹം നിര്‍ദേശിച്ചു. ഫയലുകള്‍ അടുക്കിവച്ചിരിക്കുന്ന റാക്കുകള്‍ പരമാവധി പൊടിയില്ലാതെ സൂക്ഷിക്കാന്‍ അദ്ദേഹം നിര്‍ദേശിച്ചു.
രണ്ട് കെട്ടിടങ്ങളും ചേരുന്ന ഭാഗത്തെ വിടവ് ഇല്ലാതാക്കുന്നതിന് നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
ഭിത്തിയുടെ വശങ്ങളിലായി കെട്ടിവച്ചിരിക്കുന്ന കേബിളുകളും വയറുകളും ഭംഗിയാക്കി ക്രമീകരിക്കാനും ഗോവണി പോലുള്ള പൊതു ഇടങ്ങള്‍ ശുചീകരിക്കുന്നതിന് അതാത് നിലകളിലെ വലിയ ഓഫിസിലുള്ള ജീവനക്കാര്‍ക്ക് ചുമതല നല്‍കാനും കലക്ടര്‍ എച്ച്എസിന് നിര്‍ദേശം നല്‍കി. സിവില്‍ സ്‌റ്റേഷനിലെ ടോയ്‌ലെറ്റുകള്‍ വൃത്തിയായിയ സൂക്ഷിക്കാനും അദ്ദേഹം നിര്‍ദേശം നല്‍കി. ഓഫിസുകളില്‍ നിന്നുള്ള ഇ വേസ്റ്റുകള്‍ നീക്കുന്നതിനുള്ള യജ്ഞം ഉടന്‍ ആരംഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഇതിനായി പ്രത്യേക കാംപയ്ന്‍ സംഘടിപ്പിക്കും. ഓരോ ഓഫിസുകളിലുമുള്ള ഇ വെയ്സ്റ്റുകളുടെ പട്ടിക ശുചിത്വമിഷന് സമര്‍പ്പിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഓഫിസ് വൃത്തിയാക്കുന്നതിനുളള പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും മികച്ച മൂന്ന് ഓഫിസുകള്‍ക്ക് പുരസ്‌കാരം നല്‍കുമെന്നും കലക്ടര്‍ അറിയിച്ചു.
എഡിഎം എം കെ കബീര്‍, എച്ച്എസ് അനില്‍കുമാര്‍, പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍  കലക്ടര്‍ക്കൊപ്പമുണ്ടായിരുന്നു.
Next Story

RELATED STORIES

Share it