palakkad local

സിവില്‍ സ്റ്റേഷന്‍ ഭിന്നശേഷി സൗഹൃദമാക്കാന്‍ ശുപാര്‍ശ ചെയ്യും: നിയമസഭാ സമിതി

പാലക്കാട്: സിവില്‍ സ്റ്റേഷന്‍ ഭിന്നശേഷി സൗഹൃദമാക്കുന്നതിന് സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്യുമെന്ന് സ്ത്രീകളുടേയും കുട്ടികളുടേയും ഭിന്നശേഷിക്കാരുടേയും ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി ചെയര്‍പേഴ്സണ്‍ അയിഷാ പോറ്റി എംഎല്‍എ പറഞ്ഞു. ജില്ലാ കലക്റ്ററേറ്റ് സമ്മേളനഹാളില്‍ സമിതി നടത്തിയ തെളിവെടുപ്പില്‍ സംസാരിക്കുകയായിരുന്നു. ജില്ലാ കലക്റ്ററുടെ ഓഫിസിനോട് ചേര്‍ന്ന് ലിഫ്റ്റും റാംപും ഭിന്നശേഷി സൗഹൃദ ശൗചാലയവും നിര്‍മിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ സമിതി പിഡബ്ല്യുഡി കെട്ടിട വിഭാഗത്തെ ചുമതലപ്പെടുത്തി. കുട്ടികള്‍ക്കുമെതിരേയുള്ള അതിക്രമം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇടപെടല്‍ കര്‍ശനമാക്കും. സാമുഹികമാധ്യമങ്ങള്‍ വഴിയുള്ള പീഡനങ്ങള്‍ക്കെതിരെ സൈബര്‍സെല്ലിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കണം. സ്‌കൂള്‍ പരിസരങ്ങളില്‍ ലഹരി വില്‍പന നടക്കുന്നില്ലെന്ന് എക്‌സൈസ് വകുപ്പ് ഉറപ്പാക്കണം. ജില്ലയില്‍ കുട്ടികള്‍ക്കായി ലഹരിമോചന കേന്ദ്രത്തിന് സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്യും. സമിതിക്ക് ലഭിക്കുന്ന പരാതികള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ ഉദ്യോഗസ്ഥ സഹകരണം അനിവാര്യമാണ്. മുട്ടിക്കുളങ്ങര ചില്‍ഡ്രന്‍സ് ഹോമില്‍ പുതുതായി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ പണി ഒരു മാസത്തിനകം പൂര്‍ത്തിയാക്കണം. ജന്മനാ ഗര്‍ഭപാത്രം ഇല്ലാത്ത സ്ത്രീകളെ ഭിന്നശേഷി വിഭാഗത്തില്‍ ഉള്‍പ്പെടുത്താനായത് സമിതിയുടെ ഇടപെടല്‍ മൂലമാണ്. ഏഴ് പരാതികളിലാണ് സമിതി തെളിവെടുപ്പ് നടത്തിയത്. കലക്റ്ററേറ്റില്‍ പ്രത്യേകം തയാറാക്കിയ മുറിയിലാണ് സമിതി ഭിന്നശേഷിക്കാരില്‍ നിന്നും പരാതികള്‍ സ്വീകരിച്ചത്. കലക്റ്ററേറ്റ് സമ്മേളനഹാളില്‍ നടന്ന തെളിവെടുപ്പില്‍ മുമ്പ് ലഭിച്ച പരാതികളില്‍  സ്വീകരിച്ച നടപടികള്‍ സമിതി ഉദ്യോഗസ്ഥരോട് ചോദിച്ചറിഞ്ഞു. തുടര്‍ന്ന് സമിതി അംഗങ്ങള്‍ ബാക്കിയുള്ള പരാതികള്‍ ഭിന്നശേഷിക്കാരുടെ സമീപത്തെത്തി  സ്വീകരിച്ചു. മുട്ടിക്കുങ്ങര ചില്‍ഡ്രന്‍സ് ഹോമും മഹിളാ മന്ദിരവും സമിതി അംഗങ്ങള്‍ സന്ദര്‍ശിച്ച് സൗകര്യങ്ങള്‍ വിലയിരുത്തി. എംഎല്‍എമാരായ ഡോ. എന്‍ ജയരാജ്, വി ടി ബല്‍റാം, സി കെ ആശ, പ്രതിഭാ ഹരി എന്നിവരുള്‍പ്പെടുന്ന സമിതി അംഗങ്ങളാണ് തെളിവെടുപ്പ് നടത്തിയത്.
Next Story

RELATED STORIES

Share it