സിവില്‍ സര്‍വീസ് പരീക്ഷ: അഭിമുഖത്തില്‍ ഒന്നാമനായി രമിത്ത് ചെന്നിത്തല

തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും കടുപ്പമേറിയ പരീക്ഷകളിലൊന്നായ സിവി ല്‍ സര്‍വീസ് പരീക്ഷയുടെ അഭിമുഖത്തില്‍ അഖിലേന്ത്യാടിസ്ഥാനത്തില്‍ ഒന്നാമനായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ മകന്‍ രമിത്ത് ചെന്നിത്തല. 206 മാര്‍ക്ക് നേടിയാണ് രമിത്ത് ഒന്നാമതെത്തിയത്. മൂന്നുഘട്ടങ്ങളായി തിരിച്ചിട്ടുള്ള പരീക്ഷയില്‍ 275 മാര്‍ക്കാണ് ആകെ അഭിമുഖത്തിനു ലഭിക്കുക. പരീക്ഷയില്‍ 210ാം റാങ്കാണ് രമിത്ത് നേടിയത്. അരുണാചലില്‍നിന്നുള്ള ഫുര്‍പാ ഷെറിങിന് മാത്രമാണ് ഇതേ മാര്‍ക്ക് അഭിമുഖത്തിനു ലഭിച്ചിട്ടുള്ളത്. ഫുര്‍പയ്ക്ക് 561ാമത്തെ റാങ്കാണ് പരീക്ഷയില്‍ ലഭിച്ചത്. ഒന്നാംറാങ്ക് ലഭിച്ച ദുരുഷെട്ടി അനുദീപിന് അഭിമുഖത്തില്‍ 176 മാര്‍ക്ക് മാത്രം നേടാനായപ്പോഴാണ് രമിത്തിന്റെ സുവര്‍ണനേട്ടമെന്നതും ശ്രദ്ധേയമാണ്.
മൂന്നുഘട്ടങ്ങളിലായി ക്രമപ്പെടുത്തിയിട്ടുള്ള സിവില്‍ സര്‍വീസ് പരീക്ഷയുടെ ആകെ മാര്‍ക്ക് 2075 ആണ്. മെയിന്‍സ് പരീക്ഷയില്‍ എഴുത്തുപരീക്ഷയുടെ ആകെ മാര്‍ക്ക് 1750 ആണ്. ആദ്യഘട്ടത്തില്‍ നടക്കുന്ന പ്രിലിമിനറി പരീക്ഷയില്‍ 200 മാര്‍ക്കിന്റെ രണ്ട് പേപ്പറുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനു ലഭിക്കുന്ന മാര്‍ക്ക് മെയിന്‍സിനു ലഭിക്കുന്ന മാര്‍ക്കില്‍ ഉള്‍പ്പെടുത്തില്ല. രണ്ടാംഘട്ടത്തില്‍ നടക്കുന്ന എഴുത്തുപരീക്ഷയിലും അഭിമുഖത്തിലും നിശ്ചിത ശതമാനം മാര്‍ക്ക് നേടുന്നവരാണ് സിവില്‍ സര്‍വീസ് റാങ്ക് പട്ടികയില്‍ ഉള്‍പ്പെടുന്നത്.
അഭിമുഖത്തിന് 200നു മുകളില്‍ മാര്‍ക്ക് ആകെ 15 പേര്‍ക്കു മാത്രമാണു ലഭിച്ചത്. അതില്‍ രമിത്ത് ഉള്‍പ്പെടെ ഏഴുപേര്‍ക്കാണ് 204നു മുകളില്‍ മാര്‍ക്ക് ലഭിച്ചത്. സംസ്ഥാനത്തു നിന്ന് ഇത്തവണ 33 മലയാളികളാണ് സിവില്‍ സര്‍വീസ് പട്ടികയില്‍ ഇടംനേടിയത്. ആദ്യത്തെ 100 റാങ്കിനുള്ളില്‍ നാലുപേരാണ് ഉള്‍പ്പെട്ടിട്ടുള്ളത്. രാജ്യത്താകെ 990 പേരാണ് ഇത്തവണ തിരഞ്ഞെടുക്കപ്പെട്ടത്. ഇതില്‍ ഫുര്‍പ ഉള്‍പ്പെടെ അരുണാചലില്‍ നിന്നു നാലുപേരും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നായി ആകെ 17 പേരും പട്ടികയില്‍ ഇടംപിടിച്ചു. തിരഞ്ഞെടുക്കപ്പെട്ട 990 പേരില്‍ 750 പേര്‍ പുരുഷന്‍മാരും 240 പേര്‍ വനിതകളുമാണ്. റാങ്ക്‌ലിസ്റ്റില്‍ 53 സീറ്റ് സംവരണവിഭാഗങ്ങള്‍ക്കായി നീക്കിവച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it