thrissur local

സിവില്‍ സര്‍വീസ് അക്കാദമി ഇരിങ്ങാലക്കുട സെന്റര്‍ ഉദ്ഘാടനം നാളെ

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയില്‍ ഉന്നത പരിശീലനത്തിന്റെ മികവുമായി ഇനി സിവില്‍ സര്‍വീസ് പരീക്ഷയ്ക്കു തയ്യാറെടുക്കാം. കേരള സിവില്‍ സര്‍വീസ് അക്കാദമി ഇരിങ്ങാലക്കുട സെന്ററിന്റെ പ്രവര്‍ത്തനോദ്ഘാടനം 29നു വൈകീട്ട് 5ന്  ആളൂര്‍ എസ് എന്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുമെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടന്‍ അറിയിച്ചു.
സാംസ്‌കാരികപ്പൊലിമയുടെ പരിവേഷമാര്‍ന്ന തൃശൂര്‍ ജില്ലയിലെ കേരള സിവില്‍ സര്‍വീസ് അക്കാദമിയുടെ പ്രഥമ പരിശീലന കേന്ദ്രമാണ് ഇരിങ്ങാലക്കുടയില്‍ സജ്ജമായിരിക്കുന്നത്. ഏപ്രില്‍ നാലിന് ഇവിടെ അവധിക്കാല ക്ലാസുകള്‍ക്കു തുടക്കമാകും.
ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായുള്ള ടാലന്റ് ഡെവലപ്‌മെന്റ് കോഴ്‌സിനു പുറമേ പ്ലസ്  വണ്‍, പ്ലസ്  ടൂ, ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കായുള്ള ഫൗണ്ടേഷന്‍ കോഴ്‌സുമുണ്ടാവും. 2000 രൂപയാണു ഫീസ്.. ഞായറാഴ്ചകളില്‍ മാത്രമായുള്ള ഒരു വര്‍ഷ കോഴ്‌സ് ജൂണില്‍ ആരംഭിക്കാനും ലക്ഷ്യമിടുന്നു സിവില്‍ സര്‍വീസ് ഫുള്‍ ടൈം കോഴ്‌സുകളും  പിന്നീട് ആരംഭിക്കും.
രണ്ടാം വര്‍ഷ ബിരുദ, മൂന്നാം വര്‍ഷ പ്രൊഫഷണല്‍ ബിരുദ വിദ്യാര്‍ഥികള്‍ക്കായി രണ്ടാം ശനി, ഞായര്‍ ദിവസങ്ങളിലായുള്ള ദ്വിവല്‍സര പരിശീലന കോഴ്‌സും വിഭാവനം ചെയ്തിട്ടുണ്ട്. ബിരുദം കഴിഞ്ഞവര്‍ക്ക് പ്രിലിമിനറി പരീക്ഷാ കോച്ചിങ്, പ്രിലിമിനറി പാസായവര്‍ക്ക് മെയിന്‍ പരീക്ഷയ്ക്കുള്ള കോച്ചിങ്, മെയിന്‍ പരീക്ഷ പാസായവര്‍ക്ക് മോഡല്‍ ഇന്റര്‍വ്യൂ പരിശീലനം എന്നിവയാണ് മറ്റ് പദ്ധതികള്‍. യുപിഎസ് സിയില്‍ ഇന്റര്‍വ്യൂവിനു പോകാന്‍ സൗജന്യ വിമാന യാത്രാനുകൂല്യം, കേരള ഹൗസില്‍ 10 ദിവസം സൗജന്യ താമസ സൗകര്യം, ഭക്ഷണം എന്നിവയും അക്കാദമി ലഭ്യമാക്കും. പ്രിലിമിനറി വിജയിച്ചവര്‍ക്ക് മെയിന്‍സിനുള്ള പരിശീലനവും സൗജന്യമായിരിക്കും.
Next Story

RELATED STORIES

Share it