സിവില്‍ സര്‍വീസുകാരുടെ ഒരു തമാശ

കണ്ണേറ്  -  കണ്ണന്‍
അടിമരാജ്യമായ ഇന്ത്യയുടെ ഭരണം വേണ്ടതുപോലെ നടത്തിക്കൊണ്ടുപോവാന്‍ വേണ്ടി ബ്രിട്ടിഷുകാരുണ്ടാക്കിയ ഏര്‍പ്പാടാണ് ഇന്ത്യന്‍ സിവില്‍ സര്‍വീസ്. സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ അത് ഐഎഎസും ഐപിഎസും മറ്റുമായി. വലിയ വലിയ അധികാരങ്ങളും പദവിയും പത്രാസും പ്രോട്ടോകോളുമായി കുറേപേര്‍ തേരാപാരാ നടന്നു എന്നല്ലാതെ കാര്യങ്ങള്‍ നിശ്ചയിച്ചത് സര്‍ക്കാരാപ്പീസിലെ ഗുമസ്തന്‍മാരും പാര്‍ട്ടിയാപ്പീസിലെ മേലാളന്‍മാരുമാണ് എന്നതാണു നേര്. ശൗര്യം കാണിക്കാന്‍ വേണ്ടി ഐഎഎസ് മേലാളന്‍മാര്‍ ഇടയ്‌ക്കൊക്കെ കുരച്ചുകൊണ്ടിരിക്കുകയും വല്ലപ്പോഴുമൊന്നു കടിക്കുകയും ചെയ്തിട്ടുണ്ട് എന്നതു മറക്കുന്നില്ല. പൊതുവെ മന്ത്രിയേമാന്‍മാരെ സല്യൂട്ട് ചെയ്യുകയും താഴെയുള്ളവരെ കണ്ണുരുട്ടി പേടിപ്പിക്കുകയും ചെയ്യുന്നവര്‍ മാത്രമായി കഴിഞ്ഞുകൂടുന്ന നിര്‍ഗുണ പരബ്രഹ്മങ്ങളാണ് സിവില്‍ സര്‍വീസുകാര്‍. ഐപിഎസുകാര്‍ ചില കുന്നായ്മകള്‍ കാണിച്ചുകൂട്ടുന്നതേയുള്ളു വല്ലപ്പോഴും ഇതിനുള്ള അപവാദം. യഥാരാജ്യം തഥാ സിവില്‍ സര്‍വീസ് എന്നു പ്രമാണം.
ഇങ്ങനെ ഏതുനേരവും ഫയലുകളില്‍ ഒപ്പിടുകയും മന്ത്രിമാര്‍ക്ക് അകമ്പടി സേവിച്ചുകൊണ്ടിരിക്കുകയും ചെയ്ത് സര്‍ക്കാരാപ്പീസുകളില്‍ കിടന്നു മുരടിക്കുന്ന സിവില്‍ സര്‍വീസുകാര്‍ വല്ലപ്പോഴും തങ്ങളുടെ ക്രിയേറ്റിവിറ്റിയൊന്നു പ്രകടിപ്പിക്കാന്‍ തുനിഞ്ഞാല്‍ അതില്‍ എന്തുതെറ്റ്? അങ്ങനെയാണ് പലരും പലവിധ സര്‍ഗാത്മക പ്രവൃത്തികളിലേക്കും തിരിഞ്ഞത്. ചിലര്‍ പുസ്തകമെഴുതി, ചിലര്‍ പെയിന്റിങിലേക്കു കടന്നു, വേറെ ചിലര്‍ പാട്ടുപാടിയും സിനിമ നിര്‍മിച്ചുമൊക്കെ ഔദ്യോഗിക ജീവിതത്തിന്റെ മുഷിപ്പില്‍ നിന്നും വിരസതയില്‍ നിന്നും ഔട്ട്‌ലെറ്റുകള്‍ കണ്ടെത്താന്‍ ശ്രമിച്ചു. എളുപ്പപ്പണിയായതിനാലാവണം ഭൂരിപക്ഷംപേരും എഴുത്തിലാണ് ഏര്‍പ്പെട്ടത്. അങ്ങനെയാണ് ഐഎഎസ് സാഹിത്യം എന്ന ഒന്നുണ്ടായത്. ഇന്നു മലയാളത്തിലിറങ്ങുന്ന പുസ്തകങ്ങളെ വര്‍ഗവിഭജനം നടത്തിയാല്‍ ദലിത് സാഹിത്യം, പെണ്ണെഴുത്ത് എന്നൊക്കെ പറയുന്നതുപോലെ ഐഎഎസ്, ഐപിഎസ് സാഹിത്യം എന്നൊരു വിഭാഗവും പ്രബലമായി നിലനില്‍ക്കുന്നതായി കാണാം. അത്രമാത്രം നോവലും കഥയും കവിതയും സര്‍വീസ് സ്‌റ്റോറിയുമൊക്കെയായി പുറത്തുവന്നിട്ടുണ്ട് ഐഎഎസ്-ഐപിഎസുകാരുടെ വിളയാട്ടങ്ങള്‍. ഒരുപക്ഷേ ആസന്നഭാവിയില്‍, കേരള സാഹിത്യ അക്കാദമി ചെറുകഥ, നിരൂപണം, യാത്രാവിവരണം തുടങ്ങിയ ശാഖകളില്‍ അവാര്‍ഡുകള്‍ നല്‍കുന്നതുപോലെ ഐഎഎസ്-ഐപിഎസ് സാഹിത്യത്തിനും അവാര്‍ഡ് നല്‍കേണ്ടിവരുമോ എന്നുപോലും ആശങ്കപ്പെടേണ്ടിടത്താണ് കാര്യങ്ങള്‍ എത്തിനില്‍ക്കുന്നത്.
സിവില്‍ സര്‍വീസ് സാഹിത്യശാഖയെ പുഷ്‌കലമാക്കാന്‍ വേണ്ടി രംഗത്തുവന്ന ഏറ്റവും പുതിയ അവതാരമാണ് ജേക്കബ് തോമസ്. മഞ്ഞക്കാര്‍ഡും ചുവപ്പുകാര്‍ഡും മറ്റുമായി വന്ന് തുടക്കത്തിലേ അലകളിളക്കിയ മൂപ്പര്‍ക്ക് ഒടുവില്‍ സ്രാവുകളോടൊപ്പം നീന്തി കടിയേല്‍ക്കേണ്ടിവന്നത് ഒരു തികഞ്ഞ ട്രാജഡി. പക്ഷേ, അതൊന്നും ഈ ഉദ്യോഗസ്ഥന്റെ മനസ്സിലെ എഴുത്തുകാരനെ തളര്‍ത്തുന്നില്ല. ഒരേസമയം ആറു കൃതികളാണ് ഇംഗ്ലീഷിലും മലയാളത്തിലുമായി അദ്ദേഹം എഴുതുന്നത്. ലോകസാഹിത്യത്തില്‍ ഇങ്ങനെ ഒരേസമയം രണ്ടുഭാഷകളില്‍ കുറേയേറെ പുസ്തകങ്ങളെഴുതിയവരുണ്ടോ എന്നറിയില്ല, ഗിന്നസ് ബുക്കിലോ ലിംകാ ബുക്കിലോ ഉണ്ടോ എന്നും അത്ര നിശ്ശ്യം പോരാ. ഏതായാലും മലയാളത്തില്‍ കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ റെക്കോഡായിരിക്കണം ജേക്കബ് തോമസ് സാര്‍ ഭേദിക്കാന്‍ പോവുന്നത്. കുഞ്ഞുക്കുട്ടന്‍ തമ്പുരാന്‍ മഹാഭാരതം മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്തത് ഇരുപതോ മുപ്പതോ പേരെ വരിവരിയായി ഇരുത്തിക്കൊണ്ടായിരുന്നുപോലും. തമ്പുരാന്‍ സംസ്‌കൃതത്തിലൊരു ശ്ലോകം ചൊല്ലും. ആദ്യത്തെ ആള്‍ക്ക് അതിന്റെ മലയാളം തര്‍ജമ പറഞ്ഞുകൊടുക്കും. അയാള്‍ അതെഴുതുമ്പോഴേക്കും രണ്ടാമത്തെയാള്‍ക്ക് രണ്ടാമത്തെ ശ്ലോകവും അതിന്റെ തര്‍ജമയും. ഇങ്ങനെയാണ് വിവര്‍ത്തനപ്രക്രിയ പൂര്‍ത്തീകരിച്ചത്. ജേക്കബ് തോമസും ഇതേ രീതി തന്നെയായിരിക്കണം അനുവര്‍ത്തിക്കുന്നത്. ഒരു പുസ്തകത്തിന്റെ ആദ്യ ഖണ്ഡിക ഒരു കംപ്യൂട്ടറില്‍ ടൈപ്പ് ചെയ്യുന്നു, രണ്ടാമത്തെ പുസ്തകം രണ്ടാമത്തെ കംപ്യൂട്ടറില്‍, മൂന്നാമത്തെ പുസ്തകം മൂന്നാമത്തെ കംപ്യൂട്ടറില്‍. ഒറ്റയടിക്ക് ആറു പുസ്തകങ്ങളും പുറത്തുവരുന്നു. കുഞ്ഞുക്കുട്ടന്‍ തമ്പുരാന്‍ തോറ്റുതുന്നംപാടിയിരിക്കുന്നു. കണ്ണന് ഉറപ്പ്.
ഇത്രയും വലിയ ഒരെഴുത്തുകാരന് നാം മഞ്ഞക്കാര്‍ഡും ചുവപ്പുകാര്‍ഡും സസ്‌പെന്‍ഷനുമൊന്നുമല്ല, വീരശൃംഖലതന്നെയാണു നല്‍കേണ്ടതെന്നാണ് കണ്ണന്റെ വിനീതമായ അഭിപ്രായം. സ്വീഡിഷ് അക്കാദമി ഇക്കൊല്ലം സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം നല്‍കേണ്ടതില്ലെന്നു തീരുമാനിച്ചിരിക്കുന്നു. കണ്ണന്റെ ബലമായ സംശയം, ജേക്കബ് തോമസ് ഇങ്ങനെ പുസ്തകരചനാ പ്രക്രിയയിലേര്‍പ്പെട്ടിട്ടുണ്ട് എന്നറിഞ്ഞതുകൊണ്ടാണ് അക്കാദമി ഈ തീരുമാനമെടുത്തിട്ടുള്ളത് എന്നാണ്. അടുത്തകൊല്ലമാവുമ്പോഴേക്കും ജേക്കബ് തോമസിന്റെ പുസ്തകപ്പെരുമഴ സംഭവിക്കും. അക്കാദമിക്ക് സംഗതി എളുപ്പമായി. ഈ പുസ്തകങ്ങള്‍ പുറത്തിറങ്ങുന്നതു കാത്തിരിക്കുകയാണ് സ്വീഡിഷ് അക്കാദമി. നൊബേല്‍ പുരസ്‌കാരം യാതൊരു മനോവിഷമവുമില്ലാതെ ജേക്കബ് തോമസിന് സമ്മാനിക്കാമല്ലോ. മലയാളത്തിലേക്ക് നൊബേല്‍ സമ്മാനം കൊണ്ടുവരാന്‍ ജേക്കബ് തോമസ് സാറിന് സാധിക്കുകയില്ലെന്ന് ആരുകണ്ടു! എല്ലാംകൂടി ഒത്തുവന്നത് ഇങ്ങനെയൊരു മഹാഭാഗ്യത്തിനു വേണ്ടിയാണെങ്കിലോ!

******

കഴിവുള്ളവര്‍ തേങ്ങയുടയ്ക്കുമ്പോള്‍ അത്രതന്നെ ശേഷിയില്ലാത്തവര്‍ ചിരട്ടയെങ്കിലും ഉടയ്‌ക്കേണ്ടേ? ടോമിന്‍ തച്ചങ്കരിയുടെ പുതിയ വേഷംകെട്ടലുകള്‍ കാണുമ്പോള്‍ ആരെങ്കിലും അങ്ങനെ കരുതിയാല്‍ തെറ്റില്ല. ഐപിഎസില്‍ എത്തുന്നതിനു മുമ്പേ തന്നെ തുടങ്ങിയതാണ് തച്ചങ്കരി സാറിന്റെ സര്‍ഗവൃത്തികള്‍. കാക്കിയും തൊപ്പിയും അണിഞ്ഞശേഷവും അത്തരം പ്രവൃത്തികള്‍ക്ക് ഒരു വീഴ്ചയും മൂപ്പര്‍ വരുത്തിയിട്ടില്ല. പാട്ടെഴുത്തും സംഗീതവും സിഡി കച്ചവടവും സ്റ്റുഡിയോ നടത്തിപ്പുമെല്ലാം തച്ചങ്കരിയെ തട്ടിയും മുട്ടിയും കടന്നുപോയിട്ടുണ്ട്. കെഎസ്ആര്‍ടിസിയുടെ എംഡി സ്ഥാനത്ത് തച്ചങ്കരിയെ കുടിയിരുത്തിയപ്പോള്‍ ന്യായമായും കണ്ണന്‍ കരുതിയത് ഇനിമുതല്‍ കെഎസ്ആര്‍ടിസി ബസ്സുകളിലും മ്യൂസിക് സിസ്റ്റം സ്ഥാപിക്കുമെന്നായിരുന്നു. സ്വകാര്യ ബസ്സുകളിലെന്നപോലെ കെഎസ്ആര്‍ടിസിയിലും പാട്ടുകേട്ട് സസുഖം യാത്ര ചെയ്യാമെന്ന്. പക്ഷേ, ഇതേവരെ അതുണ്ടായിട്ടില്ല. ഉണ്ടാവുമായിരിക്കാം വൈകാതെ തന്നെ.
തച്ചങ്കരി സാര്‍ മറ്റൊരുതരത്തിലാണ് തന്റെ സര്‍ഗാത്മകത പ്രകടിപ്പിക്കുന്നത്; കണ്ടക്ടറായി സേവനമനുഷ്ഠിച്ചുകൊണ്ട് തച്ചങ്കരി ചരിത്രം സൃഷ്ടിച്ചു. ചുമ്മാ കണ്ടക്ടറുടെ റാക്ക് കൈയിലേന്തുകയല്ല കെഎസ്ആര്‍ടിസി എംഡി ചെയ്തത്. കണ്ടക്ടര്‍ പരീക്ഷയെഴുതി പത്തില്‍ ഒമ്പതു മാര്‍ക്ക് നേടി ജയിച്ച്, ശരിക്കും യോഗ്യത നേടിയ ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രശസ്ത സേവനം. ഗംഭീരമായി തന്നെ അദ്ദേഹം ആ പണി നിര്‍വഹിച്ചത്രേ. തച്ചങ്കരി സാറിന് ഇനി പേടിക്കേണ്ടതില്ല. സര്‍വീസില്‍ നിന്ന് ഏതെങ്കിലും കുറ്റത്തിന് പിരിച്ചുവിട്ടാലും ശിഷ്ടകാലം പ്രൈവറ്റ് ബസ്സില്‍ കണ്ടക്ടറായി പണിയെടുത്തു ജീവിച്ചുപോവാം. പാസ് കൈയിലുണ്ടല്ലോ.
അല്ലെങ്കിലും ഐപിഎസ് ഏമാന്റെ പണിയേക്കാള്‍ തച്ചങ്കരിക്കു ചേരുക കണ്ടക്ടര്‍ പണിയാണെന്നാണ് ബസ്സിലെ യാത്രക്കാര്‍ പറയുന്നത്. അത്രയ്ക്കും നല്ല കണ്ടക്ടറായിരുന്നുവത്രേ പുള്ളി. 10ാം ക്ലാസ് ജയിച്ചശേഷം തച്ചങ്കരി കണ്ടക്ടര്‍ പാസെടുത്ത് വല്ല ബസ്സിലും കയറിപ്പറ്റിയിരുന്നെങ്കില്‍ മലയാളികള്‍ക്ക് ഒരു മികച്ച ബസ് കണ്ടക്ടറെ കിട്ടിയേനെ എന്നുപോലും അവര്‍ പറയുന്നുണ്ട്. തച്ചങ്കരി അതു ചെയ്യാത്തതിനാല്‍ നമുക്ക് ഒരു നല്ല കണ്ടക്ടറെ നഷ്ടപ്പെട്ടു. അത്രയൊന്നും മികച്ചതല്ലാത്ത ഒരു ഐപിഎസ് ഓഫിസറെക്കൊണ്ട് തൃപ്തിപ്പെടേണ്ടിയും വന്നു.
തച്ചങ്കരി സാര്‍ ഇനി ഹെവി ഡ്രൈവര്‍ ലൈസന്‍സെടുത്ത് ബസ്സോടിക്കാന്‍ പോവുകയാണത്രേ. എല്ലാം തച്ചങ്കരിയുടെ തമാശകള്‍ എന്നു കരുതി നമുക്കു മിണ്ടാതിരിക്കാം. ഏതായാലും അദ്ദേഹത്തെ ആരോഗ്യവകുപ്പിലൊന്നും സര്‍ക്കാര്‍ നിയമിക്കാത്തതു ഭാഗ്യം. ആശുപത്രിയില്‍ കയറി തച്ചങ്കരി മരുന്നുകൊടുക്കാനും സര്‍ജറി നടത്താനും മറ്റും തുടങ്ങിയാലോ! തമാശയെന്നു കരുതി മിണ്ടാതിരിക്കാന്‍ വയ്യല്ലോ അപ്പോള്‍.

******

സിഎംപി എന്നത് അല്‍പമൊന്നു മാറ്റിയെഴുതിയാല്‍ സിപിഎം എന്നായി. കേരളത്തിലെ സിഎംപിയിലെ ഒരുവിഭാഗം ഈ മാറ്റിയെഴുത്തു തുടങ്ങിയത് പുതിയൊരു രീതിയിലാണ്. പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നു. പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് സിപിഎം പോളിറ്റ്ബ്യൂറോ മെംബര്‍ എസ് രാമചന്ദ്രന്‍പിള്ള. പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പ്രതിനിധികളായും കേള്‍വിക്കാരായും പങ്കെടുക്കുന്നത് ആരാണെന്ന് ഇനി ചോദിക്കേണ്ടതില്ലല്ലോ.
സമ്മേളനത്തില്‍ പ്രസംഗിക്കാനും ഉദ്ഘാടനം ചെയ്യാനുംപോലും സ്വന്തം പാര്‍ട്ടിയില്‍ ആളില്ലാതായ ഒരു പാര്‍ട്ടിയെ മൊത്തത്തില്‍ ടേക്ക്ഓവര്‍ ചെയ്യാന്‍ സിപിഎം തീരുമാനിച്ചതില്‍ യാതൊരു തെറ്റുമില്ല; ചരിത്രത്തില്‍ നിന്ന് ഒരു രാഷ്ട്രീയകക്ഷിയുടെ പേരു നീങ്ങിക്കിട്ടുമല്ലോ. മാര്‍ക്‌സിന്റെ 200ാം ജന്മവാര്‍ഷിക കാലത്ത് അത്രയും സംഭവിച്ചതു നല്ലത്.

അവശിഷ്ടം: തിരസ്‌കരിച്ച ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ തപാലില്‍ അയച്ചുകൊടുക്കും- വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം. പോസ്റ്റ്മാനെ കാണുമ്പോള്‍ ചലച്ചിത്ര കലാകാരന്‍മാര്‍ വാതില്‍ കൊട്ടിയടയ്ക്കുമായിരിക്കും.                                      ി
Next Story

RELATED STORIES

Share it