Middlepiece

സിവില്‍ സര്‍വീസും മൂന്നാറും

മധ്യമാര്‍ഗം

പരമു

സര്‍ക്കാര്‍ പണം അപഹരിക്കലും സര്‍ക്കാര്‍ സ്ഥലം കൈവശത്തിലാക്കലും വര്‍ത്തമാനകാലത്ത് പ്രധാനപ്പെട്ട സംഭവങ്ങളല്ല. നമ്മുടെ നാട്ടില്‍ നിയമങ്ങളും ചട്ടങ്ങളും ലംഘിക്കപ്പെടുക എന്നത് ഭരണാധികാരികളുടെ ബഹുമതികളായി മാറിയിരിക്കുന്നു. തങ്ങളുടെയും പാര്‍ട്ടികളുടെയും സ്വാര്‍ഥമോഹങ്ങള്‍ക്കു വേണ്ടി ഭരണാധികാരികള്‍ നിയമങ്ങള്‍ മാനിക്കുന്നില്ല. പൊതുതാല്‍പര്യങ്ങള്‍ ചവിട്ടിമെതിച്ചുകൊണ്ട് തങ്ങളുടെ നേട്ടങ്ങള്‍ക്കായി പാദസേവ ചെയ്യുന്ന ഉദ്യോഗസ്ഥസംഘത്തെ ഇക്കൂട്ടര്‍ രൂപപ്പെടുത്തുന്നു. നമ്മുടെ നാട്ടില്‍ നടക്കുന്ന സാധാരണ സംഭവങ്ങളാണിത്. രാജ്യത്തിന്റെ ഭരണചക്രം തിരിക്കുന്നതില്‍ മുഖ്യ പങ്കുവഹിക്കുന്നവരാണ് ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (ഐഎഎസ്). ബ്രിട്ടിഷുകാരുടെ കാലത്ത് നിലനിന്നിരുന്ന ഇന്ത്യന്‍ സിവില്‍ സര്‍വീസിന് (ഐസിഎസ്) പകരം വന്നതാണത്. സ്വതന്ത്ര ഇന്ത്യയില്‍ അഖിലേന്ത്യാതലത്തില്‍ ഒരു സിവില്‍ സര്‍വീസ് വേണോ എന്ന ഗൗരവമായ ചര്‍ച്ചകള്‍ അക്കാലത്ത് നടന്നിരുന്നുവത്രേ. അന്നത്തെ ആഭ്യന്തരമന്ത്രി സര്‍ദാര്‍ പട്ടേലാണ് അഖിലേന്ത്യാ സര്‍വീസ് വേണമെന്നു നിര്‍ബന്ധം പിടിച്ചത്. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുരക്ഷിക്കാന്‍ ഇത് സുപ്രധാനമായ ഘടകമാണെന്ന് അദ്ദേഹം സമര്‍ഥിച്ചു. അങ്ങനെയാണ് ഐഎഎസ് ഉദ്യോഗസ്ഥര്‍ വിവിധ സംസ്ഥാനങ്ങളില്‍ സേവനമനുഷ്ഠിക്കാന്‍ നിയോഗിക്കപ്പെടുന്നത്. അധികാരം കേന്ദ്രീകരിക്കാനുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നീരാളിപ്പിടിത്തത്തില്‍ ഈ ഉദ്യോഗസ്ഥര്‍ മിക്കപ്പോഴും വീര്‍പ്പുമുട്ടാറുണ്ട്. എങ്കിലും 1975 വരെ നമ്മുടെ നാട്ടില്‍ ഐഎഎസ്, ഐപിഎസുകാര്‍ക്ക് നല്ല നിലയും വിലയും ഉണ്ടായിരുന്നു. അടിയന്തരാവസ്ഥയാണ് അതെല്ലാം തകിടം മറിച്ചത്. വിധേയത്വം കാണിച്ചില്ലെങ്കില്‍ ശിക്ഷ നേരിടേണ്ടിവരുമെന്ന ഭയം ഇവരില്‍ സൃഷ്ടിക്കാന്‍ അടിയന്തരാവസ്ഥയ്ക്കു കഴിഞ്ഞു. ഇക്കാലത്ത് നിയമലംഘനം നടത്താന്‍ ഉദ്യോഗസ്ഥര്‍ പ്രേരിപ്പിക്കപ്പെട്ടു. പാദസേവകരും അഴിമതിക്കാരുമായ ഉദ്യോഗസ്ഥരുടെ എണ്ണം ഗണ്യമായി വര്‍ധിക്കുകയും ചെയ്തു. അടിയന്തരാവസ്ഥക്കാലത്തെ അമിതാധികാരപ്രയോഗങ്ങളെക്കുറിച്ച് പല റിപോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. എന്നാല്‍, അടിയന്തരാവസ്ഥക്കാലത്തെ സമ്മര്‍ദങ്ങളില്‍ നിന്ന് നമ്മുടെ സിവില്‍ സര്‍വീസ് ഇപ്പോഴും മോചിതമായിട്ടില്ല. അതിനുവേണ്ടിയുള്ള ബോധപൂര്‍വമായ പരിശ്രമങ്ങള്‍ നടന്നുകാണുന്നില്ല. ഈ ഒരു പശ്ചാത്തലത്തിലാണ് മൂന്നാറിലെ ഭൂമികൈയേറ്റത്തെ കുറിച്ച് പരിശോധിക്കേണ്ടത്. സര്‍ക്കാര്‍ ഭൂമി കൈയേറ്റങ്ങളില്‍ ഇടുക്കി ജില്ലയിലെ മൂന്നാറിന് എന്നും താരപദവിയാണുള്ളത്. പ്രകൃതിരമണീയമായ മൂന്നാര്‍ സഞ്ചാരികളുടെ പറുദീസയാണ്. മൂന്നാറിലെ ഭൂമിയില്‍ ഏറെയും കുത്തകയായ ടാറ്റയുടെ കൈവശത്തിലാണ്. ദേവികുളം താലൂക്കിലെ 12 വില്ലേജുകളിലായി പരന്നുകിടക്കുന്ന വനഭൂമികളും ഏലത്തോട്ടങ്ങളും പുല്‍മേടുകളും പുഴകളും നയനാനന്ദകരമായ കാഴ്ചയത്രേ. രാഷ്ട്രീയ-ഉദ്യോഗസ്ഥ കൂട്ടുകെട്ട് ഏക്കര്‍കണക്കിന് പൊതുഭൂമിയാണ് ഇവിടെ തട്ടിയെടുത്തത്. മലയോരങ്ങളിലെ അത്യപൂര്‍വമായ വനസമ്പത്ത് കൊള്ളയടിച്ച് ഇക്കൂട്ടരില്‍ പലരും കോടീശ്വരന്മാരായി. ദശകങ്ങളായി ഈ പകല്‍ക്കൊള്ള നടക്കുന്നു. ഓരോ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോഴും മൂന്നാറിലെ ഭൂമികൈയേറ്റം കൂടുകയായിരുന്നു. അവിടെയുള്ള രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി കൈയേറ്റം പ്രോല്‍സാഹിപ്പിച്ചുകൊണ്ടിരുന്നു. ഇടതുമുന്നണി അധികാരത്തില്‍ വരുമ്പോള്‍ നഷ്ടപ്പെട്ടുപോയ സര്‍ക്കാര്‍ഭൂമി തിരിച്ചുപിടിക്കാന്‍ ഒച്ചപ്പാടും ബഹളവും നടക്കാറുണ്ട്. ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ തന്നെ മൂന്നാര്‍ കൈയേറ്റം പ്രധാന വിഷയമായിരുന്നു. ഭരണപക്ഷത്താവുമ്പോഴും പ്രതിപക്ഷത്താവുമ്പോഴും സഖാവ് വി എസ് അച്യുതാനന്ദന്‍ മൂന്നാര്‍ ഭൂമിയെപ്പറ്റി ഘോര പ്രസംഗങ്ങള്‍ നടത്തിപ്പോന്നിട്ടുണ്ട്. എന്നാല്‍, കൈയേറ്റം തടയല്‍ വഴിപാടുകളായും നാടകങ്ങളായും മാറുന്ന അനുഭവമാണുണ്ടായത്. ഇക്കുറി അതിനൊരു മാറ്റം വന്നു. ഭരണമുന്നണിയും സര്‍ക്കാരും വിചാരിച്ചതിനപ്പുറം ഉദ്യോഗസ്ഥതലത്തില്‍ അഭിമാനകരമായ വലിയ മുന്നേറ്റം നടന്നു. ഉദ്യോഗസ്ഥരുടെ ആത്മാര്‍ഥതയ്ക്കു മുമ്പില്‍ വകുപ്പുമന്ത്രിപോലും കീഴടങ്ങിപ്പോയി. നേരത്തേ സൂചിപ്പിച്ച നമ്മുടെ സിവില്‍ സര്‍വീസ് അതിന്റെ കരുത്ത് വീണ്ടെടുക്കുന്ന അനുഭവം. മൂന്നാറില്‍ കണ്ടത് അതാണ്. ഐഎഎസുകാര്‍ തങ്ങളില്‍ അര്‍പ്പിച്ച ധര്‍മനീതിയും ഉത്തരവാദിത്തങ്ങളും കടമകളും ഉയര്‍ത്തിപ്പിടിച്ച അപൂര്‍വമായ കാഴ്ച. ഇടുക്കി ജില്ലാ കലക്ടറും ദേവികുളം സബ് കലക്ടറും പ്രകടിപ്പിക്കുന്ന അസാമാന്യ ധൈര്യവും സമര്‍പ്പിതമായ, സത്യസന്ധമായ സേവനങ്ങളും ആരിലും മതിപ്പുളവാക്കാന്‍ പോന്നതാണ്. കേരളം ഇവരോട് കടപ്പെട്ടിരിക്കുന്നു. ഇതൊരു വെറും മൂന്നാര്‍ ഓപറേഷനായി ചുരുക്കിക്കാണരുത്. ഐഎഎസ് എന്നത് കേവലം റബര്‍സ്റ്റാമ്പുകളല്ല എന്ന് പരസ്യമായി തെളിയിക്കുന്ന സംഭവവികാസമാണ്. അതുകൊണ്ട് ഇതിനു ദേശീയ പ്രാധാന്യമുണ്ട്. ഭരണാധികാരികളുടെയും രാഷ്ട്രീയപ്പാര്‍ട്ടികളുടെയും താളത്തിനൊത്ത് തുള്ളുന്നവരല്ല തങ്ങളെന്ന് ഇടുക്കിയിലെ രണ്ട് ഐഎഎസുകാര്‍ പ്രഖ്യാപിക്കുകയാണ്. രാജ്യത്തെ ജനാധിപത്യ ചട്ടക്കൂടിനെ സുരക്ഷിതമായി നിലനിര്‍ത്താനുള്ള വീറുറ്റ പ്രഖ്യാപനമാണിത്. ഐഎഎസുകാരുടെ ഈ മഹനീയ സന്ദേശം മൂന്നാറില്‍ നിന്ന് അതിവേഗം രാജ്യവ്യാപകമായി പരക്കേണ്ടതുണ്ട്.
Next Story

RELATED STORIES

Share it