ernakulam local

സിവില്‍ സപ്ലൈസ് നടപടികള്‍ കാര്യക്ഷമമാക്കി: മന്ത്രി അനൂപ് ജേക്കബ്

വൈപ്പിന്‍: ആരോഗ്യരംഗത്ത് കൂടുതല്‍ സേവനങ്ങള്‍ നല്‍കുന്നതിനായി സിവില്‍ സപ്ലൈസ് നടപടികള്‍ കാര്യക്ഷമമാക്കിയതായി സിവില്‍ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. കുഴുപ്പിള്ളിയില്‍ ജില്ലയിലെ 22ാമത് മാവേലി മെഡിക്കല്‍ സ്റ്റോറിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
32 പഞ്ചായത്തുകളില്‍ കൂടി മാവേലി— മെഡിക്കല്‍ സ്റ്റോറുകള്‍ സ്ഥാപിക്കും. എല്ലാ ജില്ലകളിലും ഹൈപ്പര്‍, സൂപ്പര്‍ മാര്‍ക്കറ്റുകളും സ്ഥാപിക്കാന്‍ സിവില്‍ സപ്ലൈസ് നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് മന്ത്രി പറഞ്ഞു. പൊതു വിതരണരംഗം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എസ് ശര്‍മ എംഎല്‍എ അധ്യക്ഷതവഹിച്ചു.
വൈപ്പിന്‍കരയിലെ ആദ്യ മാവേലി മെഡിക്കല്‍ സ്‌റ്റോറാണ്. 12 മുതല്‍ 40 ശതമാനം വരെ വിലക്കുറവുണ്ടാവും. കുഴുപ്പിള്ളി സഹകരണ ബാങ്ക് കെട്ടിടത്തില്‍ ആരംഭിച്ചിട്ടുള്ള മെഡിക്കല്‍ സ്‌റ്റോറില്‍നിന്ന് മരുന്നു വാങ്ങുന്ന ബാങ്ക് അംഗങ്ങള്‍ക്ക് 10 ശതമാനം സ്‌പെഷ്യല്‍ ഡിസ്‌കൗണ്ട് നല്‍കുമെന്ന് ബാങ്ക് പ്രസിഡന്റ് എം സി സുനില്‍കുമാര്‍ അറിയിച്ചു.
വാടകയില്ലാതെയാണ് ബാങ്ക് കെട്ടിടം അനുവദിച്ചിട്ടുള്ളത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ കെ ജോഷി, കുഴുപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് സിന്ധു രാജേഷ്, ജില്ലാപഞ്ചായത്തംഗം അയ്യമ്പിള്ളി ഭാസ്‌കരന്‍, വി കെ ബാബു സംസാരിച്ചു. സപ്ലൈകോ റീജ്യനല്‍ മാനേജര്‍ എസ് രവികുമാര്‍ സ്വാഗതവും ജില്ലാ സപ്ലൈ ഓഫിസര്‍ ജോണ്‍ ടി എബ്രഹാം നന്ദിയും പറഞ്ഞു.
Next Story

RELATED STORIES

Share it