സില്‍വര്‍ജൂബിലി ആഘോഷിച്ച് ഈ റെക്കോഡുകള്‍

കോഴിക്കോട്: 61ാമത് ദേശീയ സ്‌കൂള്‍ കായികമേളയ്ക്കു ഒളിംപ്യന്‍ റഹ്മാന്‍ സ്റ്റേഡിയം ആതിഥേയത്വം വഹിക്കുമ്പോള്‍ രണ്ടു റെക്കോഡുകള്‍ ഭേദിക്കപ്പെടുമോയെന്നാണ് കായിക പ്രേമികള്‍ ഉറ്റു നോക്കുന്നത്. 1990 മുതല്‍ മാറ്റമില്ലാതെ റെക്കോഡ് പുസ്തകത്തില്‍ ഇടം പിടിച്ച ഈ രണ്ടിനങ്ങളുടെ സില്‍വര്‍ജൂബിലിയാഘോഷവേള കൂടിയാണ് കോഴിക്കോട് ദേശീയ സ്‌കൂള്‍ കായികമേള.
സബ്ജൂനിയര്‍ ആണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ ആസാമിന്റെ ബി ബന്ദുറാം സ്ഥാപിച്ച റെക്കോഡിന് ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും ഇതു വരെ മറ്റൊരവകാശി ഉണ്ടായിട്ടില്ല. 16.31 മീറ്റര്‍ ദൂരമെറിഞ്ഞാണ് ബന്ദുറാം അന്നു റെക്കോഡ് പുസ്തകത്തില്‍ കയറിപറ്റിയത്. ഇന്നു ഉച്ചകഴിഞ്ഞ് നടക്കുന്ന ഈയിനത്തില്‍ ഈ റെക്കോഡ് ഭേദിക്കപ്പെടാനായാല്‍ പുതിയൊരു ചരിത്രം കൂടിയാവും കോഴിക്കോട് പിറവിയെടുക്കുന്നത്. കേരളതാരങ്ങളൊന്നും മല്‍സരിക്കാനില്ലാത്ത ഈയിനത്തില്‍ പഞ്ചാബിന്റേയും ഹരിയാനയുടേയും കൗമാര താരങ്ങള്‍ തമ്മിലായിരിക്കും മുഖാമുഖ പോരാട്ടത്തിനിറങ്ങുന്നത്.
ജൂനിയര്‍ ആണ്‍കുട്ടികളിലെ വേഗമേറിയ താരത്തെ കണ്ടെത്താനുള്ള 100 മീറ്റര്‍ പോരാട്ടത്തില്‍ മലയാളി താരത്തിന്റെ പേരാണ് ഇപ്പോഴും റെക്കോഡ് പുസ്തകത്തിലുള്ളത്. 1990ലെ തന്നെ ദേശീയ സ്‌കൂള്‍ കായികമേളയില്‍ 10.8 സെക്കന്റില്‍ പി രാംകുമാറാണ് അന്നു റെക്കോഡ് സ്ഥാപിച്ചത്.
സീനിയര്‍, സബ്ജൂനിയര്‍ വിഭാഗങ്ങളിലെല്ലാം ഈ റെക്കോഡുകള്‍ പലതവണ മാറ്റിയെഴുതപ്പെട്ടിട്ടും രാംകുമാറിന്റെ പേരിന് മാത്രം ഇളക്കം തട്ടിയില്ല. നാളെ ഉച്ചകഴിഞ്ഞാണ് ജൂനിയര്‍ വിഭാഗത്തിലെ വേഗമേറിയ താരത്തിനായുള്ള പോരാട്ടം നടക്കുന്നത്.
Next Story

RELATED STORIES

Share it