ernakulam local

സിറ്റി ബസുകള്‍ ഇനി ഒരു കുടക്കീഴില്‍





കൊച്ചി: ദിനംപ്രതി മെട്രോ നഗരമായി മാറുന്ന കൊച്ചിയില്‍ ബസ്സുകളും ഇനി മുതല്‍ മെട്രോയാവുന്നു. കൊച്ചിയില്‍ മെട്രോ സര്‍വീസ് ആരംഭിക്കുന്നതോടെയാണ്് സ്വകാര്യ ബസ്സുകള്‍ കോര്‍ത്തിണക്കി കൂട്ടായ്മയൊരുങ്ങുന്നത്. മെട്രോ സര്‍വീസ് ആരംഭിക്കുന്നതോടെ സര്‍വീസും വരുമാനവും കുറയാനിടയുള്ളത് മുന്നില്‍ കണ്ടാണ് പരസ്പരം മല്‍സരിച്ചിരുന്നവര്‍ സംഘടിച്ചത്. സ്വകാര്യ ബസ്സുകളെയെല്ലാം ഒരുമിപ്പിച്ച് സംസ്ഥാനത്തെ ഏറ്റവും വലിയ ബസ് കൂട്ടായ്മയാണ് കൊച്ചിയില്‍ ഒരുങ്ങുന്നത്.  അതിന് മുന്നോടിയായി പല ബസ്സുകളും പേര് മാറ്റി തുടങ്ങി. നഗരത്തിലെയും കൊച്ചി പ്രദേശങ്ങളിലേയും 900 ബസുകള്‍ ഈ കൂട്ടായ്മയിലുണ്ടാവും. ഏഴ് കമ്പനികള്‍ക്ക് കീഴിലാണ് ബസ്സുകളുടെ കൂട്ടായ്മയുടെ പ്രവര്‍ത്തനം. കമ്പനികളെ ഏകോപിപ്പിച്ച് സംയുക്ത സമിതി രൂപീകരിച്ച് പൊതുഗതാഗത രംഗത്ത് വലിയ മാറ്റത്തിന് തുടക്കം കുറിക്കാനാണ് കെഎംആര്‍എല്‍ ലക്ഷ്യമിടുന്നത്. മുസിരിസ്, മൈ മെട്രോ ബസ് സര്‍വീസസ്, കൊച്ചി വീല്‍സ് യുണൈറ്റഡ്, പ്രതീക്ഷ, പെര്‍ഫെക്ട്, ഗ്രേറ്റര്‍ കൊച്ചിന്‍ ട്രാന്‍സ്‌പോര്‍ട്ട്, കൊച്ചി മെട്രോ ട്രാന്‍സ്‌പോര്‍ട്ട് കോ-ഓപറേറ്റീവ് സൊസൈറ്റി എന്നീ പേരുകളിലാണ് ബസ്സിന്റെ കൂട്ടായ്മ. നഗരത്തിലെ ഭൂരിഭാഗം ബസ്സുടമകളും സഹകരിച്ചതോടെ കൊച്ചിയുടെ ബസ് കൂട്ടായ്മ സംസ്ഥാനത്ത് തന്നെ വലുതാണ്. നഗരത്തിലും കൊച്ചിയുടെ വിവിധ പ്രദേശങ്ങളിലുമായി 773 റൂട്ടുകളിലാണ് ബസ് സര്‍വീസ് ഉള്ളത്. മെട്രോയും അനുബന്ധ റൂട്ട് ക്രമീകരണവും നടപ്പാകുമ്പോള്‍ 362 ആയി ചുരുങ്ങും. റൂട്ടുകള്‍ കുറയുമെങ്കിലും ഒരു മേഖലയിലേക്കും ബസ്സില്ലാത്ത അവസ്ഥ വരില്ലെന്നും ഈ വര്‍ഷം തന്നെ പൂര്‍ണമായും പ്രവര്‍ത്തനമാരംഭിക്കുമെന്നും അധികൃതര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it