സിറ്റിങ് എംഎല്‍എമാര്‍ കൊമ്പുകോര്‍ക്കുന്ന നെടുമങ്ങാട്

എച്ച് സുധീര്‍

തിരുവനന്തപുരം: സിറ്റിങ് എംഎല്‍എമാര്‍ തമ്മിലുള്ള പോരാട്ടത്താല്‍ ശ്രദ്ധേയമാവുകയാണ് തലസ്ഥാനത്തെ നെടുമങ്ങാട് മണ്ഡലം. കോണ്‍ഗ്രസ് സിറ്റിങ് എംഎല്‍എയും ഡെപ്യൂട്ടി സ്പീക്കറുമായ പാലോട് രവിയെ പിടിച്ചുകെട്ടാന്‍ കരുനാഗപ്പള്ളി സിറ്റിങ് എംഎല്‍എയും മുതിര്‍ന്ന നേതാവുമായ സി ദിവാകരനെയാണ് എല്‍ഡിഎഫ് രംഗത്തിറക്കിയിട്ടുള്ളത്. യുവനേതാവ് വി വി രാജേഷിനെ ഇറക്കി പരമാവധി വോട്ടുകള്‍ നേടാന്‍ ബിജെപിയും ജനവിരുദ്ധ മുന്നണികള്‍ക്ക് ജനപക്ഷ ബദലെന്ന മുദ്രാവാക്യവുമായി പ്രദേശവാസിയും ജനസമ്മതനുമായ അബ്ദുല്‍സലാം പനവൂരിനെ അങ്കത്തട്ടിലിറക്കി എസ്ഡിപിഐയും സജീവമാണ്.
മൂന്നുതവണ മണ്ഡലത്തില്‍നിന്ന് വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് പാലോട് രവി പോരിന് ഇറങ്ങുക. വികസനപ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് പ്രചാരണം. 2011ലെ തിരഞ്ഞെടുപ്പില്‍ 5030 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പാലോട് രവി വിജയിച്ചത്.
കരുനാഗപ്പള്ളിയില്‍നിന്ന് രണ്ടുതവണ ജനപ്രതിനിധിയും കഴിഞ്ഞ വിഎസ് സര്‍ക്കാരില്‍ ഭക്ഷ്യമന്ത്രിയുമായ അനുഭവസമ്പത്തുമായാണ് സി ദിവാകരന്‍ നെടുമങ്ങാട് അങ്കത്തിനിറങ്ങുന്നത്. 2006ല്‍ 12,496 വോട്ടിന്റെയും 2011ല്‍ 14,522 വോട്ടിന്റെയും ഭൂരിപക്ഷത്തില്‍ ജെഎസ്എസിലെ രാജന്‍ബാബുവിനെയാണ് ദിവാകരന്‍ തോല്‍പ്പിച്ചത്.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ നെടുമങ്ങാട് നഗരസഭയില്‍ നാലുസീറ്റ് നേടിയെങ്കിലൂം മണ്ഡലത്തില്‍ ബിജെപിക്ക് അത്രവലിയ പ്രതീക്ഷയില്ല. അതേസമയം, എസ്ഡിപിഐക്ക് നിര്‍ണായക സ്വാധീനമുള്ള മണ്ഡലത്തില്‍ ഇത്തവണ മികച്ച മുന്നേറ്റം നടത്താനാവുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ.
1982ല്‍ സിപിഐയിലെ കെ വി സുരേന്ദ്രനാഥ് 3,341 വോട്ടുകള്‍ക്ക് കോണ്‍ഗ്രസ്സിലെ വരദരാജന്‍ നായരെയും 1987ല്‍ 5,543 വോട്ടുകള്‍ക്ക് പാലോട് രവിയെയും പരാജയപ്പെടുത്തി. 1991ല്‍ സിപിഐയിലെ കെ ഗോവിന്ദപ്പിള്ളയെ 939 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി പാലോട് രവി മണ്ഡലം പിടിച്ചു. 1996ല്‍ 4264 വോട്ടുകള്‍ക്ക് മാങ്കോട് രാധാകൃഷ്ണനെ പരാജയപ്പെടുത്തി പാലോട് രവി മണ്ഡലം നിലനിര്‍ത്തി. എന്നാല്‍, 2001ല്‍ എല്‍ഡിഎഫ് മണ്ഡലം തിരിച്ചുപിടിച്ചു. 156 വോട്ടുകള്‍ക്ക് മാങ്കോട് രാധാകൃഷ്ണനാണ് പാലോട് രവിയെ പരാജയപ്പെടുത്തിയത്.
2006ലും മാങ്കോട് രാധാകൃഷ്ണന്‍ സീറ്റ് നിലനിര്‍ത്തി. 85 വോട്ടുകള്‍ക്കാണ് അന്നു പാലോട് രവിയെ പരാജയപ്പെടുത്തിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പാലോട് രവിയിലൂടെ യുഡിഎഫ് വീണ്ടും മണ്ഡലം പിടിച്ചെടുക്കുകയായിരുന്നു.
കഴിഞ്ഞ ലോക്‌സഭാ, തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ മുന്നേറ്റമുണ്ടാക്കാക്കിയ എല്‍ഡിഎഫ് കടുത്ത പ്രതീക്ഷയിലാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥി സമ്പത്ത് 59,283 വോട്ട് നേടിയപ്പോള്‍ കോണ്‍ഗ്രസ്സിലെ ബിന്ദുകൃഷ്ണയ്ക്ക് 45,769 വോട്ടുകളേ ലഭിച്ചുള്ളൂ. തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ അഞ്ചു പഞ്ചായത്തുകളില്‍ അണ്ടൂര്‍ക്കോണം മാത്രമാണ് യുഡിഎഫിന് ലഭിച്ചത്.
ബ്ലോക്ക് പഞ്ചായത്തില്‍ എല്‍ഡിഎഫ് പത്തിടത്ത് മുന്നേറിയപ്പോള്‍ ആട്ടുകാലും ചുള്ളിമാനൂരും തേക്കടയും മാത്രമാണ് യുഡിഎഫിനൊപ്പം നിന്നത്. നെടുമങ്ങാട് മുനിസിപ്പാലിറ്റിയില്‍ 39 സീറ്റുകളില്‍ 22 എണ്ണവും നേടി ഭരണം നിലനിര്‍ത്താനും എല്‍ഡിഎഫിനായി.
Next Story

RELATED STORIES

Share it