Flash News

സിറ്റിക്ക് പൂട്ടുവീഴുമോ? പ്രീമിയര്‍ ലീഗില്‍ ആവേശ പോരാട്ടം

സിറ്റിക്ക് പൂട്ടുവീഴുമോ? പ്രീമിയര്‍ ലീഗില്‍ ആവേശ പോരാട്ടം
X



ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന്് ( 13-12-2017) സൂപ്പര്‍ പോരാട്ടങ്ങള്‍. ലീഗിലെ പ്രമുഖ ടീമുകളായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, മാഞ്ചസ്റ്റര്‍ സിറ്റി, ലിവര്‍പൂള്‍, ടോട്ടനം, ആഴ്‌സനല്‍ എന്നീ ടീമുകള്‍ ഇന്ന് പോരിനിറങ്ങും.

ജയം ശീലിച്ച സിറ്റിപ്പട

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ജയം മാത്രം ശീലിച്ചാണ് പെപ് ഗാര്‍ഡിയോള തന്ത്രങ്ങളോതുന്ന മാഞ്ചസ്റ്റര്‍ സിറ്റിയുടെ മുന്നേറ്റം. മാഞ്ചസ്റ്റര്‍ ഡാര്‍ബിയില്‍ യുനൈറ്റഡിനെ തകര്‍ത്ത പോരാട്ടവീര്യത്തോടെ എത്തുന്ന സിറ്റിയുടെ ഇന്നത്തെ എതിരാളി സ്വാന്‍സിയയാണ്. തരംതാഴ്ത്തല്‍ ഭീഷണി നേരിട്ട് പട്ടികയിലെ 19ാം സ്ഥാനത്തുള്ള സ്വാന്‍സിയ സിറ്റിക്ക് വെല്ലുവിളി ഉയര്‍ത്താന്‍ വഴിയില്ല. നേര്‍ക്കുനേര്‍ പോരടിച്ച അവസാന അഞ്ച് മല്‍സരങ്ങളിലും ഒരു തവണപോലും സിറ്റിയെ തോല്‍പ്പിക്കാന്‍ സ്വന്‍സിയക്ക് കഴിഞ്ഞിട്ടില്ല. 16 മല്‍സരങ്ങളില്‍ നിന്ന് 46 പോയിന്റുകളുമായി പട്ടികയിലെ ഒന്നാം സ്ഥാനക്കാരാണ് സിറ്റി.

തിരിച്ചുവരാന്‍ യുനൈറ്റഡ്
നാട്ടങ്കത്തില്‍ നാണംകെട്ടെങ്കിലും ജയത്തോടെ തിരിച്ചുവരാനുറച്ചാവും ജോസ് മൊറീഞ്ഞോയുടെ യുനൈറ്റഡ് നിര ഇറങ്ങുക. വിജയ പ്രതീക്ഷയിലിറങ്ങുന്ന യുനൈറ്റഡിന്റെ എതിരാളി 14ാം സ്ഥാനക്കാരായ ബേണ്‍മൗത്താണ്.പോള്‍ പോഗ്ബയുടെ പരിക്കാണ് യുനൈറ്റഡിന്റെ പ്രധാന തലവവേദന. കരുത്തുപകരാന്‍ ഇബ്രാഹിമോവിചും ലുക്കാക്കുവും മാര്‍ഷ്യലും റാഷ്‌ഫോര്‍ഡും മാറ്റിക്കുമെല്ലാം യുനൈറ്റഡ് നിരയില്‍ ഇറങ്ങും. അവസാനം കളിച്ച അഞ്ച് മല്‍സരങ്ങളില്‍ സിറ്റിക്ക് മുന്നില്‍ മാത്രം കാലിടറിയ യുനൈറ്റഡ് 35 പോയിന്റുമായി രണ്ടാം സ്ഥാനത്താണുള്ളത്. നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയ അവസാന നാല് മല്‍സരത്തില്‍ ഒരു തവണ യുനൈറ്റഡിനെ സമനിലയില്‍ പിടിച്ചിട്ടതൊഴിച്ചാല്‍ മറ്റ്് മല്‍സരങ്ങളിലെല്ലാം ബേണ്‍മൗത്ത് പരാജയപ്പെട്ടിരുന്നു.

ചെമ്പടയ്‌ക്കെതിരാളി വെസ്റ്റ്‌ബ്രോം
ജര്‍ഗന്‍ ക്ലോപിന്റെ ലിവര്‍പൂള്‍ നിരയ്ക്ക് ഇന്ന് തകര്‍ക്കേണ്ടത് 17ാം സ്ഥാനക്കാരായ വെസ്റ്റ്‌ബ്രോമിനെ. താരസമ്പന്നതയില്‍ മുന്നിട്ട് നില്‍ക്കുന്നത് ലിവര്‍പൂളാണെങ്കിലും അട്ടിമറിക്കാന്‍ കെല്‍പ്പുള്ള യുവനിരയാണ് വെസ്റ്റ്‌ബ്രോമിന്റേത്. അവസാനം കളിച്ച അഞ്ച് മല്‍സരത്തില്‍ മൂന്ന് ജയവും രണ്ട് സമനിലയും അക്കൗണ്ടിലുള്ള ലിവര്‍പൂള്‍ 30 പോയിന്റുകളുമായി പട്ടികയിലെ നാലാം സ്ഥാനക്കാരാണ്. തൊട്ടുപിറകിലുള്ള ആഴ്‌സനലുമായി ഒരു പോയിന്റ് വ്യത്യാസം മാത്രമുള്ളതിനാല്‍ എന്തുവിലകൊടുത്തും വിജയിക്കാനുറച്ചാവും ലിവര്‍പൂള്‍ നിരബൂട്ടുകെട്ടുക.

ഗണ്ണേഴ്‌സിന് ജയിക്കണം
ഒരു പോയിന്റ് വ്യത്യാസത്തില്‍ അഞ്ചാം സ്ഥാനത്ത് നില്‍ക്കുന്ന ആഴ്‌സനലിന് ഇന്നത്തെ ജയം അനിവാര്യമാണ്. തരം താഴ്ത്തല്‍ ഭീഷണി നേരിട്ട് 18ാം സ്ഥാനത്തുള്ള വെസ്റ്റ്ഹാമിനെയാണ് ആഴ്‌സനലിന് വീഴ്‌ത്തേണ്ടത്. അവസാനം കളിച്ച രണ്ട് മല്‍സരത്തില്‍ ഒരു തോല്‍വിയും ഒരു സമനിലയും വഴങ്ങിയാണ് ആഴ്‌സനല്‍ ഇറങ്ങുന്നത്. അതേ സമയം അവസാന മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ചെല്‍സിയെ വീഴ്ത്തിയാണ് വെസ്റ്റ്ഹാം ഇറങ്ങുന്നത്. നേര്‍ക്കുനേര്‍ പോരടിച്ച അവസാനത്തെ അഞ്ച് പോരാട്ടങ്ങളില്‍ നാല് തവണയും ആഴ്‌സനല്‍ ജയിച്ചപ്പോള്‍ ഒരു തവണ വെസ്റ്റ്ഹാമും വിജയിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it