സിറ്റികള്‍ ഇന്ന് മുഖാമുഖം

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ഇന്ന് മുന്‍നിരക്കാരായ സിറ്റികള്‍ മുഖാമുഖം. മുന്‍ ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിയും പോയിന്റ് പട്ടികയിലെ അപ്രതീക്ഷിത ഒന്നാംസ്ഥാനക്കാരായ ലെസ്റ്റര്‍ സിറ്റിയുമാണ് നേര്‍ക്കുനേര്‍ വരുന്നത്. ലെസ്റ്ററിന്റെ തട്ടകത്തിലാണ് മല്‍സരം അരങ്ങേറുക.
തുടര്‍ച്ചയായി ഒമ്പതു മല്‍സരങ്ങളിലെ അപരാജിത കുതിപ്പ് കഴിഞ്ഞ കളിയില്‍ അവസാനിച്ചതിനു ശേഷം ലെസ്റ്ററിന്റെ ആദ്യ മല്‍സരമാണ് ഇന്നത്തേത്. കഴിഞ്ഞ കളിയില്‍ ലിവര്‍പൂളിനോടാണ് ലെസ്റ്റര്‍ 0-1ന് അടിയറവ് പറഞ്ഞത്. തോറ്റെങ്കിലും ലെസ്റ്ററിന്റെ ഒന്നംസ്ഥാനത്തിന് ഇത് ഇളക്കം തട്ടിച്ചിരുന്നില്ല. 18 റൗണ്ടുകള്‍ കഴിഞ്ഞപ്പോള്‍ 11 ജയവും അഞ്ച് സമനിലയും രണ്ടു തോല്‍വിയുമടക്കം 38 പോയിന്റുമായാണ് ലെസ്റ്റര്‍ ഒന്നാംസ്ഥാനത്തു നില്‍ക്കുന്നത്. രണ്ടു പോയിന്റ് പിന്നിലായി ആഴ്‌സനല്‍ രണ്ടാമതു നില്‍ക്കുമ്പോള്‍ മൂന്നു പോയിന്റ് പിറകിലായി സിറ്റി മൂന്നാമതാണ്. ഇന്നു ജയിച്ചാല്‍ സിറ്റിക്ക് ലെസ്റ്ററിനൊപ്പമെത്താനാവും. ശനിയാഴ്ചത്തെ മല്‍സരത്തില്‍ സണ്ടര്‍ലാന്റിനെ 4-1നു തകര്‍ത്തുവിട്ടതിന്റെ ആവേശത്തിലാണ് സിറ്റി ലെസ്റ്ററിന്റെ ഗ്രൗണ്ടിലെത്തുന്നത്.
തുടക്കം മുതല്‍ ഒടുക്കം വരെ ആക്രമണാത്മക ഫുട്‌ബോള്‍ പുറത്തെടുത്താണ് കഴിഞ്ഞ മല്‍സരത്തില്‍ ലിവര്‍പൂള്‍ ലെസ്റ്ററിനെ വീഴ്ത്തിയത്. കളിയിലുടനീളം ആധിപത്യം പുലര്‍ത്തിയ റെഡ്‌സ് അര്‍ഹിച്ച വിജയവും കൂടിയായിരുന്നു ഇത്. ലെസ്റ്ററിന്റെ പോരായ്മകള്‍ ലിവര്‍പൂള്‍ തുറന്നുകാണിച്ചതിനാല്‍ ഇതു മുതലെടുത്ത് ജയിച്ചുകയറാനായിരിക്കും ഇന്നു സിറ്റിയുടെ ശ്രമം.
വിജയവഴിയില്‍ തിരിച്ചെത്താന്‍ തയ്യാറെടുക്കുന്ന ലെസ്റ്ററിനു മല്‍സരത്തിനു മുമ്പ് തന്നെ അപ്രതീക്ഷിത തിരിച്ചടി നേരിട്ടിട്ടുണ്ട്. ടീമിന്റെ ഗോളടവീരനായ സ്‌ട്രൈക്കര്‍ ജാമി വാര്‍ഡി അസുഖത്തെത്തുടര്‍ന്ന് കളിക്കാന്‍ സാധ്യതയില്ലെന്നതാണ് ലെസ്റ്ററിനെ ആശങ്കയിലാക്കുന്നത്. ലിവര്‍പൂളിനെതിരായ മല്‍സരത്തില്‍ കടുത്ത പനിയെത്തുടര്‍ന്ന് താരത്തിനു മുഴുവന്‍ സമയവും കളിക്കാന്‍ സാധിച്ചിരുന്നി ല്ല. 69ാം മിനിറ്റില്‍ വാര്‍ഡിയെ കോച്ച് ക്ലോഡിയോ റെനിയേരി തിരിച്ചുവിളിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it