World

സിറിയ: ഹിസ്ബുല്ല നേതാവ് ബദറുദ്ദീന്‍ കൊല്ലപ്പെട്ടു

ദമസ്‌കസ്: സിറിയയിലെ ഹിസ്ബുല്ലയുടെ മുതിര്‍ന്ന നേതാവെന്നു കരുതപ്പെടുന്ന മുസ്തഫ അമീന്‍ ബദറുദ്ദീന്‍(55) കൊല്ലപ്പെട്ടു. ദമസ്‌കസ് വിമാനത്താവളത്തിനടുത്തുണ്ടായ സ്‌ഫോടനത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്ന് ലബ്‌നാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹിസ്ബുല്ല പ്രസ്താവനയില്‍ അറിയിച്ചു. അല്‍ മനാര്‍ വെബ്‌സൈറ്റിലൂടെയായിരുന്നു ഹിസ്ബുല്ലയുടെ പ്രസ്താവന.
വിമതര്‍ക്കെതിരേയുള്ള യുദ്ധത്തില്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിന്റെ സൈന്യത്തെയാണ് സിറിയയിലെ ഹിസ്ബുല്ല പിന്തുണയ്ക്കുന്നത്. ആയിരക്കണക്കിന് ഭടന്മാരെയാണ് ഹിസ്ബുല്ല ഇതിനായി സിറിയയിലേക്കയച്ചിട്ടുള്ളത്.
2011 മുതല്‍ രാജ്യത്ത് ഹിസ്ബുല്ല നടത്തുന്ന എല്ലാ സൈനിക ദൗത്യങ്ങള്‍ക്കും പിന്നില്‍ ബദറുദ്ദീന്‍ ആണെന്ന് കഴിഞ്ഞ വര്‍ഷം യുഎസ് ആരോപിച്ചിരുന്നു. സിറിയയിലേക്കുള്ള ഹിസ്ബുല്ലയുടെ വരവിനു പിന്നില്‍ ബദറുദ്ദീന്‍ ആണെന്നാണ് യുഎസ് പറയുന്നത്. കഴിഞ്ഞ ജൂലൈയില്‍ ബദറുദ്ദീന് യുഎസ് ഉപരോധമേര്‍പ്പെടുത്തി. അല്‍ ഖുസൈര്‍ നഗരത്തിനായി 2013ല്‍ നടന്ന യുദ്ധത്തിന്റെ നേതൃത്വവും ബദറുദ്ദീനായിരുന്നു.
ലബ്‌നാന്‍ മുന്‍ പ്രധാനമന്ത്രി റഫീഖ് ഹരീരിയെ ബെയ്‌റൂത്തില്‍ വച്ച് കൊലപ്പെടുത്തിയതിന്റെ സൂത്രധാരന്‍ ബദറുദ്ദീന്‍ ആണെന്നു കരുതപ്പെടുന്നു. സംസ്‌കാരം ഇന്നലെ ഉച്ചയ്ക്ക് ബെയ്‌റൂത്തില്‍ നടന്നു.
ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തിലാണ് ബദറുദ്ദീന്‍ കൊല്ലപ്പെട്ടതെന്നാണ് തുടക്കത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നത്. എന്നാല്‍, ഹിസ്ബുല്ല പ്രസ്താവനയില്‍ ഇക്കാര്യം വെളിപ്പെടുത്തിയിട്ടില്ല. ഇസ്രായേല്‍ സര്‍ക്കാരും ഇതിനോട് പ്രതികരിച്ചിട്ടില്ല.
സംഘര്‍ഷം ആരംഭിച്ചതുമുതല്‍ തങ്ങളുടെ ഭടന്മാരെ ഇസ്രായേല്‍ കൊലപ്പെടുത്തുന്നതായി ഹിസ്ബുല്ല ആരോപിക്കുന്നുണ്ട്. അതേസമയം, ഹലബിലെ ഖാന്‍ തൂമനില്‍ തങ്ങള്‍ നടത്തിയ ആക്രമണത്തിലാണ് ബദറുദ്ദീന്‍ കൊല്ലപ്പെട്ടതെന്ന് സിറിയന്‍ വിമതസംഘങ്ങളും അല്‍ നുസ്‌റ ഫ്രണ്ടും ട്വിറ്ററിലൂടെ അറിയിച്ചു. എന്നാല്‍ ആക്രമണത്തിനു പിന്നില്‍ ആരെന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.
Next Story

RELATED STORIES

Share it