സിറിയ: സമാധാന ചര്‍ച്ച പുനരാരംഭിച്ചു

സിറിയ: സമാധാന ചര്‍ച്ച  പുനരാരംഭിച്ചു
X
syria-finalവിയന്ന: സിറിയയിലെ ആഭ്യന്തരസംഘര്‍ഷം അവസാനിപ്പിക്കുന്നതിനുള്ള സമാധാന ചര്‍ച്ച പുനരാരംഭിക്കുന്നതിനായി പടിഞ്ഞാറന്‍, മധ്യപൂര്‍വ രാജ്യങ്ങളില്‍നിന്നുള്ള നയതന്ത്ര പ്രതിനിധികള്‍ ഓസ്ട്രിയന്‍ തലസ്ഥാനമായ വിയന്നയിലെത്തി. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയുടെയും റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവിന്റെയും നേതൃത്വത്തിലുള്ള സമാധാന ചര്‍ച്ചകളില്‍ അന്താരാഷ്ട്ര സിറിയന്‍ പിന്തുണ സമിതിയിലെ (ഐഎസ്എസ്ജി) 17 രാഷ്ട്രങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് പങ്കെടുക്കുന്നത്.
സിറിയയിലെ ബശ്ശാറുല്‍ അസദിനെയും പ്രതിപക്ഷവിഭാഗങ്ങളെയും രാഷ്ട്രീയ മാറ്റത്തിനുള്ള കരടില്‍ സമവായത്തിലെത്തിക്കുന്നത് സമിതിയിലെ അംഗരാഷ്ട്രങ്ങള്‍ക്ക് എളുപ്പമാവില്ലെന്നാണ് വിലയിരുത്തല്‍്. അസദ് ഭരണത്തില്‍ നിന്നൊഴിവാകണമെന്ന നിലപാടാണ് തുടരുന്നതെന്ന് കെറിക്കൊപ്പം ചര്‍ച്ചയ്‌ക്കെത്തിയ യുഎസ് പ്രതിനിധികള്‍ അറിയിച്ചു. എന്നാല്‍, അധികാരത്തില്‍ നിന്നൊഴിയില്ലെന്ന സൂചനകളാണ് റഷ്യയുടെയും ഇറാന്റെയും പിന്തുണയുള്ള അസദ് ഭരണകൂടം നല്‍കുന്നത്.
ചര്‍ച്ചയിലെ പ്രധാന പങ്കാളികളായ യുഎസും റഷ്യയും തമ്മിലുള്ള ഭിന്നത കാരണം സിറിയന്‍ വിഷയത്തില്‍ തീരുമാനത്തിലെത്താന്‍ സമയമെടുക്കുമെന്നാണ് വിയന്നയിലെത്തിയ നയതന്ത്ര പ്രതിനിധികള്‍ അറിയിച്ചത്. അതേസമയം ചര്‍ച്ചയില്‍ വിശ്വാസം നഷ്ടപ്പെട്ടതായി സിറിയയിലെ വിമതവിഭാഗം വ്യക്തമാക്കി. സിറിയന്‍, റഷ്യന്‍ സഖ്യസേനയുടെ ആക്രമണം രൂക്ഷമായതിനെത്തുടര്‍ന്ന് പ്രതിപക്ഷ പ്രതിനിധികള്‍ കഴിഞ്ഞമാസം നടന്ന ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു.
അതേസമയം, വിമതര്‍ക്ക് നിയന്ത്രണമുള്ള ഇദ്‌ലിബ് പ്രവിശ്യയില്‍ സഖ്യസേന ഇന്നലെ നടത്തിയ വ്യോമാക്രമണത്തില്‍ 12 സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടു. ഇദ്‌ലിബിലെ ബിദാമ പട്ടണത്തിലായിരുന്നു ആക്രമണം. സംഘര്‍ഷം തുടരുന്ന സിറിയയില്‍ കഴിഞ്ഞ ഏതാനും ആഴ്ചകളില്‍ 300ലധികം പേര്‍ കൊല്ലപ്പെട്ടു. സിറിയന്‍ സര്‍ക്കാര്‍ സേനയുടെ വ്യോമാക്രമണങ്ങളിലാണ് ഇതില്‍ ഭൂരിപക്ഷം പേരും കൊല്ലപ്പെട്ടത്.
Next Story

RELATED STORIES

Share it