സിറിയ: വെടിനിര്‍ത്തല്‍ തുടരുന്നതിന് തടസ്സങ്ങള്‍ ഏറെ

ബെയ്‌റൂത്ത്: റഷ്യന്‍ സമ്മര്‍ദ്ദത്തിനു വഴങ്ങി സിറിയന്‍ ഏകാധിപതി ബശ്ശാറുല്‍ അസദിനെ അധികാരത്തില്‍ തുടരാന്‍ സമ്മതിക്കുന്ന സിറിയന്‍ വെടിനിര്‍ത്തല്‍ തീര്‍ത്തും താല്‍ക്കാലികമാണെന്നു വിലയിരുത്തല്‍. പൗരാവകാശങ്ങള്‍ക്കുവേണ്ടി പടപൊരുതുന്ന സായുധസംഘമായ ജബ്ഹുത്തുന്നുസ്‌റ അധികാരത്തില്‍ വരുന്നത് തടയുക എന്നത് നാറ്റോയുടെയും അയല്‍പക്ക രാഷ്ട്രങ്ങളുടെയും പൊതു താല്‍പര്യമായതോടെയാണ് ആഭ്യന്തര കലാപം മൂലം തകര്‍ന്നു തരിപ്പണമായ സിറിയയില്‍ പേരിനെങ്കിലും വെടിയൊച്ചയ്ക്കു വിരാമമായത്.
സിറിയന്‍ നഗരമായ ഹലബ് ഉപരോധിച്ച സിറിയന്‍ സൈന്യം കൂട്ടക്കൊല നടത്തുന്നതു സംബന്ധിച്ച റിപോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടയില്‍ റഷ്യന്‍ വ്യോമസേന അല്‍ നുസ്‌റ-ഇസ്‌ലാമിക് സ്‌റ്റേറ്റ് (ദാഇശ്) ആസ്ഥാനങ്ങളില്‍ ബോംബിങ് തുടരുന്നുണ്ട്. സിറിയന്‍ സൈന്യം യുദ്ധക്കുറ്റങ്ങള്‍ ചെയ്യുന്നു എന്ന് യുഎന്‍ ആരോപിച്ചുവെങ്കിലും അത് വെറും ബാഹ്യമായ പ്രതിഷേധമാണെന്നാണു കരുതപ്പെടുന്നത്.
ദാഇശിന്റെ തലസ്ഥാനമെന്നു കരുതപ്പെടുന്ന റഖയില്‍ യുഎസും റഷ്യയും ചേര്‍ന്നാണ് ബോംബിങ് നടത്തുന്നത്. യുഎഇ ആദ്യത്തെ ആവേശത്തില്‍ ബോംബേറില്‍ പങ്കാളിയായെങ്കിലും പിന്നീട് പ്രത്യാഘാതങ്ങള്‍ ഭയന്നു പിന്‍വലിയുകയായിരുന്നു. ദുബയിലും അബൂദബിയിലും ബോംബ് സ്‌ഫോടനപരമ്പര നടത്തുമെന്ന് ദാഇശ് താക്കീത് നല്‍കിയതാണ് യുഎഇ ഭരണകൂടത്തെ വീണ്ടുവിചാരത്തിനു പ്രേരിപ്പിച്ചതെന്നു കരുതപ്പെടുന്നു.
ജര്‍മനിയിലെ മ്യൂണിക്കില്‍ ചേര്‍ന്ന ഉച്ചകോടിയിലാണ് സിറിയയില്‍ വെടിനിര്‍ത്തല്‍ സംബന്ധിച്ച തീരുമാനമായത്. ദുരിതാശ്വാസ ഏജന്‍സികള്‍ക്ക് രാജ്യത്തു പ്രവേശനം നല്‍കുക, അടിയന്തരമായി വെടിനിര്‍ത്തുക, പ്രശ്‌നത്തിനു രാഷ്ട്രീയ പരിഹാരമുണ്ടാക്കുക എന്നിവയാണു കരാറിലെ മുഖ്യ തീരുമാനങ്ങള്‍ എങ്കിലും ചര്‍ച്ചയില്‍ ജബ്ഹത്തുന്നുസ്‌റയുടെയോ ദാഇശിന്റെയോ പ്രതിനിധികള്‍ ഉണ്ടായിരുന്നില്ല. മാത്രമല്ല റഷ്യന്‍ സമ്മര്‍ദ്ദംമൂലം ബശ്ശാറുല്‍ അസദിനെ നിലനിര്‍ത്താനും ചര്‍ച്ചയില്‍ പങ്കെടുത്ത രാജ്യങ്ങളുടെ പ്രതിനിധികള്‍ തീരുമാനിച്ചു. തങ്ങള്‍ക്ക് അല്‍ നുസ്‌റയെയും ദാഇശിനെയും ആക്രമിക്കാനുള്ള അവകാശമുണ്ടെന്ന് റഷ്യന്‍-സിറിയന്‍ പ്രതിനിധികള്‍ ശാ ഠ്യംപിടിച്ചതിനാല്‍ വെടിനിര്‍ത്തല്‍ അധികകാലം തുടരാന്‍ സാധ്യതയില്ല. രണ്ടും ഭീകരസംഘടനകളാണെന്ന് യുഎന്‍ രക്ഷാസമിതി നേരത്തെ പ്രമേയം പാസാക്കിയിട്ടുണ്ട്. ഏതൊക്കെ ഭാഗത്തു വെടിനിര്‍ത്തല്‍ പ്രാബല്യമുണ്ടാവും എന്നു പറയാന്‍ പ്രയാസമാണ്.
വെടിനിര്‍ത്തല്‍ വെറുമൊരു നാടകം മാത്രമാണെന്ന് അമേരിക്കന്‍ പ്രതിരോധ വിദഗ്ധനായ ലുക്ക് കോഫി പറയുന്നു. യുദ്ധമുഖത്തുള്ള രണ്ടു സംഘടനകളെയും നേരത്തെ ഭീകരരെന്നു പ്രഖ്യാപിച്ചതാണ് ഒരു പ്രശ്‌നം. ഈ കിടമല്‍സരത്തിലെ മുഖ്യ കഥാപാത്രങ്ങളായ റഷ്യക്കും യുഎസിനും മേഖലയില്‍ ഒട്ടും വിശ്വാസ്യതയില്ലാത്തതും പ്രധാന കാരണങ്ങളെന്നു കോഫി ചൂണ്ടിക്കാട്ടുന്നു.
Next Story

RELATED STORIES

Share it