World

സിറിയ വിലപേശല്‍ ഉപാധിയാക്കി മാറ്റിയേക്കാമെന്ന് യുഎന്‍ പ്രതിനിധി

ദമസ്‌കസ്: ഉപരോധത്തിലുള്ള വിമത ഗ്രാമമായ ഗൂത്തയില്‍ നിന്നു കുട്ടികളെ ചികില്‍സയ്ക്കായി ദമസ്‌കസിലേക്കു മാറ്റന്നതിനെ സിറിയന്‍ ഭരണകൂടം വിലപേശല്‍ ഉപാധിയായി മാറ്റുമെന്നു ഭയപ്പെടുന്നതായി ഉന്നത യുഎന്‍ പ്രതിനിധി. കുട്ടികളെ ചികില്‍സയ്ക്കു പുറത്തുപോവാന്‍ അനുവദിക്കുന്നതിനു പകരം തടവിലുള്ള സര്‍ക്കാര്‍ പ്രതിനിധികളെ വിട്ടയക്കാമെന്നു വിമതര്‍ ധാരണയിലെത്തിയതായാണു തന്റെ വിശ്വാസമെന്നു യുഎന്‍ മനുഷ്യാവകാശ വിഭാഗം പ്രതിനിധി ജാന്‍ എഗലന്റ് അറിയിച്ചതായി ബിബിസി റിപോര്‍ട്ട് ചെയ്തു. 12 പേരെ കൂടി ബുധനാഴ്ച പുറത്തെത്തിച്ചു. 13 പേരെയാണു ചൊവ്വാഴ്ച മാറ്റിയിരുന്നത്. ഹൃദ്രോഗം, കാന്‍സര്‍, വൃക്ക, രക്തസംബന്ധമായ രോഗങ്ങള്‍ എന്നിവയെ തുടര്‍ന്ന് അടിയന്തര ചികില്‍സയ്ക്കായി 29 പേരെയാണു ദമസ്‌കസിലേക്കു കൊണ്ടുപോവേണ്ടിയിരുന്നത്്. ഇതില്‍ ഒരു കുട്ടി ദിവസങ്ങള്‍ക്കു മുമ്പ് മരിച്ചതായി ബന്ധുക്കള്‍ അറിയിച്ചു. കിഴക്കന്‍ ഗൂത്തയില്‍ തടവിലുള്ള 29 സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വിട്ടയക്കാമെന്ന ധാരണയിലാണു കുട്ടികളെ ചികില്‍സയ്ക്കു പുറത്തു കൊണ്ടുപോവാന്‍ അനുവദിച്ചതെന്നും വിമത ജെയ്‌ശെ അല്‍ ഇസ്‌ലാം നേതാവ് അറിയിച്ചതായും റിപോര്‍ട്ടുണ്ട്. സര്‍ക്കാരിന്റെ ഉപരോധത്തിലുള്ള കിഴക്കന്‍ ഗൂത്തയില്‍ ആവശ്യത്തിനു മരുന്നും ഭക്ഷണവും ലഭിക്കാതെ ദുരിതം അനുഭവിക്കുകയാണ്  നാലു ലക്ഷത്തോളം വരുന്ന ജനത.
Next Story

RELATED STORIES

Share it