Flash News

സിറിയ: വിയന്ന യോഗത്തില്‍ ഖത്തര്‍ പങ്കെടുത്തു

ദോഹ: സിറിയന്‍ പ്രതിസന്ധിക്ക് രാഷ്ട്രീയ പരിഹാരം അന്വേഷിച്ചുകൊണ്ട് വിയന്നയില്‍ ഇന്നലെ നടന്ന വിശാല യോഗത്തില്‍ ഖത്തറിനെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി ഡോ.ഖാലിദ് ബിന്‍ മുഹമ്മദ് അല്‍അത്തിയ്യ പങ്കെടുത്തു.
റഷ്യ, യുഎസ്, സൗദി, തുര്‍ക്കി, ഇറാന്‍, യുഎഇ, ജോര്‍ദാന്‍, ജര്‍മനി, ഫ്രാന്‍സ്, ഈജിപ്ത്, ഇറ്റലി, ബ്രിട്ടണ്‍, ഇറാഖ്, ലബ്‌നാന്‍, ചൈന, ഒമാന്‍ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരും സിറിയയിലേക്കുള്ള അന്താരാഷ്ട്ര ദൂതന്‍ സ്റ്റീഫന്‍ ഡി മിസ്തൂറ, യൂറോപ്യന്‍ യൂനിയന്‍ ഉന്നത പ്രതിനിധി ഫ്രെഡറിക്ക മൊഗീര്‍നി എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
സിറിയയില്‍ രാഷ്ട്രീയ പ്രക്രിയ നടപ്പിലാക്കാനുള്ള നിര്‍ദേശങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു.
ജനീവ-1 ഡോക്യുമെന്റനുസരിച്ചുള്ള രാഷ്ട്രീയ പരിഹാരത്തിനായുള്ള മാര്‍ഗത്തില്‍ പ്രാദേശിക, അന്താരാഷ്ട്ര ഘടകങ്ങളെ ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ചയായി.
അതേ സമയം, സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിനെ അധികാരഭ്രഷ്ടനാക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്യുന്നതിനായി നടന്ന യോഗത്തിനു മുന്നോടിയായി ഖത്തര്‍, സൗദി, തുര്‍ക്കി വിദേശകാര്യ മന്ത്രിമാര്‍ വിയന്നയില്‍ പ്രത്യേക യോഗം ചേര്‍ന്നു. ഡോ.ഖാലിദ് ബിന്‍ മുഹമ്മദ് അല്‍അത്തിയ്യ(ഖത്തര്‍), ആദില്‍ ബിന്‍ അഹ്മദ് അല്‍ജുബൈര്‍(സൗദി), ഫരിദൂന്‍ സിനെര്‍ലി ഇഹ്‌സാന്‍ ഒഗ്‌ലു(തുര്‍ക്കി) എന്നിവരാണ് അടിയന്തര യോഗം ചേര്‍ന്നത്.
സിറിയന്‍ വിഷയവുമായി ബന്ധപ്പെട്ടുള്ള അഭിപ്രായങ്ങള്‍ പരസ്പരം പങ്കുവയ്ക്കുകയും വിയന്ന യോഗത്തിനു മുമ്പാകെ സമര്‍പ്പിക്കേണ്ട രാഷ്ട്രീയ പരിഹാരത്തെക്കുറിച്ചും മന്ത്രിമാര്‍ ചര്‍ച്ച ചെയ്തു.
Next Story

RELATED STORIES

Share it