സിറിയ: ലതാകിയയില്‍ വീണ്ടും സംഘര്‍ഷം

ദമസ്‌കസ്: സിറിയന്‍ തലസ്ഥാനമായ ദമസ്‌കസിന്റെ സമീപമേഖലകളില്‍ സംഘര്‍ഷം ആരംഭിച്ചതായി സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ്.
ദമസ്‌കസിനു സമീപം കിഴക്കന്‍ ഘൗട്ടയിലും വടക്കന്‍ മേഖലയിലെ ലതാകിയ പ്രവിശ്യയിലും കഴിഞ്ഞയാഴ്ച വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. കിഴക്കന്‍ ഘൗട്ടയിലെ മര്‍ജ് പട്ടണം സര്‍ക്കാര്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലായതായി വിമത സംഘടന ജെയ്‌ശെ അല്‍ ഇസ്‌ലാം അറിയിച്ചു.
അതേസമയം ഹലബ് പ്രവിശ്യയിലെ സര്‍ക്കാര്‍ നിയന്ത്രിത മേഖലകളിലുണ്ടായ ആക്രമണങ്ങളില്‍ മൂന്നു കുട്ടികളടക്കം 19 പേര്‍ കൊല്ലപ്പെട്ടു. 80ഓളം പേര്‍ക്ക് പരിക്കേറ്റു. ഹലബ് നഗരത്തിലെ ഒരു ആശുപത്രിക്കു നേരെ വിമതര്‍ നടത്തിയ വ്യോമാക്രമണത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടതായി സിറിയന്‍ ഔദ്യോഗിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
പ്രവിശ്യയിലെ വിമത മേഖലകളിലും സര്‍ക്കാര്‍ നിയന്ത്രിത മേഖലകളിലുമായി 250ലധികം പേരാണ് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. ഹലബിലെ സക്കൗര്‍ അടക്കമുള്ള വിമത മേഖലകളില്‍ സര്‍ക്കാര്‍ സൈന്യം വ്യോമാക്രമണം തുടരുകയാണെന്ന് സിറിയന്‍ ഒബ്‌സര്‍വേറ്ററി അറിയിച്ചു.
ഹലബ് നഗരത്തിലും സമീപപ്രദേശങ്ങളിലും ബാരല്‍ ബോംബുകള്‍ വര്‍ഷിക്കുന്ന സര്‍ക്കാര്‍ യുദ്ധക്കുറ്റവും മനുഷ്യരാശിക്കെതിരായ കുറ്റ കൃത്യങ്ങളുമാണ് ചെയ്യുന്നതെന്ന് പ്രതിപക്ഷം ഇന്നലെ വിമര്‍ശനമുന്നയിച്ചിരുന്നു.
ഹലബില്‍ വെടിനിര്‍ത്തല്‍ കൊണ്ടുവരാന്‍ നയതന്ത്രപരമായ സമ്മര്‍ദ്ദമുയരുന്നതിനിടെയാണ് പുതിയ ആക്രമണങ്ങള്‍. സിറിയയിലെ സംഘര്‍ഷാവസ്ഥയ്ക്ക് വിരാമമിടുന്നതിനുള്ള നടപടികളില്‍ ശ്രദ്ധയൂന്നണമെന്ന് യുഎന്‍ നയതന്ത്ര പ്രതിനിധി സ്റ്റഫാന്‍ ഡി മിസ്തുര കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.
മോസ്‌കോയില്‍ റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവുമായി സിറിയന്‍ വിഷയത്തില്‍ ചര്‍ച്ച നടത്താനിരിക്കെയാണ് മിസ്തുരയുടെ പ്രതികരണം.
ചര്‍ച്ചയില്‍ പ്രശ്‌നപരിഹാരത്തിനുതകുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ കണ്ടെത്താനാവുമെന്നാണ് പ്രതീക്ഷയെന്നും യുഎസും റഷ്യയും സിറിയ പ്രതിസന്ധി പരിഹരിക്കുന്നതിനായി പ്രവര്‍ത്തിക്കുകയാണെന്നും സെര്‍ജി ലാവ്‌റോ പറഞ്ഞു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയുമായി മിസ്തുര കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു.
Next Story

RELATED STORIES

Share it