Flash News

സിറിയ : റഷ്യയുടെ മധ്യസ്ഥത അംഗീകരിക്കില്ലെന്ന് പ്രതിപക്ഷം



ബെയ്‌റൂത്ത്: സിറിയയില്‍ ആഭ്യന്തര യുദ്ധത്തിന് നേതൃത്വം നല്‍കുന്ന പ്രസിഡന്റ് ബശ്ശാറുല്‍ അസദിനെ പിന്താങ്ങുന്ന റഷ്യയുടെ മധ്യസ്ഥതയിലുള്ള ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് സിറിയന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍. നവംബര്‍ 18ന് സൂച്ചില്‍ നടത്താന്‍ നിശ്ചയിച്ച ചര്‍ച്ചയ്ക്ക് യുഎന്‍ മധ്യസ്ഥം വഹിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. സിറിയയില്‍ ഭരണഘടനാ പരിഷ്‌കരണം കൊണ്ടുവരിക എന്നതാണു ചര്‍ച്ചയുടെ പ്രധാന ലക്ഷ്യമെന്ന് റഷ്യ അറിയിച്ചു. എന്നാല്‍ ഇതിനെ അംഗീകരിക്കാന്‍ കഴിയില്ലെന്ന് സിറിയയിലെ പ്രതിപക്ഷമായ ഹൈ നെഗോസിയേഷന്‍ കമ്മിറ്റിയും ജെയ്‌ശെ അല്‍ ഇസ്‌ലാം വിമത വിഭാഗവും അറിയിച്ചു. സിറിയയിലെ രാഷ്ട്രീയ മാറ്റവുമായി ബന്ധപ്പെട്ട് യുഎന്‍ നേതൃത്വത്തില്‍ ജനീവയില്‍ നടക്കുന്ന നീക്കങ്ങളെയും മറ്റു ലോക രാഷ്ട്രങ്ങളുടെ താല്‍പ്പര്യങ്ങളെയും മറികടക്കുകയാണു റഷ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്സിന്റെ ശ്രമമെന്നു തുര്‍ക്കി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ നാഷനല്‍ കൊയിലേഷന്‍ അഭിപ്രായപ്പെട്ടു. യുഎന്‍ നേതൃത്വമില്ലാതെ നടക്കുന്ന ഒരു ചര്‍ച്ചയെയും അംഗീകരിക്കാന്‍ കഴിയില്ലെന്നും എസ്എന്‍സി കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it