Flash News

സിറിയ : യു എസ് വ്യോമാക്രമണത്തെ അപലപിക്കുന്ന റഷ്യയുടെ പ്രമേയം രക്ഷാസമിതി തള്ളി

സിറിയ : യു എസ് വ്യോമാക്രമണത്തെ അപലപിക്കുന്ന റഷ്യയുടെ പ്രമേയം രക്ഷാസമിതി തള്ളി
X


യുനൈറ്റഡ് നേഷന്‍സ് : സിറിയയില്‍ അമേരിക്കയുടെ നേതൃത്വത്തില്‍ നടത്തിയ വ്യോമാക്രമണത്തെ അപലപിക്കുന്ന റഷ്യയുടെ പ്രമേയം യുഎന്‍ രക്ഷാസമിതി അടിയന്തര യോഗം തള്ളി. ആക്രമണത്തിലൂടെ ഡമാസ്‌കസിലുള്ള രാസായുധ ശേഖരം തകര്‍ത്തെന്ന്  യു.എന്നിലെ അമേരിക്കയുടെ പ്രതിനിധി നിക്കി ഹാലി സഭയെ അറിയിച്ചു. അതേസമയം ആക്രമണം നടത്തിയ യു.എസ്, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങള്‍ നുണയന്മാരും കൊള്ളക്കാരും ആത്മവഞ്ചകരുമാണെന്ന് സിറിയന്‍ പ്രതിനിധി ബഷര്‍ ജാഫരി ആരോപിച്ചു
ആയുധസംഭരണശാലകളും ഗവേഷണകേന്ദ്രവും ലക്ഷ്യമിട്ടായിരുന്നു സിറിയയില്‍ യുഎസ്, ബ്രിട്ടിഷ്, ഫ്രഞ്ച് സേനകള്‍ വ്യോമാക്രമണം നടത്തിയത്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപാണ് ആക്രമണത്തിന് ഉത്തരവിട്ടത്.
കിഴക്കന്‍ ഗൂത്തയിലെ രാസായുധപ്രയോഗത്തിനു മറുപടിയായിട്ടാണ് യുഎസും സഖ്യകക്ഷികളും വ്യോമാക്രമണം ആരംഭിച്ചത്. ദമസ്‌കസും ഹുംസ് പട്ടണവും സിറിയയിലെ മറ്റിടങ്ങളും ലക്ഷ്യംവച്ച് ആക്രമണം ആരംഭിക്കുമെന്നു വെള്ളിയാഴ്ച രാത്രിയോടെ ട്രംപ് അറിയിച്ചിരുന്നു. ഇതിനു പിറകേ ഇന്നലെ പുലര്‍ച്ചയോടെയാണ് സിറിയയിലെ മൂന്നിടത്ത് ആക്രമണമുണ്ടായത്. ടോമഹോക് ക്രൂസ് മിസൈലുകളും പോര്‍വിമാനങ്ങളുമുപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആക്രമണത്തില്‍ ബ്രിട്ടന്റെ പങ്കാളിത്തം പ്രധാനമന്ത്രി തെരേസ മേയ് സ്ഥിരീകരിച്ചിട്ടുണ്ട്. ബദല്‍ മാര്‍ഗങ്ങള്‍ തേടിയിരുന്നെങ്കിലും നിലവിലെ സാഹചര്യത്തില്‍ ആക്രമണമല്ലാതെ മറ്റൊരു വഴിയുമില്ലായിരുന്നെന്ന് മേയ് പറഞ്ഞു. സിറിയയിലെ ഭരണമാറ്റം ലക്ഷ്യംവച്ചോ ആഭ്യന്തരയുദ്ധത്തില്‍ ഇടപെടാനോ അല്ല ആക്രമണം നടത്തിയതെന്നും രാസായുധപ്രയോഗം തടയാന്‍ വേണ്ടിയുള്ള മുന്നറിയിപ്പാണിതെന്നും അവര്‍ അവകാശപ്പെട്ടു.
സമാനമായാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റേയും പ്രതികരണം. രാസായുധങ്ങളുടെ ഉപയോഗത്തിനും വ്യാപനത്തിനുമെതിരേ ശക്തമായ പ്രതിരോധമുയര്‍ത്താനാണ് ആക്രമണമെന്നു മാക്രോണ്‍ പറഞ്ഞു. ഭാവിയില്‍ കൂടുതല്‍ രാസായുധപ്രയോഗങ്ങള്‍ ഉണ്ടാവാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടിയാണിതെന്നും ഫ്രാന്‍സ് അഭിപ്രായപ്പെട്ടു.
പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഭീകരതയ്‌ക്കെതിരായ തങ്ങളുടെ പോരാട്ടം ശക്തമാക്കുമെന്നു സിറിയന്‍ ഏകാധിപതി ബശ്ശാറുല്‍ അസദ് പ്രതികരിച്ചു. സിറിയന്‍ രാസായുധ പദ്ധതിയുടെ ഹൃദയത്തെയാണ് ആക്രമിച്ചതെന്നു യുഎസ് പ്രതിരോധ ഏജന്‍സിയായ പെന്റഗണ്‍ അഭിപ്രായപ്പെട്ടു. സിറിയയിലെ രാസായുധ ആക്രമണത്തിനെതിരായ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയതായി ട്രംപ് ട്വീറ്റ് ചെയ്തു. നാറ്റോ സൈനികസഖ്യം ആക്രമണത്തെ സ്വാഗതം ചെയ്തു.
Next Story

RELATED STORIES

Share it