സിറിയ: ഫെഡറല്‍ മേഖല പ്രഖ്യാപിക്കുമെന്ന് കുര്‍ദുകള്‍

ദമസ്‌കസ്: വടക്കന്‍ സിറിയയിലെ കുര്‍ദ് നിയന്ത്രിത പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ഫെഡറല്‍ മേഖലയായി പ്രഖ്യാപിക്കാനൊരുങ്ങുന്നു. മേഖലയില്‍ നിര്‍ണായക സ്വാധീനമുള്ള സിറിയന്‍ കുര്‍ദിഷ് ഡെമോക്രാറ്റിക് യൂനിയന്‍ പാര്‍ട്ടി (പിവൈഡി)യുടെ കീഴിലാണ് ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.
രാജ്യത്തുടനീളം ഈ മാതൃക നടപ്പില്‍വരുത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പാര്‍ട്ടി വക്താവ് നവാഫ് ഖലീല്‍ വ്യക്തമാക്കി. കുര്‍ദ് മേഖലയ്ക്കു വേണ്ടി മാത്രമല്ല, തന്റെ പാര്‍ട്ടി സമ്മര്‍ദ്ധം ചെലുത്തുന്നതെന്നും തുര്‍ക്കികള്‍, അറബികള്‍, കുര്‍ദുകള്‍ എന്നിവര്‍ക്കു കൂടി പ്രാതിനിധ്യം ലഭിക്കുന്ന സംവിധാനമാണ് ലക്ഷ്യമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വടക്കന്‍ സിറിയയിലെ ഹസാക്കയില്‍ നടക്കുന്ന കുര്‍ദ് സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ച് ഫെഡറല്‍ പ്രഖ്യാപനമുണ്ടാവുമെന്നാണ് കരുതുന്നത്.
സിറിയന്‍ സര്‍ക്കാരും സൗദി പിന്തുണയുള്ള വിമതരും യുഎന്‍ മധ്യസ്ഥതയില്‍ ജനീവയില്‍ ചര്‍ച്ച നടത്തുന്നതിനിടെയാണ് കുര്‍ദുകളുടെ പുതിയ നീക്കം. സിറിയയിലെ പ്രമുഖ വംശീയ ന്യൂനപക്ഷമായ കുര്‍ദുകള്‍ രാജ്യത്തെ ജനസംഖ്യയുടെ 10 ശതമാനത്തോളം വരും. അതേസമയം, കുര്‍ദ് നീക്കം തുര്‍ക്കിക്ക് വന്‍ ഭീഷണി ഉയര്‍ത്തും.
സിറിയന്‍ കുര്‍ദുകള്‍ ഫെഡറല്‍ സംവിധാനത്തിനു കീഴില്‍വരുന്നതോടെ രാജ്യത്തെ ന്യൂനപക്ഷമായ കുര്‍ദുകള്‍ക്കിടയിലെ വിഘടനവാദത്തിന് ആക്കംകൂട്ടുമെന്നാണ് തുര്‍ക്കി ഭയക്കുന്നത്. തുര്‍ക്കി സമ്മര്‍ദ്ധത്തെതുടര്‍ന്ന് ജനീവയില്‍നടക്കുന്ന സമാധാന ചര്‍ച്ചയില്‍ പിവൈഡിയെ പങ്കെടുപ്പിക്കുന്നില്ല.
Next Story

RELATED STORIES

Share it