സിറിയ: പോരാട്ടം തുടരുമെന്ന് വിമതര്‍

ദമസ്‌കസ്: സിറിയന്‍ ഏകാധിപതി ബശ്ശാറുല്‍ അസദിനെ പ്രസിഡന്റ് പദവിയില്‍നിന്നു നീക്കുന്നതുവരെ പോരാട്ടം തുടരുമെന്ന് സിറിയന്‍ വിമതര്‍.
സര്‍ക്കാരിനെ പിന്തുണച്ച് റഷ്യ നടത്തുന്ന ബോംബാക്രമണം അവസാനിപ്പിക്കുമെന്നു കരുതുന്നില്ലെന്നും ബിബിസിയോട് അവര്‍ വ്യക്തമാക്കി. മേഖലയില്‍ സമാധാനം പുനസ്ഥാപിക്കുന്നതിന് ജര്‍മനിയില്‍ മ്യൂണിക്കില്‍ ചേര്‍ന്ന സമാധാന യോഗം കൈക്കൊണ്ട വെടിനിര്‍ത്തല്‍ ധാരണയിലും വിമതര്‍ സന്ദേഹം പ്രകടിപ്പിച്ചു.
അസദിനെ അധികാരത്തില്‍നിന്നു നീക്കുന്നതുവരെ പോരാട്ടം തുടരുമെന്നു വിമതര്‍ പ്രഖ്യാപിച്ചതോടെ ഒരാഴ്ചയ്ക്കകം മേഖലയില്‍ വെടിനിര്‍ത്തല്‍ കൊണ്ടുവരാമെന്ന ലോകരാഷ്ട്രങ്ങളുടെ പ്രഖ്യാപനം ജലരേഖയാവുമെന്ന് ഉറപ്പായി. വിമതരില്‍നിന്നു രാജ്യം മുഴുവന്‍ തിരിച്ചുപിടിക്കുമെന്നു കഴിഞ്ഞ ദിവസം അസദ് വ്യക്തമാക്കിയിരുന്നു. ഫ്രീ സിറിയന്‍ ആര്‍മി, അഹ്‌റാന്‍ അല്‍ ശാം ഗ്രൂപ്പ്, ഫൈലാഖ് അല്‍ ശാം തുടങ്ങിയ വിമത സംഘങ്ങളാണ് ആയുധം താഴെവയ്ക്കാന്‍ ഒരുക്കമല്ലെന്ന് ആവര്‍ത്തിച്ചത്.
റഷ്യന്‍ ഇടപെടലില്‍ തങ്ങള്‍ക്കിപ്പോഴും സന്ദേഹമുണ്ടെന്നു ഫ്രീ സിറിയന്‍ ആര്‍മി വക്താവ് വ്യക്തമാക്കി. അസദ് സൈന്യം ആക്രമണം അവസാനിപ്പിക്കുന്നതു വരെ പോരാട്ടം തുടരുമെന്നു യാഥാസ്ഥിതിക അഹ്‌റാന്‍ അല്‍ ശാം സംഘം വ്യക്തമാക്കി. സിവിലിയന്‍മാര്‍ക്ക് അതിര്‍ത്തി കടക്കാന്‍ സൗകര്യമൊരുക്കുക, തടവുകാരെ മോചിപ്പിക്കുക, ഉപരോധം നീക്കുക തുടങ്ങിയ ആവശ്യങ്ങളും സംഘം മുന്നോട്ടുവച്ചു. വടക്കന്‍ മേഖലയിലെ ഏഴോളം സംഘങ്ങളുടെ കൂട്ടായ്മയായ ഫൈലാഖ് അല്‍ ശാം പ്രസിഡന്റിനെ സ്ഥാനത്തുനിന്നു നീക്കുന്നതുവരെ ആയുധങ്ങള്‍ താഴെവയ്ക്കില്ലെന്നു വ്യക്തമാക്കി. പ്രധാന പതിപക്ഷ കക്ഷികളുടെ കോ-ഓഡിനേറ്റര്‍ റിയാദ് ഹിജാബും ധാരണ യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്തതാണെന്നു വ്യക്തമാക്കിയിരുന്നു.
അതേസമയം, സംഘര്‍ഷമേഖലയില്‍ കുടുങ്ങിക്കിടക്കുന്ന സാധാരണക്കാര്‍ക്ക് സഹായം എത്തിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇതുസംബന്ധിച്ച് ലോകരാഷ്ട്രങ്ങള്‍ കഴിഞ്ഞദിവസം ധാരണയിലെത്തിയിരുന്നു. അതിനിടെ, റഷ്യ സിറിയയിലെ വ്യോമാക്രമണം അവസാനിപ്പിക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഹൊളാന്‍ദ് ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it