സിറിയ: ചര്‍ച്ചയ്ക്കു തയ്യാറെന്ന് പ്രതിപക്ഷ കക്ഷികള്‍

ദമസ്‌കസ്: പ്രസിഡന്റ് ബശ്ശാറുല്‍ അസദ് സ്ഥാനമൊഴിയുകയാണെങ്കില്‍ യുഎന്നിന്റെ നേതൃത്വത്തില്‍ സര്‍ക്കാരുമായി നടത്തുന്ന ചര്‍ച്ചയുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് സിറിയന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍. ബശ്ശാറുല്‍ അസദോ അദ്ദേഹത്തിന്റെ അനുയായികളൊ ഇല്ലാത്ത ഒരു ഭരണവ്യവസ്ഥ രൂപീകരിക്കലായിരിക്കണം ചര്‍ച്ചയുടെ ലക്ഷ്യമെന്നും രണ്ടു ദിവസമായി റിയാദില്‍ നടക്കുന്ന ചര്‍ച്ചയ്ക്കുശേഷം പ്രതിപക്ഷകക്ഷികള്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. സിറിയയിലെ പ്രതിപക്ഷ കക്ഷികളും സായുധസംഘങ്ങളില്‍ നിന്നുള്ള 100ലധികം പ്രതിനിധികളുമാണ് സൗദി ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ റിയാദില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തത്.

സിറിയയില്‍ ഭരണകൂടത്തിനെതിരേ ഒന്നിച്ചു പോരാടാനും വിമതര്‍ തമ്മില്‍ ധാരണയായി. ഇതിനായി ദേശീയസഖ്യ ബ്ലോക്കില്‍ നിന്ന് ആറുപേരും വിമത സായുധവിഭാഗങ്ങളില്‍ നിന്നുള്ള ആറു പേരും എന്‍സിബിയുടെ അഞ്ചു പ്രതിനിധികളും എട്ടു സ്വതന്ത്രരും അടങ്ങിയ 25 അംഗ കമ്മിറ്റി രൂപീകരിച്ചതായും ദേശീയസഖ്യ പ്രതിനിധി മുന്‍സീര്‍ അക്ബിക് അറിയിച്ചു. ഈ നേതാക്കളായിരിക്കും രാഷ്ട്രീയ ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍ തീരുമാനിക്കുക. യുഎന്‍ നേതൃത്വത്തില്‍ വിയന്നയില്‍ നടക്കുന്ന ചര്‍ച്ചയ്ക്കു മുമ്പ് അസദ് രാജിവയ്ക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. എന്നാല്‍ സിറിയയിലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ അഹ്‌റാര്‍ അല്‍ ഷാം യോഗത്തില്‍ നിന്നിറങ്ങിപ്പോയതായും റിപോര്‍ട്ടുണ്ട്. റിയാദില്‍ നടന്ന ചര്‍ച്ച യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി സ്വാഗതം ചെയ്തു. എന്നാല്‍, തങ്ങള്‍ക്ക് കുറച്ചു കടമ്പകള്‍ കൂടി പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും അദ്ദേഹം പാരിസില്‍ പറഞ്ഞു.അതേസമയം, സിറിയയില്‍ തങ്ങളുടെ സൈനിക നീക്കത്തിനെതിരായ എല്ലാ നീക്കങ്ങള്‍ക്കുമെതിരേ ശക്തമായ നടപടിയെടുക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്‍ നിര്‍ദേശം നല്‍കി. അത്തരം നീക്കങ്ങളെ എത്രയും പെട്ടെന്ന് ഇല്ലാതാക്കണമെന്നും പുടിന്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it