സിറിയ: ചര്‍ച്ചയ്ക്കിടയിലും സംഘര്‍ഷം രൂക്ഷം

ദമസ്‌കസ്/വിയന്ന: സിറിയയിലെ ആഭ്യന്തര യുദ്ധം പരിഹരിക്കുന്നതിനായി ലോക നേതാക്കളുടെ ചര്‍ച്ചനടക്കുന്നതിനിടയിലും രാജ്യത്ത് സംഘര്‍ഷാവസ്ഥ തുടരുന്നു.
യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി, റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോ എന്നിവരുടെ നേതൃത്വത്തില്‍ ഓസ്ട്രിയന്‍ തലസ്ഥാനം വിയന്നയില്‍ നടന്ന ചര്‍ച്ചയില്‍ അന്താരാഷ്ട്ര സിറിയന്‍ പിന്തുണാ സമിതിയിലെ 17 അംഗരാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു. സംഘര്‍ഷം അവസാനിപ്പിക്കുന്നതിനും ഒറ്റപ്പെട്ട മേഖലകളില്‍ സഹായം എത്തിക്കുന്നതിനും പിന്തുണ നല്‍കുമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത നയതന്ത്ര പ്രതിനിധികള്‍ വ്യക്തമാക്കി.
ഇടക്കാല സര്‍ക്കാരിനെ തിരഞ്ഞെടുത്ത് വിഭജനങ്ങളില്ലാത്ത ഐക്യ സിറിയ രൂപപ്പെടുത്തുന്നതിനുള്ള കരട് നിര്‍ദേശത്തില്‍ ചര്‍ച്ചയില്‍ സമവായം രൂപപ്പെട്ടതായി ജോണ്‍ കെറി പ്രസ്താവനയില്‍ അറിയിച്ചു. ഈ സാധ്യതകളെ ഒരു കരാറിലൂടെ യാഥാര്‍ഥ്യമാക്കി മാറ്റുക എന്ന വെല്ലുവിളിയാണ് ഇപ്പോള്‍ തങ്ങള്‍ക്കു മുന്നിലുള്ളതെന്നും കെറി പറഞ്ഞു.
അതേസമയം തലസ്ഥാനമായ ദമസ്‌കസിന്റെ കിഴക്കുള്ള മേഖലകളില്‍ സര്‍ക്കാര്‍ വിമതര്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഇന്നലെ 50 പേര്‍ കൊല്ലപ്പെട്ടതായി സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് അറിയിച്ചു. പ്രതിപക്ഷ ഉന്നത ചര്‍ച്ചാസമിതിയുടെ ഭാഗമായ ജയ്‌ശെ അല്‍ ഇസ്‌ലാമും വിമത സംഘടനയായ ഫൈലാഖ് അല്‍ റഹ്മാനും തമ്മിലായിരുന്നു സംഘര്‍ഷമെന്ന് ഒബ്‌സര്‍വേറ്ററി അറിയിച്ചു. ഇതോടെ ഏപ്രില്‍ അവസാന വാരം മുതല്‍ സിറിയയില്‍ തുടരുന്ന സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 500 ആയി.
Next Story

RELATED STORIES

Share it