World

സിറിയ: ഇസ്രായേല്‍ അതിര്‍ത്തിയിലെ വിമത കേന്ദ്രത്തില്‍ സൈന്യം മുന്നേറുന്നു

ദമസ്‌കസ്: നാലു വര്‍ഷം മുമ്പ് വിമതര്‍ കൈവശപ്പെടുത്തിയ തെക്കന്‍ സിറിയയിലെ ദര്‍ആ പ്രവിശ്യയില്‍ സര്‍ക്കാര്‍ സൈന്യം മുന്നേറ്റം തുടരുന്നു. ഇസ്രായേല്‍ അതിര്‍ത്തിയിലെ തന്ത്രപ്രധാനമായ അല്‍ ഹാറ മല സൈന്യം പിടിച്ചെടുത്തു. ഇസ്രായേല്‍ അധീനപ്പെടുത്തിയ ഗോലാന്‍ കുന്നുകള്‍ക്ക് സമാന്തരമായി നില്‍ക്കുന്ന പ്രദേശമാണിത്. ഇസ്രായേലുമായി അതിര്‍ത്തി പങ്കിടുന്ന ഖുനൈത്തിറ പ്രവിശ്യയിലെ മറ്റ് പ്രദേശങ്ങളിലും സൈന്യം മുന്നേറ്റം തുടരുകയാണ്.
ദര്‍ആ പ്രവിശ്യയുടെ ഏറ്റവും ഉയരമുള്ള പ്രദേശമായ അല്‍ഹാറ കുന്ന് 2014 ഒക്ടോബറിലാണ് വിമതരുടെ കൈവശമെത്തുന്നത്. ഇവിടെ കഴിഞ്ഞ രണ്ടുദിവസമായി റഷ്യന്‍, സിറിയന്‍ സംയുക്ത സൈന്യം ശക്തമായ ബോംബാക്രമണം നടത്തുകയായിരുന്നു. ഇസ്രായേലും സിറിയയും തമ്മില്‍ പതിറ്റാണ്ടുകളായി വെടിനിര്‍ത്തല്‍ തുടരുന്ന പ്രദേശമാണ് ഗോലാന്‍ കുന്നുകള്‍. ഇവിടെ ഇറാന്‍ ഹിസ്ബുല്ല സൈന്യത്തിന്റെ സാന്നിധ്യം ഇസ്രായേല്‍ ഭയക്കുന്നുണ്ട്.
ഇത് തങ്ങളുടെ രാഷ്ട്ര സുരക്ഷയെ അപകടപ്പെടുത്തുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നേരത്തേ മുന്നറിയിപ്പു നല്‍കിയിരുന്നു. ഗോലാന്‍ കുന്നിന്റെ പരിസരങ്ങളില്‍ സിറിയ സൈന്യത്തെ വിന്യസിച്ചാല്‍ തിരിച്ചടിയുണ്ടാവുമെന്നും ഇസ്രായേല്‍ സൈന്യം ഭീഷണി മുഴക്കിയിട്ടുണ്ട്. അതി ര്‍ത്തിയില്‍ വിമത വിഭാഗത്തെ അനുകൂലിക്കുന്ന ആയിരക്കണക്കിനു സ്ത്രീകളും കുട്ടികളുമുണ്ട്. ഇവര്‍ സുരക്ഷാ വേലിയുടെ 200 മീറ്റര്‍ അകലെ മാത്രമാണുള്ളത്. ഇവരോട് ഒഴിഞ്ഞുപോകാന്‍ ഇസ്രായേല്‍ സൈന്യം ആവശ്യപ്പെട്ടു.സിറിയന്‍ സൈന്യത്തിന് സഹായം നല്‍കാന്‍ ഇറാന്റെയും ഹിസ്ബുല്ലയുടെയും സൈന്യം സിറിയയിലുണ്ട്.
കഴിഞ്ഞദിവസം യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനും നടത്തിയ കൂടിക്കാഴ്ചയിലും സിറിയന്‍ അതിര്‍ത്തിപ്രശ്‌നം ചര്‍ച്ചയായിരുന്നു. ഇസ്രായേലിന്റെ സുരക്ഷയില്‍ ആശങ്ക വേണ്ടെന്ന് പുടിന്‍ ട്രംപിന് ഉറപ്പുകൊടുത്തിട്ടുണ്ട്.
Next Story

RELATED STORIES

Share it